കണ്ണൂര്‍/മലപ്പുറം/കല്‍പ്പറ്റ: കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലന കേന്ദ്രത്തില്‍ നിന്നും മതതീവ്രവാദികളെ പിടികൂടുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്ത നാറാത്തിനടുത്ത് കമ്പില്‍ പോപ്പുലര്‍ ഫ്രണ്ടുകാരന്റെ വീട്ടില്‍ നിന്നും വാളുകളും മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു.
ആയുധപരിശീലനവുമായി ബന്ധപ്പെട്ട കേസന്വേഷണം നടക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പി: പി. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് കമ്പിലെ പോപ്പുലര്‍ ഫ്രണ്ടുകാരനായ കമറുദ്ദീന്റെ കമ്പില്‍ ഓട്ടുകമ്പനി റോഡിന് സമീപമുള്ള വീട്ടില്‍ നിന്നും നാല് വാളുകളും ഒരു മഴുവും എട്ട് ഇരുമ്പ് വടികളും ബോംബുകളും മറ്റും മഴനനയാതെയും വെയിലുകൊള്ളാതെയും സൂക്ഷിക്കുന്നതിനും പൈപ്പ് ബോംബ് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന നിരവധി വന്‍ പിവിസി പൈപ്പുകളുമാണ് പിടിച്ചെടുത്തത്.
നാറാത്ത് കഴിഞ്ഞദിവസം ആയുധപരിശീലനം നടന്ന കേന്ദ്രത്തിന് കാവല്‍ നിന്ന വ്യക്തിയായിരുന്നു കമറുദ്ദീനെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇയാള്‍ ഉള്‍പ്പെടെ നാലു പേര് പരിശീലന ക്യാമ്പ് റെയ്ഡ് ചെയ്യാനെത്തിയ പോലീസിനെകണ്ട് ഓടി രക്ഷപ്പെട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. ക്യാമ്പില്‍ പങ്കെടുത്ത 18 ഓളം പേരുടെ മൊബെയിലുകള്‍ സൂക്ഷിച്ച ഇയാളുടെ സ്കൂട്ടറും ക്യാമ്പ് റെയ്ഡിനിടെ പോലീസ് പിടിച്ചെടുത്തിരുന്നു.
അതിനിടെ മലപ്പുറത്ത് എസ്ഡിപിഐ ആസ്ഥാനമായ മഞ്ചേരി ഗ്രീന്‍വാലിയില്‍ പോലീസ് റെയ്ഡ് നടത്തി. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ മലപ്പുറം ഡിവൈഎസ്പി, മഞ്ചേരി സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് ഗ്രീന്‍വാലിയില്‍ റെയ്ഡ് നടത്തിയത്.
വയനാട് ജില്ലയിലെ ഏഴ് പോലീസ് സ്റ്റേഷന് അതിര്‍ത്തികളിലെ 13 എന്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. എന്നാല്‍ ആയുധങ്ങളൊന്നും കിട്ടിയില്ലെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. എന്‍ഡിഎഫ് ക്യാമ്പുകളില്‍ നിന്ന് റെയ്ഡിനുതലേന്നുതന്നെ സാധനങ്ങള്‍ മാറ്റിയതായാണ് അറിയുന്നത്. പോലീസില്‍ നിന്നുതന്നെ റെയ്ഡ് വിവരം ചോര്‍ന്നതായും സംശയിക്കുന്നു.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: