ചാത്തന്നൂര്‍: ലോ കോളജ് അധ്യാപകന് പ്രൊഫ.കെ.ജെ. രാജന് നിരന്തരമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് നിയമ വിദ്യാര്‍ത്ഥിനി കഴിഞ്ഞ 16ന് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസിന് സൂചന ലഭിച്ചു. ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഭര്‍ത്താവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. അതിനു ശേഷമാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കും ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കും പെണ്‍കുട്ടി പരാതി നല്‍കിയത്.
ലോ കോളജില്‍ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി. ഇവരുടെ ഭര്‍ത്താവ് പത്തനംതിട്ടയില്‍ വസ്തു വാങ്ങിയിരുന്നു. വസ്തുവാങ്ങിയത് സംബന്ധിച്ച കേസില്‍ നിയമോപദേശം തേടിയാണ് കോളജിലെ അസോസിയേറ്റ് പ്രൊഫസറായ കെ.കെ. രാജനെ സമീപിച്ചത്. ഇവരുടെ ഫോണിലൂടെയുള്ള വിളി മറ്റ് ബന്ധങ്ങളിലേക്ക് നീങ്ങു കയായിരുന്നു. പത്തനംതിട്ട, തിരുവനന്തപുരം, തിരുനെല്‍വേലി, രാമേശ്വരം, നാഗര്‍കോവില്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പെണ്‍കുട്ടിയെ കൊണ്ടുപോയി രാജന് പീഡിപ്പിക്കുകയായിരുന്നുവെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു.
നഗ്നചിത്രങ്ങളും ഫോണ്‍ സംഭാഷണങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വൈദ്യപരിശോധനയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി അഞ്ചുദിവസത്തേക്ക് രാജനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇയാള്‍ക്ക് വരാപ്പുഴ പീഡന കേസിലെ പ്രതിയില്‍ നിന്നും സഹായം ലഭിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വരാപ്പുഴ കേസിലെ പ്രതിയായ അഡ്വ.വിമല്റോയി അധ്യാപകന് പെണ്‍കുട്ടിയുമായി സഞ്ചരിക്കാന്‍ വാഹനവും താമസിക്കാന്‍ വീടും സൗകര്യപ്പെടുത്തി കൊടുത്തതായി ചോദ്യം ചെയ്യലില്‍ അധ്യാപകന് വെളിപ്പെടുത്തിയതായി ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ്കുമാര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് അന്വേഷണസംഘം തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
പരാതിപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയെ കൂടാതെ സഹപാഠികളായ മൂന്നുപേരെ കൂടി അധ്യാപകന് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതി കെ.കെ. രാജനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ബന്ധപ്പെട്ട മറ്റുള്ളവരെപ്പറ്റിയും വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം അധ്യാപകര്‍ നല്കുന്ന ഇന്റേണല്‍ മാര്‍ക്ക് പരീക്ഷ വിജയിക്കുന്നതിന് അനിവാര്യമായതിനാല്‍ ചില അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ഇതുപറഞ്ഞ് ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
കൊട്ടിയം സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാജനെ പറവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. കൊട്ടിയം പൊലീസാണ് രാജനെ അറസ്റ്റ് ചെയ്തത്. 15 വര്‍ഷമായി ലോ കോളജ് പ്രഫസറായ രാജന് താല്ക്കാലികാടിസ്ഥാനത്തില് ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്ട്രേട്ടായിരുന്നിട്ടുണ്ട്. പത്തനംതിട്ടയിലെ ഇലവുംതിട്ടയാണ് ഇയാളുടെ സ്വദേശം. നാല്വര്ഷം മുമ്പാണ് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത്. ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ളതായും പറയപ്പെടുന്നു.
എന്നാല്‍ പ്രൊഫസറെ ചതിയില്‍പ്പെടുത്തിയതാണെന്ന് പ്രൊഫസറുടെ ഭാര്യ പറഞ്ഞു. മജിസ്ട്രേട്ടുമാരുടെ പുതിയ ലിസ്റ്റില്‍ രാജന് ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിയമനം ലഭിക്കാതിരിക്കുന്നതിന് ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും ഇവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: