കൊച്ചി: ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ പൊങ്കാല ആഘോഷിച്ചു. പൗര്‍ണ്ണമി പൊങ്കാലയുടെ സമാപനം കുറിച്ചുകൊണ്ട് ആയിരക്കണക്കിന് സ്ത്രീകള്‍ പാര്‍വ്വതീ ദേവിയ്ക്ക് ഇന്നലെ പൊങ്കാല അര്‍പ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനാളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. രാവിലെ 5 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രത്തില്‍ നിന്നുള്ള എല്ലാവീഥികളിലും ഇടറോഡുകളിലും പൊങ്കാല അടുപ്പുകള്‍ നിറഞ്ഞു. 9.30 ക്ഷേത്ര സന്നിധിയില്‍ തലപൊങ്കാല സമര്‍പ്പണം നടന്നു. ദശപുഷ്പം ചാര്‍ത്തിയ ഉരുളിയില്‍ ദ്രവ്യങ്ങള്‍ സമര്‍പ്പിച്ച ശേഷം മേല്‍ ശാന്തി ഏഴിക്കോട് കൃഷ്ണ ദാസ് നമ്പൂതിരിയുടെ ഭാര്യ ലയാ അന്തര്‍ജനം ആദ്യ പൊങ്കാല സമര്‍പ്പിച്ചു. തുടര്‍ന്ന് കൃഷ്ണ ദാസ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പൊങ്കാല അടുപ്പില്‍ നിന്ന്18 നിലവിളക്കുകളിലേയ്ക്ക് ദീപം പകര്‍ന്നു. തുടര്‍ന്ന് 15 ഓളം പരികാര്മ്മികരുടെ നേതൃത്വത്തില്‍ ഭക്തര്‍ തയ്യാറാക്കിയ നിവേദ്യത്തില്‍ തീര്‍ത്ഥം തളിച്ചു. തലപ്പൊങ്കാല പായസം നിവേദിച്ചത് മുന്‍ ഗുരുവായൂര്‍, ശബരിമല മേല്‍ ശാന്തി ഏഴിക്കോട് ശശിനമ്പൂതിരിയായിരുന്നു. ഉച്ചയ്ക്ക് ് മഹാപ്രസാദ ഊട്ട് ഉണ്ടായിരുന്നു. പ്രത്യേകം പുഴുക്കും കഞ്ഞിയുമാണ് പതിനായിരക്കണക്കിന് ഭക്ത ജനങ്ങള്‍ക്കായി തയ്യാറാക്കിയത്.
പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് പ്രത്യേകം സൗകര്യങ്ങള്‍ ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നതായി ജനറല്‍ കണ്‍വീനര്‍ കെ.വി മാധവന്‍കുട്ടിയും ക്ഷേത്രസമിതി പ്രസിഡന്റ് കെ.എസ് പണിക്കരും പറഞ്ഞു.
പൊങ്കാലയ്ക്ക് വേണ്ട കലം, കൊതുമ്പ്, അരി, ശര്‍ക്കര, എന്നിവ അടങ്ങിയ കിറ്റ് ഭക്തര്‍ക്കായി തയ്യാറാക്കിയിരുന്നു. കൂടാതെ പോലീസും ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും ക്ഷേത്രത്തില്‍ സഹായത്തിനായി ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ദാഹമകറ്റുന്നതിനായി പ്രത്യേക സംവിധാനം ഉണ്ടായിരുന്നു. പൊങ്കാല ഇടുന്നതിനായുള്ള കലങ്ങള്‍ നാഗര്‍ കോവില്‍ നിന്നും കൊതുമ്പുകള്‍ ഉദുമല്‍ പേട്ടയില്‍ നിന്നുമാണ് കൊണ്ടുവന്നതെന്ന് ജനറല്‍ കണ്‍വീനറായ മാധവന് കുട്ടി പറഞ്ഞു.
ചടങ്ങുകള്‍ക്ക് പൊങ്കാല സമിതി പ്രസിഡന്റ് ഡോക്ടര്‍ ചിത്രതാര ജനറല്‍ സെക്രട്ടറി ലേഖാ ബാലചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: