കൊല്ലം: പ്രത്യേക സാമ്പത്തിക മേഖലകളിലും ബഹുരാഷ്ട്ര കുത്തക കമ്പനികളിലും ചുമട്ട് തൊഴിലാളികളുടെ തൊഴിലവകാശം സംരക്ഷിക്കാന്‍ ബിഎംഎസ് പ്രതിജ്ഞാബദ്ധമാണെന്ന് ബിഎംഎസ് ദേശീയ സെക്രട്ടറി എസ്. ദുരൈ രാജ് പറഞ്ഞു. കൊല്ലത്ത് നടന്ന കേരളാ പ്രദേശ് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ചിന്നക്കടയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കാര്‍ന്നുതിന്നുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും ഇതിനുവേണ്ടി തൊഴിലാളി സംഘടനകളുടെ ഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ദുരൈ രാജ് പറഞ്ഞു.
രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാന്‍ പര്യാപ്തമല്ല. ഈ നിയമങ്ങള്‍ ശരിയായി നടപ്പിലാക്കുന്നില്ല. പൊതുമേഖലയില്‍ പോലും ഇവ ലംഘിക്കപ്പെടുന്നു. പ്രത്യേക സാമ്പത്തിക മേഖലകളിലും ബഹുരാഷ്ട്ര കുത്തക കമ്പനികളിലും നിയമം തീരെ ബാധകമല്ലെന്നുള്ള നിലയാണുള്ളത്. തൊഴിലാളികള്‍ക്ക് നേരെയുള്ള ഈ അനീതി അപലപനീയമാണ്. കള്ളപ്പണത്തിന്റെ ആധിക്യം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ വ്യാപകമാണ്. അഴിമതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി തൊട്ട് താഴെത്തലം വരെയുള്ളവര്‍ കുറ്റക്കാരായിക്കൊണ്ടിരിക്കുന്നു. ഒരു വന്‍ അഴിമതിയെ സംബന്ധിച്ചുള്ള ചര്‍ച്ച കഴിയും മുന്‍പ് തന്നെ അടുത്ത വലിയ അഴിമതി പുറത്തുവന്ന് നേരത്തെ ഉണ്ടായതിന്റെ വലിപ്പം കുറയ്ക്കുന്നു. ടുജി സ്പെക്ട്രവും കല്‍ക്കരി അഴിമതിയും ചൂണ്ടിക്കാണിക്കുന്നത് അതാണ്. നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങള്ക്കു വേണ്ടി തീവ്രവാദത്തെ പോലും പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഏറിവരുന്നു. ഇത്തരം പ്രവണതകളെ ഇല്ലാതാക്കുന്നതിന് തൊഴിലാളി സംഘടനകളുടെ ഐക്യം കൊണ്ടുമാത്രമേ സാധ്യമാവുകയുള്ളു എന്നും അതിന് കക്ഷിരാഷ്ട്രീയം തടസമാകരുതെന്നും എസ്. ദുരൈ രാജ് പറഞ്ഞു.
ഫെഡറേഷന് പ്രസിഡന്റ് ബി. ശിവജി സുദര്ശനന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി. ഭാര്ഗവന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി. ശശിധരന്, ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി ടി. രാജേന്ദ്രന്‍പിള്ള, പി. ജയപ്രകാശ്, സ്വാഗതസംഘം ചെയര്മാന് ആര്. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി പി.എന്‍. ഹരികൃഷ്ണകുമാര്‍, എം.കെ. മോഹന്‍ദാസ്, സ്വാഗതസംഘം രക്ഷാധികാരി രാജന് കരൂര്‍, ഭാരവാഹികളായ സുബ്രഹ്മണ്യന്, വിജയന്, പി. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ആശ്രാമം മൈതാനിയില്‍ നിന്നും പതിനായിരക്കണത്തിന് ചുമട്ട് തൊഴിലാളികള്‍ കൊല്ലം നഗരത്തെ കാവിക്കടലാക്കിയുള്ള പ്രകടനവും നടത്തി.
ഇന്ന് രാവിലെ ഒമ്പതിന് ചിന്നക്കട സിഎസ്ഐ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. പി.കെ. ഗുരുദാസന് എംഎല്‍എ (സിഐടിയു), ആര്. ചന്ദ്രശേഖരന് (ഐഎന്‍ടിയുസി), അഡ്വ. ബലദേവ് (ചുമട്ട്തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്മാന്), കെ.എസ്. ഇന്ദുശേഖരന്‍നായര്‍ (എഐടിയുസി), പി. പ്രകാശ്ബാബു (യുടിയുസി), എസ്. ദേവരാജന്‍ (വ്യാപാരി വ്യവസായി ഏകോപനസമിതി), ജി.കെ. അജിത്ത് (ബിഎംഎസ്) എന്നിവര്‍ സംസാരിക്കും. 642 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: