കൊച്ചി: ഞങ്ങള്‍ മണ്ണിന്റെ മക്കള്‍ അടിസ്ഥാന വര്‍ഗത്തിന്റെ തേരാളികള്‍. മണ്ണിന്റെ മണമറിഞ്ഞ് പ്രകൃതിയെ സംരക്ഷിച്ച് പരമ്പരാഗത സംസ്കാരത്തിന്റെ തേര്തെളിയിക്കാന് ഞങ്ങളെ അനുവദിക്കുമോ? ദുരിതങ്ങള്‍ ഉള്ളില്‍ ഒതുക്കി ദീര്‍ഘവീക്ഷണത്തോടെ അട്ടപ്പാടി തായ്കുലം സംഘം പ്രവര്‍ത്തക കാളി ജന്മഭൂമിയോട് പറഞ്ഞു. വികാരഭരിതയായി… ഊരുകളിലെ പരമ്പരാഗത വികസനങ്ങള്‍ തച്ചുടയ്ക്കുന്നു.
പട്ടിണിയും ദുരിതങ്ങളും ഏറുന്നു. അടിസ്ഥാന വിദ്യാഭ്യാസവും ചികിത്സയും അന്യമാകുന്നു. ഞങ്ങള്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ വകമാറ്റുന്ന ഉന്നതര്‍. പരമ്പരാഗത മൂല്യങ്ങളെ തകര്‍ക്കാന്‍ ഭൂ-മദ്യ-രാഷ്ട്രീയ മാഫിയകളുടെ ഗൂഢതന്ത്രങ്ങള്‍ക്ക് മുന്നില്‍ ഇനിയും പൊരുതി വിജയം നേടാന്‍ ഞങ്ങള്‍ക്കാകുമോ. 22 കുഞ്ഞങ്ങള് മരിക്കാന്‍ പ്രധാന കാരണം പോഷകാഹാരത്തിന്റെ കുറവല്ലെന്നും വ്യാജമദ്യമാഫിയകളും ചില ഉദ്യോഗസ്ഥ രാഷ്ട്രീയ അച്ചുതണ്ടാണെന്നും ഭീഷണികള്‍ നിലനില്‍ക്കെ തായ്കുല സംഘം പറയുന്നു.
വനാന്തരങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ മാഫിയകള്‍ ഇപ്പോള്‍ മദ്യവില്‍പ്പന സജീവമായതോടെ ഊരുകളിലെ ചിലര്‍ മദ്യത്തിന് അടിമയായി. ഇത് കുടുംബജീവിതങ്ങള്‍ തകരാന്‍ പ്രധാന കാരണമായി. രാഷ്ട്രീയ പിന്‍ബലത്തോടെ ഫണ്ടുകളുടെ തിരിമറികളും വികസന പദ്ധതികളുടെ രൂപീകരണങ്ങളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും തായ്കുലം പ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഇത് ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ അഹാഡ്സില്നിന്നും കോടിക്കണക്കിന് രൂപയുടെ സഹായങ്ങള്‍ ലഭിച്ചിരുന്നു. ഫണ്ടിന്റെ വിനിയോഗം തുടക്കം മുതല്‍ ഒടുക്കം വരെ പൂര്‍ണമായും ഊരുകള്‍ക്കും തായ്കുലങ്ങള്ക്കുമായിരുന്നു. അടിസ്ഥാന വിദ്യാഭ്യാസമുള്ളവര്‍ കുറവാണെങ്കിലും ഒരുമയോടുള്ള പ്രവര്‍ത്തനങ്ങള്‍ സമസ്ത മേഖലകളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ഇവിടെ ആകെ 192 ഊരുകളാണ്. ഇതില്‍ 57 വീടുകള്‍ നിര്‍മ്മിച്ച് താമസവുമായി. യാതൊരുവിധമായ അധികബാധ്യതകളും വന്നില്ല. നീക്കിയിരിപ്പ് 30 ലക്ഷം രൂപ. ഈ തുക പൊതുഫണ്ടായി തായ്കുലം സംഘം മാറ്റിവെച്ചിരിക്കുകയാണ്.
അത്യാഹിത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് പ്രാഥമിക പരിഗണന നല്‍കിയിട്ടുള്ളത്. റാഗി, ചാമ, ചോളം, ചീര, പയര്‍, മറ്റ് ധാന്യങ്ങള്‍ വിത്ത് വിതരണം തുടങ്ങി നിരവധി കൃഷിരീതികള്‍ ഇവിടെയുണ്ട്. ഇതിനെല്ലാം ഫണ്ടുകളും ഇവരുടെ സംഘങ്ങള്‍ ദുര്‍വിനിയോഗം ചെയ്തിരുന്നില്ല. ശുദ്ധമായ മണ്ണില്‍ വിളയുന്ന കാര്‍ഷിക വിഭവങ്ങള്‍ യാതൊരുവിധമായ അസുഖങ്ങള്‍ക്ക് കാരണമാവില്ലെന്ന് ഇവര്‍ പറയുന്നു. ഏക്കറുകളിലാണ് ഇവരുടെ കൂട്ടുകൃഷികള്‍. മറ്റുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളിലെല്ലാം ഇടനിലക്കാര്‍ ഇല്ലാത്തതിനാല്‍ വലിയ മാറ്റങ്ങള്‍ ഊരുകളില്‍ ഉണ്ടായി. അഹാഡ്സിന്റെ സഹായഫണ്ട് ഉണ്ടെന്നായിരുന്നുവെന്നാണ് മാസങ്ങള്‍ക്ക് മുമ്പ് വരെ ഇവരുടെ ധാരണ.
ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ഈ ഫണ്ട് നിര്‍ത്തലാക്കിയെന്നും പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് ഭരണപക്ഷത്തിലെ രാഷ്ട്രീയക്കാര്‍ ഇവരോട് പറഞ്ഞിരുന്നത്. പുതിയ പദ്ധതികളെ അടിസ്ഥാനപ്പെടുത്തി പല കമ്മറ്റികള്‍ രൂപീകരിച്ചു. എന്നാല്‍ ഒരു കമ്മറ്റിയിലും ഊരിലുള്ളവരും തായ്കുലം അംഗങ്ങളെയും ഇവര്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. എന്നാല്‍ അഹാഡ്സിന്റെ വ്യവസ്ഥയെ അടിസ്ഥാനമാക്കി ഇപ്പോഴും ഞങ്ങള്‍ രജിസ്റ്ററില്‍ ഒപ്പിടുന്നതായും തായ്കുലം സംഘടന പ്രവര്‍ത്തകര്‍ പറയുന്നു.
കരാറുകാരും ഉദ്യോഗസ്ഥരും മാഫിയാസംഘങ്ങളും അടിസ്ഥാനവര്‍ഗമായ ഞങ്ങളെ ചൂഷണം ചെയ്യുന്നതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. മണ്ണിന്റെ മണമറിഞ്ഞ ഞങ്ങള്‍ക്ക് അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് അധികൃതര്‍ കരുണ കണിക്കണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തായ്കുലം സംഘ പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയിരുന്നു. സംഘത്തില്‍ തായ്കുലം സംഘം ഭാരവാഹികളായ ഭഗവതി രംഗന്, മാരുതി, കെ. കാളി എന്നിവര്‍ ഉണ്ടായിരുന്നു. സത്വര നടപടികള്‍ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: