ബീജിംഗ്: ടിബറ്റില്‍ ചൈനക്കെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. രണ്ട് ബുദ്ധമത സന്യാസിമാരും ഒരു യുവതിയുമടക്കം മൂന്നുപേര്‍ ആത്മാഹുതി ചെയ്തതോടെ ടിബറ്റ് വീണ്ടും ലോകശ്രദ്ധയിലേക്കെത്തുകയാണ്. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുള്ള പ്രക്ഷോഭപാതയിലാണ് സന്യാസിമാരടക്കമുള്ള ജനത. എന്നാല്‍ ടിബറ്റിനെ അടിച്ചമര്‍ത്തിയ ചൈനീസ് ഭരണകൂടം ഈ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ചൈനയില്‍ അടുത്തിടെയായി ഇത്തരത്തിലുള്ള 120 ഓളം പ്രക്ഷോഭങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൊസാംഗ് ദാവ (20), കൊഞ്ചോഗ് വൂസര് (23) എന്നിവരാണ് ആത്മാഹുതി നടത്തിയ സന്യാസിമാര്‍. ടിബറ്റിലുള്ള ടാസാംഗ് ലാമോ കീര്‍ത്തി ആശ്രമത്തിലെ സന്യാസിമാരായിരുന്നു ഇവര്‍. ലണ്ടനിലും അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളും റേഡിയോയും മുഖേനയാണ് ഈ വാര്‍ത്ത പുറംലോകമറിഞ്ഞത്. സ്വാതന്ത്ര്യത്തിനായി ബലിയര്‍പ്പിച്ച സന്യാസിമാരുടെ ഭൗതികദേഹം ആശ്രമത്തിലേക്ക് കൊണ്ടുപോവുകയും അവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു.
സിച്ചുവാനിലെ റാംഗ്ടാംഗിലാണ് ഒരു യുവതി ആത്മാഹുതി ചെയ്തത്. ഇത് സംഭവിച്ചത് ചൊവ്വാഴ്ച ആയിരുന്നു. മരണത്തെ പുല്കിയ 23 കാരി ഒരു മികച്ച നേതാവായിരുന്നുവെന്ന് ടിബറ്റന്‍ എഴുത്തുകാരനായിരുന്ന ടെറിംഗ് വൂസര് ട്വിറ്ററില്‍ കുറിച്ചിട്ടു. തങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി ലോകം ശ്രദ്ധിക്കുവാനും അതിലൂടെ ചൈനയെ അനുസരിപ്പിക്കാനും അവസാന ടിബറ്റുകാരന്‍ വരെ ആത്മാഹുതിക്ക് തയ്യാറാകുമെന്ന് ഫ്രീ ടിബറ്റ് ഡയറക്ടര്‍ എലേ നോര് ബേണ്‍ റോസന്ഗ്രെന് പറഞ്ഞു. ടിബറ്റില്‍ ചൈനക്കെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതിന്റെ തെളിവുകളാണ് ഈ വാര്‍ത്തകളിലൂടെ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: