തിരുവനന്തപുരം: സേഷ്യല്‍ മീഡിയയെ സുതാര്യഭരണത്തിനായി ഫലപ്രദമായി ഉപയോഗിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തന്റെ ഫെയ്സ്ബുക്ക് സുഹൃത്തിനെ നേരിട്ടു കാണാനും കേരള സന്ദര്‍ശനം ഉപയോഗിച്ചു. ഫെയ്സ് ബുക്കില്‍ നരേന്ദ്രമോദിയുടെ ഉറ്റ ചങ്ങാതിയും അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രചാരകയുമായ മലയാളി യുവതിക്കാണ് ഭാവി ഭാരതത്തിന്റെ വികസന നായകനെ അടുത്തുകാണാനും സംസാരിക്കാനും അവസരമുണ്ടായത്. നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനം തീരുമാനിച്ച ഉടന്‍ തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് സുഹൃത്തായ വിനീതാമേനോനെ തേടി ഫോണ്‍വിളിയെത്തി. കേരളത്തില്‍, തിരുവനന്തപുരത്തെത്തുന്ന തീയതിയും സമയവുമെല്ലാം അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് വിമാനത്താവളത്തിനുള്ളില്‍ ബിജെപി നേതാക്കളെ കൂടാതെ മോദിയെ നേരില്‍ കാണാനും അടുത്തിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരമുണ്ടായത് വിനീതാമേനോനാണ്. ഫെയ്സ് ബുക്ക് കൂട്ടായ്മയെക്കുറിച്ചു തന്നെയായിരുന്നു സംഭാഷണം. നരേന്ദ്രമോദിയുടെ ആശയങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നതിന് വിനീതാമേനോന് ഉള്‍പ്പെടുന്ന ആറംഗ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഇവരുടെ പ്രവര്‍ത്തനം വളരെ സജീവമാണ്. ബംഗലുരുവില്‍ താമസിക്കുന്ന വിനീത ഒരു സുഹൃത്തു വഴിയാണ് മോദിയുമായി ഫെയ്സ് ബുക്ക് സൗഹൃദം സ്ഥാപിക്കാനായത്. ആ സൗഹൃദത്തിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പിലെത്തുകയായിരുന്നു. മുമ്പ് ഗുജറാത്തിലെത്തി വിനീത മോദിയെ കണ്ടിട്ടുണ്ട്. ആറംഗ സംഘത്തിലുള്ള ഏക മലയാളിയും വിനീതാമേനോനാണ്. ബംഗളുരുവില്‍ വിശ്വാസംവാദ കേന്ദ്രത്തിന്റെ സജീവ പ്രവര്‍ത്തക കൂടിയാണ് വിനീതാമേനോന്.
തിരുവനന്തപുരത്തെത്തിയ നരേന്ദ്രമോദി ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരനോട് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരെക്കുറിച്ച് തിരക്കി. കൃഷ്ണയ്യരുടെ ആരേഗ്യസ്ഥിതിയെക്കുറിച്ചായിരുന്നു അന്വേഷണം. വിമാനത്താവളത്തില്‍ നിന്ന് ശിവഗിരിയിലേക്കുള്ള യാത്രക്കിടെ അദ്ദേഹം കൃഷ്ണയ്യരെ ഫോണില്‍ വിളിക്കുകയും ചെയ്തു. ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച ശേഷം ഐശ്വര്യങ്ങള്‍ ആശംസിച്ചു. ഗുജറാത്തില്‍ നരേന്ദ്രമോദി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച കൃഷ്ണയ്യര്‍ കേരളത്തിലേക്ക് മോദിയെ സ്വാഗതം ചെയ്തു. സൗരോര്‍ജ്ജം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഗുജറാത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ കൃഷ്ണയ്യര്‍ അഭിനന്ദിക്കുകയും ചെയ്തു.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: