തിരുവനന്തപുരം: സംസ്ഥാനത്ത് ഫോറന്‍സിക് പരിശോധനാഫലത്തിനായി കെട്ടിക്കിടക്കുന്നത് 3874 കേസുകള്‍. പോലീസ്, വിജിലന്‍സ്, എക്സൈസ് എന്നീ വകുപ്പുകളില്‍നിന്നും സിബിഐയില്നിന്നും അയച്ച കേസുകളാണിവ. അഞ്ച് വര്‍ഷംവരെ പഴക്കമുള്ള കേസുകള്‍ പരിശോധനാഫലം കാത്ത് ചുവപ്പ് നാടയ്ക്കുള്ളില്‍ കുരുങ്ങിക്കിടക്കുന്നുണ്ട്. ജീവനക്കാരില്ലാത്തതാണ് കേസുകള്‍ പരിശോധിക്കുന്നതിന് കാലതാമസം നേരിടാന്‍ കാരണമെന്ന് ഫോറന്‍സിക് ഡയറക്ടര്‍ ഡോ.കെ.പി.ജയകുമാര്‍ പറഞ്ഞു. വര്‍ഷങ്ങളായി പുതിയ നിയമനങ്ങള്‍ നടക്കുന്നില്ല. ലാബില്‍ 19 ഒഴിവുകള്‍ നിലവിലുണ്ട്. ഇതില്‍ 10 എണ്ണം മൂന്ന് വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തതാണ്. പിഎസ്സിയില് റിപ്പോര്‍ട്ട് ചെയ്തെങ്കിലും നിയമനത്തിനായുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജീവനക്കാരുടെ അപര്യാപ്തതയാണ് പ്രധാന കാരണം. പുതിയ നിയമനങ്ങള്‍ നടന്നാലും ഒരു വര്‍ഷത്തെ ട്രയിനിംഗിന് ശേഷം മാത്രമേ ജീവനക്കാരെ ലാബില്‍ നിയമിക്കുകയൊള്ളു. ദിവസേന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരിശോധനയ്ക്കായി കൂടുതല്‍ ഉപകരണങ്ങളുടെ ആവശ്യവുമുണ്ട്. ജീവനക്കാരുടെ ഒഴിവ് നികത്താതെ പരിശോധന വേഗത്തില്‍ നടക്കില്ലെന്നും ഡയറക്ടര്‍ പറഞ്ഞു.
ഫോറന്‍സിക് ലാബിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഫോറന്‍സിക് പരിശോധന കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് ലാബുകളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധനയ്ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ വാങ്ങി നല്കി. തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്സ് ലാബിലുള്ള ആധുനിക ഡിഎന്‍എ ലാബിന്റെയും സൈബര്ലാബിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കേസുകള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിനായുള്ള സൈബര്‍, ഡിഎന്‍എ, പോളീഗ്രാഫ് തുടങ്ങിയ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പുതുതായി സജ്ജീകരിച്ചിരുന്നു. എന്നാല്‍ കോടികള്‍മുടക്കി ഉപകരണങ്ങള്‍ വാങ്ങിയിട്ടും ജീവനക്കാരില്ലാത്തതിനാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: