ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ ജാമ്യകാലാവധി നീട്ടിനല്‍കണമെന്ന മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ആവശ്യം ലാഹോര്‍ ഹൈക്കോടതി നിരസിച്ചു. ഇതോടെ ഈ കേസിലും മുഷറഫിന്റെ അറസ്റ്റിന് സാധ്യത തെളിഞ്ഞു. ഭരണഘടന ലംഘിച്ച് ജഡ്ജിമാരെ തടവിലിട്ടെന്ന കേസില്‍ അറസ്റ്റിലായ മുഷറഫ് ഇപ്പോള്‍ രണ്ടാഴ്ച്ചത്തെ വീട്ടുതടങ്കലിലാണ്.
ഭൂട്ടോ വധക്കേസില്‍ പ്രത്യേകം വാദം കേള്‍ക്കാന്‍ ചൊവ്വാഴ്ച്ച മുഷറഫ് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ഇന്നലെ മുഷറഫോ മുഖ്യ അഭിഭാഷകനോ കോടതിയില്‍ എത്തിയില്ല. ജാമ്യകാലാവധി നീട്ടിനല്‍കണമെന്ന മുഷറഫിന്റെ ആവശ്യം കോടതി തള്ളിയ വിവരം പ്രോസിക്യൂട്ടറാണ് പുറത്തുവിട്ടത്. 2007ല്‍ മുഷറഫ് അധികാരത്തിലിരുന്ന സമയത്ത് റാവല്‍പിണ്ടിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. ബേനസീര്‍ വധിക്കപ്പെടുമെന്ന് മുന്നറിയിപ്പിട്ടുണ്ടായിരുന്നിട്ടും അവര്‍ക്ക് വേണ്ടത്ര സുരക്ഷ നല്‍കാത്ത മുഷറഫിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പിന്നീട് കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: