തിരുവനന്തപുരം: ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുന്ന അവസ്ഥയ്ക്ക് മാറ്റംവന്നില്ലെങ്കില്‍ ഹിന്ദുസമുദായം ഇല്ലാതാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം കൈമനം ബ്രഹ്മസ്ഥാനക്ഷേത്ര ഉത്സവത്തില്‍ ഹിന്ദുപാര്‍ലമെന്റ് മാതാഅമൃതാനന്ദമയി ദേവിക്ക് വിശ്വരത്ന പുരസ്കാരം നല്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കള്‍ വല്ലാതെ അവഗണിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഹിന്ദുക്കൂട്ടായ്മ അനിവാര്യമാണ്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളെ ചില ദോഷൈകദൃക്കുകള്‍ വിമര്‍ശിക്കുന്നുണ്ട്. സ്വന്തം കണ്ണിലെ കോലെടുക്കാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് കാണുന്നവരാണ് ഇവര്‍. എല്ലാവരെയും സ്വീകരിക്കുന്ന സംസ്കാരമാണ് നമ്മുടേത്.
പണ്ട് പള്ളിവയ്ക്കാനും പള്ളിക്കൂടം വയ്ക്കാനും സ്ഥലവും പ്രോത്സാഹനവും നല്കി. അതിഥികളായി വന്നവര്‍ ആതിഥേയരെ വേലക്കാരാക്കി വീട്ടുകാരായി മാറിയ ദുരവസ്ഥയാണ് ഇന്ന് ഹിന്ദുവിന്. ഹിന്ദു കൂട്ടായ്മ പറയുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കാനല്ല. ന്യൂനപക്ഷങ്ങള്‍ സംഘടിച്ചാലും ശക്തരായാലും ആ കൂട്ടായ്മ ശരിയല്ലെന്നു ഇവിടെയാരും പറയില്ല. കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ നിയമങ്ങളും ചട്ടങ്ങളുമെല്ലാം ന്യൂനപക്ഷങ്ങള്‍ക്കു വഴിമാറുകയാണ്. സാമൂഹിക നീതി അടിസ്ഥാനമാക്കിയുള്ള ഒരു ഭരണം ഇന്നലെയും ഉണ്ടായിട്ടില്ല, ഇന്നുമുണ്ടായിട്ടില്ല. സംഘടിത ന്യൂനപക്ഷങ്ങള്‍ കേരള ഖജനാവ് ചോര്‍ത്തുകയാണ്. ന്യൂനപക്ഷ വിധവകള്‍ക്ക് 2.5 ലക്ഷം ഉടന്‍ കിട്ടും. എല്ലാവിധവകളും ഒരു പോലെയല്ലേ ? അദ്ദേഹം ചോദിച്ചു.
ജാതിയുടെയും മതത്തിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ ഹിന്ദുസമൂഹത്തെ പല തട്ടുകളായി നിര്‍ത്താന്‍ കാലങ്ങളായി പലരും ശ്രമിക്കുന്നു. സംഘടിത ന്യൂനപക്ഷങ്ങളുടെ മുന്നില്‍ അസംഘടിതരായി ഹിന്ദുക്കളെ നിര്‍ത്തുന്നു. ഇതിന് ശ്രമിക്കുന്നവരുടെ കെണിയില്‍ ഹിന്ദുസമൂഹം ഇനി വീഴരുത്. ഇന്ത്യയിലും നേപ്പാളിലും മാത്രമാണ് ഹിന്ദുസമുദായം അവശേഷിക്കുന്നത്.
മതപരിവര്‍ത്തനം പോലുള്ള ഭീഷണികള്‍ നേരിടുന്നു. നീതി നിഷേധത്തിന്റെ രൂപമായി അവഗണിക്കപ്പെട്ട സമൂഹമായി ഹിന്ദുസമൂഹം മാറുന്നു. ഇനിയും ചെയ്യേണ്ട കര്‍മം ചെയ്തില്ലെങ്കില്‍ ഭാവി തലമുറ നമ്മളെ പരിഹസിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: