കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളംവഴി നടന്ന മനുഷ്യക്കടത്ത് സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നകാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചു കളി തുടരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം സിബിഐക്ക് വിടുമെന്ന് സര്‍ക്കാര്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഉന്നത പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അതീവ ഗുരുതരമായ കേസായിട്ടും വളരെ ലാഘവബുദ്ധിയോടെയാണ് അന്വേഷണം നടന്നത്. വിരമിക്കാന്‍ ഒരു ദിവസം മാത്രമുള്ള ഒരു ഡിവൈഎസ്പിയെയാണ് ആദ്യം അന്വേഷണത്തലവനായി നിയോഗിച്ചത്. എമിഗ്രേഷനിലെ എസ്പിമാര് വരെ സംശയത്തിന്റെ മുനയില്‍ നില്ക്കുന്ന കേസില്‍ താഴെതട്ടിലുള്ള ഉദ്യോഗസ്ഥരുടെഅന്വേഷണം ഫലം ചെയ്യില്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. ഇത്ര ഗുരുതരമായ കേസില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളും സൗദിഎയര്ലൈന്സിലെ ഒരു താത്കാലിക ജീവനക്കാരനും മാത്രമാണ് പിടിയിലായത്.
കേവലം ഒരു കോണ്‍സ്റ്റബിള്‍ മാത്രം വിചാരിച്ചാല്‍ ഒരാളെയും വിദേശത്തേക്ക് അനധികൃതമായി കയറ്റി അയയ്ക്കാനാകില്ല. എമിഗ്രേഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് രണ്ട് എസ്പിമാരാണ്. ഇവരുടെ കീഴില്‍ നാല് ഡിവൈഎസ്പിമാര്‍, 12 സര്ക്കിള്ഇന്സ്പെക്ടര്മാര്, 180 സബ് ഇന്‍സ്പെക്ടര്‍മാരുമുള്ള ശക്തമായ ടീമുള്ളപ്പോള്‍ ഒരു കോണ്‍സ്റ്റബിളിന് മാത്രം ഒന്നും ചെയ്യാനാകില്ലെന്ന് വ്യക്തമാണ്. ഉന്നതരുടെ അറിവോടും മൗനാനുവാദത്തോടുമല്ലാതെ ഒരു ഈച്ച പോലും വിദേശത്തേക്ക് കടക്കില്ല.
എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്മാര്, ട്രാവല്‍ ഏജന്‍സികള്‍, വ്യാജവിസയും പാസ്പോര്‍ട്ടും നിര്‍മിക്കുന്ന സംഘം ഉള്‍പ്പെടെ വന്‍ റാക്കറ്റാണ് മനുഷ്യക്കടത്തിന് പിന്നിലെന്ന് വ്യക്തമാണ്. 50,000 മുതല്‍ ലക്ഷങ്ങള്‍ വരെ കൈക്കൂലി വാങ്ങിയായിരുന്നു ‘ചവിട്ടിക്കയറ്റ്’. ഇക്കാലയളവില്‍ ഏതാണ്ട് ഒന്നരലക്ഷത്തോളം പേരെങ്കിലും നെടുമ്പാശ്ശേരി വഴി കടന്നുപോയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
അതുപോലെ നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കണ്ടെത്തി വീട്ടുവേലയ്ക്ക് എന്നു പറഞ്ഞ് വിദേശങ്ങളിലെ പെണ്വാണിഭകേന്ദ്രങ്ങളിലെത്തിക്കുന്ന വന്‍ സംഘവും ഇതിന് പിന്നിലുള്ളതായി സംശയിക്കുന്നു. പെണ്‍കുട്ടികളെ കണ്ടെത്താനും കയറ്റിഅയയ്ക്കാനും സെക്സ്റാക്കറ്റിന് കൈമാറാനും പ്രത്യേക സംഘങ്ങളുണ്ട്. ഗള്‍ഫില്‍ സന്ദര്‍ശനത്തിനെത്തുന്ന ഉന്നത ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പലപ്പോഴും ഇത്തരത്തില്‍ ചതിയില്‍പ്പെടുന്ന പെണ്‍കുട്ടികളെ കാഴ്ചവയ്ക്കാറുണ്ടത്രെ. ഭരണ-പ്ര തിപക്ഷങ്ങളില്പ്പെട്ടഉന്നതര്ക്ക് ഈറാക്കറ്റുകളുമായി അടുത്തബന്ധമാണുള്ളത്.
അതുകൊണ്ടു തന്നെയാണ് മനുഷ്യക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്ക്കേ നീക്കമുണ്ടായത്. മനുഷ്യക്കടത്തിന് പിന്നിലെ ശക്തമായ റാക്കറ്റിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ലോക്കല്‍ പോലീസിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്. അന്വേഷണത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി പലവട്ടം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പാണ് ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിലൂടെ മാത്രമെ അതിശക്തമായ ഈ റാക്കറ്റിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യം വ്യക്തമാണ്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: