മാവേലിക്കര: എട്ടുമാസത്തെ ദുരിതജീവിതത്തില്‍ നിന്നും മോചിതയായി ജയശ്രീ നാട്ടിലെത്തി. കുവൈറ്റില്‍ ജഹ്റ എന്ന സ്ഥലത്ത് മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ചെറുകോല്‍ ജയശ്രീ ഭവനത്തില്‍ ജയശ്രീ (28) ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെത്തിയത്. രാവിലെ നെടുമ്പാശേരിയിലെത്തിയ ജയശ്രീയെ അച്ഛന് ജനാര്‍ദ്ദനനും സഹോദരീ ഭര്‍ത്താവ് വിജേഷും ബന്ധുക്കളും ചേര്‍ന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
മോചനദ്രവ്യം വാങ്ങാനായെത്തിയ കോഴിക്കോട് ബേപ്പൂര്‍ കിണറുകര കുളത്തുമക്കര വീട്ടില്‍ അറാഫത്തി(25)നെ മാന്നാര്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം നാട്ടുകാര്‍ പിടികൂടിയതിനെ തുടര്‍ന്നാണ് ജയശ്രീയുടെ മോചനം സാധ്യമായത്. എട്ടുമാസം മുന്‍പാണ് പ്ലസ്ടു, ടിടിസി, കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പാസായ ജയശ്രീ തിരുവല്ല തോട്ടഭാഗം ഞാലികണ്ടം സ്വദേശിയായ മുരളിയെന്ന ഇടനിലക്കാരന് മുഖേന കുവൈറ്റിലെത്തിയത്. പാലസിലെ കുട്ടികളെ പരിചരിക്കാനുള്ള ജോലിയെന്നാണ് അറിയിച്ചിരുന്നത്.
എയര്‍പോര്‍ട്ടില്‍ നിന്നും നവാസ് എന്ന ഏജന്റ് ജയശ്രീയെ കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ വീട്ടുജോലിയായിരുന്നു ലഭിച്ചത്. രാവിലെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് 12വരെയും ചിലദിവസങ്ങളില്‍ രണ്ടുമണിവരെയും ജോലി നീളും. ഈസമയം ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നും പലപ്പോഴും വീട്ടുകാര്‍ കളയുന്ന ഭക്ഷണം എടുത്ത് കഴിക്കേണ്ടിവന്നിട്ടുണ്ടെന്നും ജയശ്രീ പറഞ്ഞു. കഠിനമായ ജോലിയെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങണമെന്ന് ഏജന്റിനോട് ആവശ്യപ്പെട്ടപ്പോള്‍ പകരം മറ്റു വീടുകളിലേക്ക് ജോലിക്കായി മാറ്റുകയാണ് ചെയ്തത്. ഇതിനിടെ ഒരു വീട്ടിലെ അറബി അറിയാതെ കോഴിക്കോട് സ്വദേശി ബഷീറും ഇയാളുടെ ഭാര്യ ശ്രീലങ്കന്‍ സ്വദേശി ഫാത്തിമയും ചേര്‍ന്ന് നടത്തുന്ന ഏജന്‍സിയിലേക്ക് ജയശ്രീയെ വിറ്റു. ഇവിടെ നിന്ന് മറ്റൊരു വീട്ടിലേക്ക് ജോലിക്കായി അയച്ചു. അവിടെയും കഠിനമായ ജോലിയായിരുന്നു ലഭിച്ചത്.
വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് ജോലി ചെയ്യാതിരുന്നപ്പോള്‍ അറബി ജയശ്രീയെ ഏജന്‍സിയില്‍ തിരികെ ഏല്‍പ്പിച്ചു. ഇതേതുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ ഒന്നരലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ഫാത്തിമ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫ്ലാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് ഭക്ഷണം പോലും ലഭിച്ചിരുന്നത്. അതും അഞ്ചു ദിവസത്തോളം പഴക്കമുള്ള ഭക്ഷണം. മോചനദ്രവ്യം ആവശ്യപ്പെട്ട് അച്ഛനെ വിളിക്കുവാന്‍ മാത്രമായിരുന്നു അവര്‍ ഫോണ്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. 16 ദിവസം തടവറയില്‍ കഴിഞ്ഞു. ഇതിനിടയിലാണ് മോചനദ്രവ്യം വാങ്ങാനെത്തിയ അറാഫത്തിനെ പോലീസ് പിടികൂടിയത് മാധ്യമങ്ങളില്‍ കൂടി അറിയുന്നത്. പിന്നീട് ഇയാളെ മോചിപ്പിക്കണമെന്നും അച്ഛന് നല്കിയ പരാതി പിന്വലിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ഇതിനായി ഫാത്തിമ തന്നെ ഭീഷണിപ്പെടുത്തി മാന്നാര്‍ സി.ഐ ബിനുകുമാറിനെ ഫോണ്‍ വിളിപ്പിച്ചെന്നും ജയശ്രീ പറഞ്ഞു.
എന്നാല്‍ പോലീസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് എംബസിയില്‍ എത്തിച്ചത്. ഇതിനു മുന്‍പായി മര്‍ദ്ദിച്ചിട്ടില്ലെന്നും നല്ല ഭക്ഷണം തന്നിരുന്നെന്നും പറയിപ്പിച്ച് അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും എഴുതി വാങ്ങുകയും ചെയ്തു. എംബസിയിലെ ഷെല്ട്ടറിലെത്തിയശേഷമാണ് മാസങ്ങള്‍ക്കുശേഷം നല്ല ആഹാരം കഴിച്ചത്. എംബസിയിലെ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശ പ്രകാരം പരാതിയില്ലെന്ന് ഫാത്തിമയ്ക്ക് എഴുതി നല്‍കിയതിനുശേഷമാണ് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയതെന്നും കല, മലയാളി അസോസിയേഷന്, മീഡിയവിഷന്‍ എന്നിവരുടെ പരിശ്രമത്തെ തുടര്‍ന്നാണ് തന്റെ മോചനം വേഗത്തിലായതെന്നും ജയശ്രീ പറഞ്ഞു. കുവൈറ്റിലെ തന്റെ ദുരിത കഥകള്‍ പറയുമ്പോള്‍ പലപ്പോഴും ജയശ്രീ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
പി.എന്‍.സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: