ചമയപ്പുരയുടെ പൊങ്ങച്ചത്തിരക്കില്ല, പ്രശ്സ്ത നര്‍ത്തകിയെന്ന തിളങ്ങുന്ന പ്രൗഢിയില്ല, പരിവാരങ്ങളും പുകഴ്ത്തല്‍ സംഘങ്ങളുമില്ല. ആളൊഴിഞ്ഞ മേക്കപ്പു മുറിയില്‍ സാരിത്തുമ്പു കുത്താന്‍ ഭര്‍ത്താവിന്റെ സഹായം തേടുകയാണ് നര്‍ത്തകി. കുറച്ചു കഴിഞ്ഞാല്‍ എറണാകുളത്തെ വന്‍ ജനാവലിയുടെ മുന്നില്‍ നൃത്തം അവതരിപ്പിക്കാന്‍ പോകുന്നതിന്റെ ഒരു ജാഡയും ധൃതിയും ബഹളങ്ങളുമില്ലാതെ ഒരുങ്ങുന്നതില്‍ ശ്രദ്ധിക്കുന്നു മരിയാ സോഫിയ അഥവാ പാരീസ് ലക്ഷ്മി. ഭാരതീയകലകളെ സ്നേഹിച്ച് കടല്‍ കടന്നെത്തി ഒടുവില്‍ കേരളത്തിന്റെ മരുമകളായ മിരിയ സോഫിയ ലക്ഷ്മി എന്ന പാരീസ് ലക്ഷ്മി വിനയത്തിന്റെ ആള് രൂപമാണ് ചമയമിട്ടാലും സാധാരണ മട്ടായാലും. എറണാകുളത്ത് ടിഡിഎം ഹാളില്‍ ഭരതനാട്യം അവതരിപ്പിക്കാനെത്തിയ അനുഗൃഹീത കലാകാരിയെ കാണാന്‍ പുറപ്പെടുമ്പോള്‍ അകമ്പടിക്കാരുടെ ഇടയില്‍ അണിഞ്ഞൊരുങ്ങിയ നര്‍ത്തകിയെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ആളൊഴിഞ്ഞ മേക്കപ്പ് റൂമില്‍ ഭര്‍ത്താവും കഥകളി നടനുമായ പള്ളിപ്പുറം സുനിലിനൊപ്പം സാരിത്തുമ്പൊന്നൊതുക്കാന് ഒരു സഹായി പോലുമില്ലാതെ വേഷമണിയുകയായിരുന്നു ലക്ഷ്മി. ഒറ്റയ്ക്ക് ഇതൊക്കെ എങ്ങനെ…? ചോദ്യത്തിന് പുഞ്ചിരി മായാതെ അവര്പറഞ്ഞു, ഒപ്പം അമ്മയുണ്ടായിരുന്നെങ്കില്‍ സഹായിക്കുമായിരുന്നു. എല്ലാം സ്വയം ചെയ്ത് എന്നേ ശീലമായി..
മലയാളത്തെ സ്നേഹിച്ച് ഇവിടത്തെ കാറ്റും ചൂടും ആസ്വദിച്ച് ലക്ഷ്മി പൂര്‍ണ്ണമായും മലയാളിയാവുകയാണ്. എറണാകുളത്ത് ആദ്യമായാണ് ഇത്രയും വലിയൊരു സദസ്സിന് മുന്നില്‍ ചുവടു വയ്ക്കുന്നത്. ആശങ്കകളൊന്നുമില്ല ലക്ഷ്മിക്ക്, ഒരു കലാകാരിക്ക് വേണ്ടത് ആത്മാര്‍ത്ഥതയാണ്. തന്റെ കലയോട് താനത് നൂറ് ശതമാനവും പുലര്‍ത്തുന്നുണ്ടെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. അലസരായിരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്, പക്ഷേ ഒരു കലാകാരി ഒരിക്കലും അങ്ങനെ ചിന്തിക്കാനേ പാടില്ല. നല്ല കലാകാരിയായിരിക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും -ലക്ഷ്മി പറയുന്നു.
പാരീസില്‍ നിന്ന് കേരളത്തിന്റെ മണ്ണിലേക്ക് പറിച്ചു നടപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് ജീവിതം എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നല്ലേ എന്ന ഒറ്റ ഉത്തരത്തില്‍ മറുപടി. എല്ലാവരോടും ചിരിക്കുന്നവരാണ് തനിക്ക് ചുറ്റുമുള്ളവരെന്നും അവരെ താന്‍ ഒരുപാട് സ്നേഹിക്കുന്നെന്നും അവര്‍ പറഞ്ഞു. നല്ല വീട്ടമ്മയാകാനുള്ള ശ്രമത്തിലാണ്. വീട്ടില്‍ ചോറും കറിയുമൊരുക്കി സാരിയും ചുരിദാറും ധരിച്ച് മലയാളം പറഞ്ഞ് ശീലിക്കുകയാണ്.
പാരീസിലെ സുഹൃത്തുക്കളുമായി ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നുണ്ട് ലക്ഷ്മി. കേരളവും ഇവിടത്തെ രീതികളും പറയുമ്പോള്‍ അവര്‍ അതിശയത്തോടെയാണ് കേള്‍ക്കുന്നത്. മലയാളിയായ സുനിലിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് അവരെ അമ്പരപ്പിച്ചു. എന്നാല്‍ ഒട്ടും കുലുങ്ങിയില്ല ലക്ഷ്മിയുടെ മാതാപിതാക്കള്‍, അവര്‍ക്കറിയാം പിച്ച വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ മകള്‍ കലയോട് കാട്ടുന്ന അഭിനിവേശം. മാത്രമല്ല ഭാരതീയ സംസ്ക്കാരത്തെയും കലകളെയും ലക്ഷ്മിയെപ്പോലെ സ്നേഹിക്കുന്നവരാണ് അവരും. അതുകൊണ്ടുതന്നെ ഒരു കലാകാരനെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ച ലക്ഷ്മിയുടെ തീരുമാനത്തില്‍ കുടുംബം ഒപ്പമുണ്ടായിരുന്നു.
ഭാരത സംസ്കാരാനുഷ്ടാനങ്ങളോടെയാണ് ലക്ഷ്മിയുടെ മാതാപിതാക്കാളായ ഈവും പാതേസ്യയും പാരീസില്ജീവിക്കുന്നത്. ലക്ഷ്മിയുടെ അനുജന് മൃദംഗം അഭ്യസിക്കുന്നുണ്ട്. മകള്‍ക്കൊപ്പം കലാസപര്യകളില്‍ പങ്കെടുക്കാന്‍ അങ്ങേയറ്റം ആഗ്രഹിക്കുന്ന ലക്ഷ്മിയുടെ കുടുംബത്തിന് യാത്രാച്ചെലവാണ് ബാധ്യതയാകുന്നത്. താനൊരു പാവപ്പെട്ട കലാകാരിയാണെന്ന് തുറന്നു സമ്മതിക്കുന്നു പാരീസ് ലക്ഷ്മി.
ശ്രീ മാതാ അമൃതാനന്ദമയിദേവിയുടെ ഭക്തരാണ് പാരീസിലെ ലക്ഷ്മിയുടെ കുടുംബം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ പാരീസിലെത്തിയപ്പോഴാണ് ആദ്യമായി കണ്ടത്.
പത്മാസുബ്രണ്യത്തിന്റെ കീഴില്‍ ഒമ്പത് വയസുമുതല്‍ ഭരതനാട്യം പഠിച്ചു തുടങ്ങി. ഫ്രാന്‍സിലെ ക്ലാസിക്കല്‍ കലകളും അഭ്യസിച്ചു. ദക്ഷിണ്യേന്ത്യയിലെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ ലക്ഷ്മി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചിയില്‍ കഥകളി കാണുവാന്‍ എത്തിയപ്പോഴാണ് കഥകളിനടന് പള്ളിപ്പുറം സുനിലിനെ കാണുന്നതും പ്രണയത്തിലായി ഒപ്പം കൂടാന്‍ തീരുമാനിച്ചതും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം.
ഭാരതത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ലക്ഷ്മിക്ക് പക്ഷേ രാജ്യത്തെ പീഡനക്കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമല്ല. പാരീസിലെ തന്റെ സുഹൃത്തുക്കള്‍ ഇക്കാര്യം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ല ഇന്ത്യയുടെ പേരെന്നും ഈ കലാകാരി വിശ്വസിക്കുന്നു. വികാരങ്ങളുടെ അടിച്ചമര്‍ത്തലുകളോ മാനസികമായ വൈകൃതങ്ങളോ ആവാം ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് പിന്നിലെന്നും ഇവര്‍ പറയുന്നു. എന്തായാലും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ നാണക്കേടുകളില്‍ ഒന്നായി ലക്ഷ്മി ഇതിനെ കാണുന്നു.
എല്ലാവരെയും സ്നേഹിക്കുന്ന ലക്ഷ്മിക്ക് പക്ഷേ ഒരു പരിഭവം ബാക്കിയുണ്ട്. ദയവു ചെയ്ത് എന്നെ മദാമ്മ എന്ന് വിളിക്കരുത്. ഞാനും നിങ്ങളിലൊരാളാണ്. നിറത്തിന്റെയോ രാജ്യത്തിന്റെയോ ഭാഷയുടെയോ പേരിലുള്ള മദാമ്മ വിളിയിലൂടെ തന്നെ ഒറ്റപ്പെടുത്തരുതെന്ന് ഈ കലാകാരി അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: