ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ സ്ഫോടനക്കേസിലെ പ്രതി സോക്കര്‍ സര്‍നേവിനെതിരെ കുറ്റപത്രം തയാറായി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ആയുധങ്ങള്‍ കൈവശം വെച്ചതിനും അത് വന്‍ നശീകരണത്തിന് ഉപയോഗിച്ചതിനുമാണ് കേസ്.
എന്നാല്‍ സാര്നെവിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. പോലീസുമായ ഏറ്റുമുട്ടലില്‍ കഴുത്തിനു സാരമായ പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. സുഖം പ്രാപിച്ചാലുടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും.
വെള്ളിയാഴ്ചയാണ് സോക്കര്‍ സര്‍നേവ് പോലീസ് പിടിയിലായത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സോക്കറിന്റെ സഹോദരന് തമര്‍ലാന്‍ സര്‍നേവ് കൊല്ലപ്പെട്ടിരുന്നു. സോക്കറും തമര്‍ലാനും ചേര്‍ന്നാണ് സ്ഫോടനം നടത്തിയതെന്നാണ് പോലീസ് നിഗമനം. തീവ്രവാദബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 2011ലും സോക്കറെ എഫ്ബിഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
ചെചന്‍ തീവ്രവാദികളുടെ താവളമായ ഡാഗസ്ഥാന് സ്വദേശികളാണ് സോക്കറും സഹോദരനും. അല്‍ഖ്വയ്ദയുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും എഫ്ബിഐ അന്വേഷിക്കുന്നുണ്ട്. മാരത്തണ്‍ ഫിനിഷിംഗ് പോയിന്റിന് സമീപത്തായുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ജീവന് നഷ്ടമാവുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: