ശിവഗിരി: ലോകംകണ്ടതില് വച്ചേറ്റവും വലിയ ആത്മീയാചാര്യനും സാമൂഹ്യപരിഷ്കര്‍ത്താവും തത്ത്വജ്ഞാനിക ളിലൊരാളുമായ ശ്രീനാരായണ ഗുരുദേവ സവിധത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നരേന്ദ്രമോദി കൈകൂപ്പി. അശരണരും ആലംബഹീനരുമായ അടിസ്ഥാന ജനവിഭാഗത്തിന് നന്മനല്കാനുള്ള കൂടുതല്‍ അവസരവും ആരോഗ്യവും നല്കേണമേ! അതിനായി ഗുരുദേവന്റെ പാദാരവിന്ദത്തില്‍ ഞാന്‍ പ്രണമിക്കുന്നു. പതിനായിരം പേര്‍ക്കിരിയ്ക്കാവുന്ന പന്തലും പരിസരവും നിറഞ്ഞ് കവിഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കി ഗുജറാത്ത് മുഖ്യമന്ത്രി ഈ വാചകം പറഞ്ഞവസാനിപ്പിച്ചപ്പോള്‍ കരഘോഷംകൊണ്ട് ശിവഗിരി ശബ്ദമുഖരിതമായി. ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ നരേന്ദ്രമോദി കേരളത്തില്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തെ അവഗണിച്ചു. രാഷ്ട്രീയ പ്രതിയോഗികളുടെ പുലഭ്യങ്ങള്‍ കേട്ട ഭാവം പോലും നടിച്ചില്ല. ശിവഗിരിയിലെ ധര്‍മ്മവും സദസ്സിന്റെ മര്‍മ്മവും അറിഞ്ഞുകൊണ്ടുള്ള പ്രസംഗത്തില്‍ ഗുരുദേവന്റെ തത്ത്വചിന്തകളും സന്ന്യാസി സമൂഹത്തിന്റെ ലാളിത്വവുമെല്ലാം സവിസ്തരം പ്രതിപാദിച്ചു.
വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ഗുരുദേവന്റെ ഉദ്ബോധനം കേരളത്തെ സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തെത്തിച്ചു. തൊഴില്‍ വൈദഗ്ധ്യത്തെക്കുറിച്ചും ഗുരുദേവന് ഊന്നിപ്പറഞ്ഞതാണ്. എന്നാല്‍ ഭാരതത്തില്‍ തൊഴില്‍ വൈദഗ്ധ്യത്തില്‍ മികവുള്ള ഏക സംസ്ഥാനം ഗുജറാത്താണ്. അതിനുള്ള ബഹുമതി കഴിഞ്ഞദിവസം പ്രധാനമന്ത്രിയില്‍ നിന്നും സ്വീകരിക്കാനും സാധിച്ചു. അതിന് മലയാളികളുടെ സംഭാവനയും മോദി അഭിനന്ദനത്തോടെ അനുസ്മരിച്ചു. “ഗുജറാത്തില്‍ മലയാളികളില്ലാത്ത ജില്ലയും താലൂക്കുമില്ല”.
ശ്രീനാരായണഗുരുദേവ സന്ദേശത്തിന്റെ പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ ഗുജറാത്തില്‍ ഒരുക്കിക്കൊടുക്കും. സ്വാഗതപ്രസംഗത്തില്‍ മഠം സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഗുജറാത്തില്‍ ഗുരുദേവന്റെ പേരില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കണമെന്നും മഠത്തിന് ശാഖ സ്ഥാപിക്കാന്‍ സൗകര്യം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.
ശിവഗിരിയിലേക്കുള്ള യാത്രയിലും തിരിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രാസമയത്തും വീഥികളിലെല്ലാം വന്‍ ജനക്കൂട്ടമാണ് മോദിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ നിലയുറപ്പിച്ചിരുന്നത്. സുരക്ഷാ സൗകര്യമാകട്ടെ മികച്ചതുമായിരുന്നു. 100 മീറ്ററിന് ഒരു പോലീസ് എന്ന കണക്കിന് മാത്രമല്ല ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും വഴിനീളെ കാണാമായിരുന്നു. ശിവഗിരിയിലാകട്ടെ തീര്‍ത്ഥാടന മഹാമഹത്തിനുപോലും ഇത്രയും ജനക്കൂട്ടം ഒരേസമയത്തുണ്ടായിരുന്നില്ല. “സമ്മേളനത്തിനൊരുക്കിയ ഈ വേദിക്ക് നിങ്ങളെയെല്ലാം ഉള്‍ക്കൊള്ളാനാകുന്നില്ല. ഹാളുനിറഞ്ഞ് കവിഞ്ഞ് നീണ്ടുനില്‍ക്കുന്ന മുഴുവനാളുകളെയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത എനിക്കുണ്ട്” മോദിയുടെ ഈ വാക്കുകളെ നിലയ്ക്കാത്ത കയ്യടിയോടെയാണ് സദസ്സ് എതിരേറ്റത്.
നന്നെ ചെറുപ്പത്തില്‍തന്നെ ആര്‍എസ്എസ് ശാഖയില്‍ പോകാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചു. ആര്‍എസ്എസ് ശാഖയില്‍ എല്ലാദിവസവും ചൊല്ലുന്ന പ്രാതഃസ്മരണയുണ്ട്. ആ പ്രാതഃസ്മരണയിലൂടെയാണ് ശ്രീനാരായണഗുരു സ്വാമികളെക്കുറിച്ച് എനിക്ക് പ്രാഥമിക അറിവ് ലഭിച്ചത്” മോദി ആമുഖമായി പറഞ്ഞു. മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് മോദി ആരംഭിച്ച പ്രസംഗം തുടരവെ ഉടനീളം കയ്യടികളോടെയാണ് സദസ്സ് അത് ശ്രവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: