ന്യൂദല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി മലേഷ്യന്‍ വിമാന കമ്പനിയായ എയര്‍ ഏഷ്യ വ്യോമയാന മന്ത്രാലയം മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു. ഏപ്രില്‍ 23 നാണ് അപേക്ഷ നല്‍കിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 37 വിമാനങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് പദ്ധതി. ടാറ്റ സണ്‍സും ടെലസ്ട്ര ട്രേഡ്പ്ലേസുമായി ചേര്‍ന്നാണ് എയര്‍ ഏഷ്യ ഇന്ത്യയില്‍ കമ്പനി രൂപീകരിക്കുന്നത്. ആറ് അംഗങ്ങളാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളത്. മൂന്ന് കമ്പനികളില്‍ നിന്നും രണ്ട് പേര് വീതമാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.
ആര്. വെങ്കിട്ടരാമനും ഭാരത് വസാനിയുമാണ് ടാറ്റ സണ്‍സില്‍ നിന്നുള്ള നോമിനികള്‍. രത്തന്‍ ടാറ്റയുടെ മുന്‍ എക്സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്നു വെങ്കിട്ടരാമന്. ടാറ്റ ഗ്രൂപ്പിന്റെ മുഖ്യ നിയമോപദേഷ്ടാവായിരുന്നു ഭാരത് വസാനി. ടോണി ഫെര്‍ണാണ്ടസും കമറുദ്ദീന് ബിന്‍ മിരാനൂനുമാണ് എയര്‍ ഏഷ്യയെ പ്രതിനിധീകരിക്കുന്നത്. അരുണ്‍ ഭാട്യയാണ് ടെലസ്ട്ര ട്രേഡ്പ്ലേസിനെ പ്രതിനിധീകരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ലോ കോസ്റ്റ് എയര്‍ലൈനാണ് എയര്‍ ഏഷ്യ. എയര്‍ ഏഷ്യയ്ക്ക് വിമാന കമ്പനിയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഏയര്‍ ഏഷ്യയ്ക്ക് 30 ശതമാനവും ടെലസ്ട്രയ്ക്ക് 21 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ഇന്ത്യയില്‍ കമ്പനി രൂപീകരിക്കുന്നതിന് ഏപ്രില്‍ നാലിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി എയര്‍ ഏഷ്യയ്ക്ക് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: