കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. നിരവധിപേര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. നേതാക്കളുടെ സ്വജനപക്ഷപാതവും അഴിമതിയും ആര്ഭാടജീവിതശൈലിയും സ്വഭാവദൂഷ്യവുമാണ് പാര്‍ട്ടിയിലെ ഭിന്നിപ്പിനും കൊഴിഞ്ഞുപോക്കിനും പ്രധാനകാരണം. വി.എസ് അച്യുതാനന്ദന് പാര്‍ട്ടി വേദികളില്‍ വിലക്കുകളേര്പ്പെടുത്തിയതും കൊഴിഞ്ഞുപോക്കിന് ഗതിവേഗം കൂട്ടുന്നു.
പാര്‍ട്ടി അംഗത്വം പുതുക്കാതെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനില്ക്കുന്നവരെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന് ശ്രമം നടക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. ജില്ലയിലെ മലയോര മേഖലയിലാണ് പാര്‍ട്ടിഅംഗത്വം പുതുക്കാത്തവരില്‍ ഏറെപ്പേരും. ഇരിട്ടി ഏരിയാകമ്മറ്റിക്കു കീഴില്‍ മാത്രം ഇത്തരത്തിലുള്ള 200 ഓളം പേരുണ്ടെന്നാണ് കണക്ക്. അഞ്ചരക്കണ്ടി ഏരിയയില്‍ ഒരു ലോക്കല്‍ കമ്മറ്റി അംഗം ഉള്‍പ്പെടെ 40 ഓളം പേര് അംഗത്വം എടുത്തിട്ടില്ല. എന്‍ജിഒ യൂണിയന് മുന്‍ ജില്ലാസെക്രട്ടറി ചേലോറ ലോക്കല്‍ കമ്മറ്റി അംഗവുമായ പി.പി. മോഹനന് കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിട്ടുണ്ട്.
മയ്യില്‍, പിണറായി, തലശ്ശേരി ഏരിയാ കമ്മറ്റികളുടെ കീഴില്‍ നിന്നും നൂറോളം പേരും അംഗത്വം പുതുക്കാതെയുണ്ട്. ഇരിട്ടി ലോക്കല്‍ കമ്മറ്റിയുടെ കീഴിലുള്ള കൂളിചെമ്പ്രയില്‍ മുന്‍ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള 9 പേരാണ് അംഗത്വം പുതുക്കാതെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത്. ഇരിട്ടി ഏരിയയിലെ സിപിഎം കോട്ടകളിലൊന്നാണ് കൂളിച്ചെമ്പ്ര. ഈനില തുടര്‍ന്നാല്‍ ഇവിടെ ഇക്കുറി ബ്രാഞ്ച് കമ്മറ്റി തന്നെ ഇല്ലാതാകും. ഡിവൈഎഫ്ഐ ജില്ലാനേതാവു കൂടിയായ കീഴൂര്‍ ചാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് ഈ ബ്രാഞ്ച്.
കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂളിചെമ്പ്രയില്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ളത്. ഇതുകൂടാതെ പ്രാദേശികമായ വിവിധ കാരണങ്ങളും ഉണ്ടെന്നറിയുന്നു. പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതൃത്വവും തമ്മിലും ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്നും ശ്രുതിയുണ്ട്. ഇതുകൂടാതെ ഇരിട്ടി മേഖലയില്‍ ആറളം, പായം വിളമന തുടങ്ങിയ ലോക്കല്‍ കമ്മറ്റികളിലും ആഭ്യന്തര പ്രശ്നങ്ങള്‍ ഏറെയാണ്. പാര്‍ട്ടി കോട്ടകളിലൊന്നായ വള്ള്യാട് നിന്നും 12ഓളം പേര് രാജിവച്ച് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഡിവൈഎഫ്ഐ വില്ലേജ്കമ്മറ്റി, പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്. എകെജിയുടെ ജന്മനാടായ മാവിലായിയില്‍ നിന്നും മൂന്ന് പെരിയയില്‍ നിന്നും പാര്‍ട്ടിയംഗങ്ങള്‍ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുന്നുണ്ട്. കുറച്ചുനാളായി പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ് തങ്ങള്‍ അംഗത്വം പുതുക്കാതെ മാറിനില്ക്കാന് കാരണമെന്നും ഇവര്‍ പറയുന്നു. പിണറായിയുടെ വീടിനു മുന്നില്‍ നിന്നും തോക്കുമായി പാര്‍ട്ടി സഖാവിനെത്തന്നെ പിടികൂടിയതും വി.എസ് അച്യുതാനന്ദനെ പാര്‍ട്ടി അണികളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള നീക്കവുമെല്ലാം പ്രവര്‍ത്തകരെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിട്ടുണ്ട്.
ടി.പി ചന്ദ്രശേഖരന് വധക്കേസ് വിചാരണയ്ക്കിടയില്‍ സാക്ഷികളെ കൂട്ടമായി കൂറുമാറ്റിയ സംഭവത്തിനായി കോടികള്‍ വീണ്ടും പിരിച്ചെടുക്കാനുള്ള നേതൃത്വത്തിന്റെ നീക്കം എന്നിവയും അണികളുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇതുകൊണ്ടുതന്നെ പാര്‍ട്ടി ഫണ്ട് പിരിവ് പരാജയപ്പെടുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ നേതൃത്വം. സിപിഎംകേന്ദ്രമായ കണ്ണൂരില്‍ പാര്ട്ടിഅണികളിലെ ചേരിതിരിവും പൊട്ടിത്തെറിയും നേതൃത്വം ഗൗരവപൂര്‍വ്വം കണക്കിലെടുത്തതായാണ് അറിവ്. ആദ്യഘട്ടമെന്ന നിലയില്‍ അണികളില്‍ സ്വാധീനം കുറഞ്ഞുവരുന്ന ജില്ലാസെക്രട്ടറിയെ മാറ്റാനും അണിയറയില്‍ നീക്കം ശക്തമാണ്.
നിലവിലുള്ള ജില്ലാസെക്രട്ടറി പി. ജയരാജനെ അവധിയെടുപ്പിച്ച് എം.വി. ജയരാജനെ കൊണ്ടുവരാനാണ് നീക്കം. പാര്‍ട്ടിപ്രവര്‍ത്തകര്‍ റിയല്‍ എസ്റ്റേറ്റ്, പണം ഇടപാട് തുടങ്ങി എന്തുമാര്‍ഗം സ്വീകരിച്ചും പണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന ആരോപണം ശക്തമാണ്. ഇതുമൂലം നേതാക്കള്‍ സമ്പന്നരാവുകയും ആര്‍ഭാടജീവിതം നയിക്കുകയും ചെയ്യുമ്പോള്‍ അണികള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ പാര്‍ട്ടി ശക്തമായനടപടികള്‍ സ്വീകരിച്ചില്ലെന്നും അണികള്‍ കുറ്റപ്പെടുത്തുന്നു. സിപിഎമ്മില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധി വരുംനാളുകളില്‍ രൂക്ഷമാകാനാണ് സാധ്യത.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: