കൊല്‍ക്കത്ത: ഗൗതം ഗംഭീറിന് മേല്‍ ഉണ്ടായിരിക്കുന്ന സമ്മര്‍ദ്ദം കുറയാന്‍ അല്‍പ്പം സമയമെടുക്കുമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ മന്‍വീന്ദര്‍ ബിസ്ല. ഇതിനായി ടീമിലെ മോശം ഫോമില്‍ തുടരുന്ന മറ്റു ബാറ്റ്സ്മാന്മാര്‍ താളം വീണ്ടെടുക്കുകയാണ് വേണ്ടത്. ബാറ്റിംഗ് ടീമായിട്ടും തങ്ങള്‍ ഗംഭീറിന് മുകളില്‍ വല്ലാത്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഗംഭീര്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ടീമിലെ മറ്റ്ബാറ്റ്സ്മാന്മാര്‍ക്ക് സ്ഥിരതയാര്‍ന്ന മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ സാധിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച ശേഷം ബിസ്ല പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇനി ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും ദല്‍ഹി ഡെയര്‍ ഡെവിള്‍സിനോടുമാണ് കളിക്കാനുള്ളത്. മത്സരങ്ങള്‍ പുരോഗമിക്കുന്തോറും ബാറ്റ്സ്മാന്മാര്‍ ഫോം വീണ്ടെടുക്കുകയാണെങ്കില്‍ ഗംഭീറിന് സമ്മര്‍ദ്ദമില്ലാതെ സ്വതന്ത്രമായി കളിക്കാനാകും. കഴിഞ്ഞ മത്സരത്തില്‍ പുറത്താകാതെ 51 റണ്‍സ് നേടി താളം വീണ്ടെടുത്ത ബിസ്ല ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ ഓര്‍മപ്പെടുത്തുന്നതായിരുന്നു നൈറ്റ് റൈഡേഴ്സിന്റെ പ്രകടനം. അന്ന് ബിസ്ല കരിയറിലെ മികച്ച സ്കോര്‍ നേടിയിരുന്നു, 89 റണ്‍സ്. ആ പ്രകടനമാണ് മഹേന്ദ്രസിംഗ് ധോണിയെയും കൂട്ടരെയും പരാജയപ്പെടുത്തിയത്.
എന്നാല്‍ അതെല്ലാം ഇന്ന് ഓര്‍മകള്‍ മാത്രമായിരിക്കുകയാണെന്ന് ബിസ്ല പരിഭവപ്പെട്ടു. പക്ഷേ ഇത് പുതിയ സീസണാണ്. ഞായറാഴ്ച എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് താന്‍. മൊത്തത്തിലുള്ള പ്രകടനം നോക്കിയാല്‍ ടീം കഴിവുറ്റതാണ്. അതിനാല്‍ തന്നെ എതിരാളികളെ ഭയപ്പെടുന്നുമില്ല. അത് ചെന്നൈ ആയാലും ദല്‍ഹിയായാലും. നന്നായി കളിച്ചാല്‍ തങ്ങള്‍ക്ക് ഏത് ടീമിനെയും തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസവുമുണ്ട്. വിജയത്തിലേക്ക് തിരിച്ചെത്തിയതില്‍ വലിയ സന്തോഷമുണ്ട്. മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടു. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ കഴിയൂ. അദ്ദേഹം പറഞ്ഞു.
ടീമില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ല. തുടര്‍ച്ചയായി വിജയിച്ചാല്‍ പോയിന്റ് നിലയില്‍ ടീം മുന്നിലെത്തും. അത് നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വിജയിച്ചതിനോടൊപ്പം കഴിഞ്ഞ മത്സരത്തില്‍ തനിക്ക് അര്‍ധസെഞ്ച്വറി നേടാനായത് കൂടുതല്‍ കരുത്തേകുന്നു. ആ പ്രകടനം ടീമിന്റെ വിജയത്തിന് മികച്ച സംഭാവനയാണ് നല്‍കിയത്. നേരത്തെ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും കഠിനമായി അധ്വാനിച്ചും പരിശീലിച്ചുമാണ് ഫോമിലേക്ക് തിരിച്ചെത്തിയത്. ചിലപ്പോള്‍ മത്സരിക്കാനാകാതെ തനിക്ക് ബെഞ്ചിലിരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും തന്നെ തളര്‍ത്തിയിട്ടില്ല. പരാജയങ്ങള്‍ എല്ലായ്‌പ്പോഴും വിജയത്തിനുള്ള പ്രേരണയേകിയിട്ടുണ്ടെന്നും ബിസ്ല വ്യക്തമാക്കി.
ജാക് കാലിസ് മികച്ച കളിക്കാരനാണ്. പരുക്കേറ്റിട്ടും കഴിഞ്ഞ മത്സരത്തിനിറങ്ങാന്‍ തയ്യാറായത് കളിയോടുള്ള കാലിസിന്റെ ആത്മാര്‍ഥതയ്‌ക്ക് തെളിവാണ്. ഇയോണ്‍ മോര്‍ഗന്റെ പ്രകടനവും മികവുറ്റതായിരുന്നു. 26 പന്തുകളില്‍ നിന്നും 42 റണ്‍സ് നേടിയ മോര്‍ഗനും ടീമിന്റെ വിജയശില്‍പ്പിയാണ്. ബിസ്ല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: