ആലപ്പുഴ: സോഷ്യലിസ്റ്റ് ജനത വിമത നേതാവും മുന്‍ വടകര എംഎല്‍എയുമായ എം.കെ.പ്രേംനാഥിനെ വടകരയില്‍ സിപിഎം സ്വതന്ത്രനായി ലോകസഭയിലേക്ക് മത്സരിപ്പിക്കാന്‍ നീക്കം. ജനതാദള്‍ സംസ്ഥാന നേതൃത്വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും ഉടനെ ജനതാദളില്‍ ചേരാന്‍ പ്രേംനാഥ് താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.
സിപിഎമ്മിന്റെ ഭാഗത്ത് നിന്നുള്ള ലോകസഭാ സീറ്റ് വാഗ്ദാനമാണ് പ്രേംനാഥിനെയും കൂട്ടരെയും ജനതാദളില്‍ ചേരുന്നതില്‍ നിന്നും പിന്നോട്ടടിപ്പിച്ചതെന്നറിയുന്നു. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രേംനാഥിനെ വടകരയില്‍ പരാജയപ്പെടുത്തിയ സി.കെ.നാണുവിന്റെ എതിര്‍പ്പും ജനതാദളിലേക്കുള്ള പ്രേംനാഥിന്റെ മടക്കത്തിന് തടസമാണ്.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു സീറ്റ് വേണമെന്ന് ജനതാദളിന് താല്പര്യമുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോകസഭാ സീറ്റ് അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാറിന് സിപിഎം നിഷേധിച്ചതിനെ തുടര്‍ന്നാണ് ജനതാദള്‍ ഭിന്നിക്കാനിടയായത്. കോഴിക്കോട് സീറ്റിന് പകരമായി ഒരു രാജ്യസഭാ സീറ്റ് സിപിഎം ജനതാദളിന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് അത് പാലിക്കപ്പെട്ടില്ല. ആ സാഹചര്യത്തില്‍ ഒരു ലോകസഭാ സീറ്റിനുള്ള ശ്രമം തുടരാനാണ് ജനതാദള്‍ നീക്കം.
ഇതുകൂടി മുന്നില്‍ക്കണ്ടാണ് സിപിഎം പ്രേംനാഥിന് വടകര സീറ്റ് നല്കാന് ചര്‍ച്ച തുടങ്ങിയത്. വടകര മണ്ഡലത്തില്‍ ഗണ്യസ്വാധീനമുള്ള സോഷ്യലിസ്റ്റ് വോട്ടുകള്‍ പ്രേംനാഥിന് സമാഹരിക്കാനാവുമെന്നും സിപിഎം കരുതുന്നു. മാത്രമല്ല, ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന പാര്‍ട്ടിക്ക് വടകരയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി പോരാട്ടത്തിനിറങ്ങുന്നത് പ്രയാസകരമാകുമെന്ന തിരിച്ചറിവും സിപിഎമ്മിനുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രനെ നേരിടാന്‍ സിപിഎമ്മുകാരനേക്കാള് മെച്ചം പഴയ ഒരു ജനതാദളുകാരനായ മുന്‍ എംഎല്‍എയെ അങ്കത്തിനിറക്കുന്നതാണെന്ന് സിപിഎം നേതാക്കള്‍ കരുതുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ സോഷ്യലിസ്റ്റ് ജനതയിലെ വിമതരുടെ കൂട്ടായ്മ സംഘടിപ്പിച്ച് വിമത പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് പ്രേംനാഥ് അനുകൂലികളുടെ തീരുമാനമെന്നും അറിയുന്നു. ഈ സാഹചര്യത്തില്‍ എം.കെ.പ്രേംനാഥിന്റെ നിലപാടുകള്‍ സോഷ്യലിസ്റ്റ് ജനതയ്ക്കും ജനതാദളിനും ഒരേപോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: