കല്‍പ്പറ്റ: പശ്ചിമഘട്ടത്തിലെ ചതുപ്പുകളില്‍ മരത്തവളകളുടെ രണ്ട് ജാനസുകളെക്കൂടി കണ്ടെത്തി. സ്വതന്ത്രഗവേഷകരായ ഡോ.അനില്‍ സക്കറിയ(വയനാട്), റോബിന് കുര്യന് അബ്രഹാം(തിരുവനന്തപുരം) പുതിയ കണ്ടെത്തലിനു പിന്നില്‍. ഇതേക്കുറിച്ചുള്ള ലേഖനം ജര്‍മനിയില്‍ നിന്നുള്ള ‘സൂറ്റാക്സ’ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.
ഡോ.അനില്‍ സക്കറിയ, റോബിന് കുര്യന് അബ്രഹാം, ബി.ആര്. അന്‍സില്‍, വയനാട് വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ലാബിലെ ഡോ.അരുണ്‍ സക്കറിയ, അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫ. റോബര്‍ട്ട് അലക്സാണ്ടര്‍ പൈറന് എന്നിവര്‍ സംയുക്തമായി തയാറാക്കിയ ലേഖനമാണ് ‘സൂറ്റാക്സ’ പ്രസിദ്ധീകരിച്ചത്. പശ്ചിമഘട്ടത്തിലെ വനമേഖലകളിലുള്ള ചതുപ്പുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിക്കുന്നതാണ് ലേഖനം.
‘റാക്കോഫോറിഡേ’ എന്ന തവള കുടുംബത്തില്‍പ്പെടുന്നതാണ് പുതുതായി കണ്ടെത്തിയ ജാനസുകളെന്ന് ഡോ.അനില്‍ സക്കറിയ പറഞ്ഞു. ജാനസുകളില് ഒന്നിന് ‘ബഡോംഇക്സലസ് ബിജൂയി’ എന്നാണ് പേരിട്ടത്. രണ്ടാമത്തേതിനു ‘മെര്ക്കുറാന മെരിസ്റ്റികാപലുസ്ട്രിസ്’ എന്നും. മണ്മറഞ്ഞ രണ്ട് പ്രമുഖവ്യക്തിത്വങ്ങളോടു ബന്ധപ്പെടുത്തിയാണിത്.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡന്സിയില് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന കേണല്‍ റിച്ചാര്‍ഡ് ഹെന്‍ട്രി ബഡോം, ‘ക്യൂന്‍’ എന്ന പേരില്‍ വിശ്വപ്രസിദ്ധി നേടിയ ബ്രീട്ടീഷ് റോക്ക് ബാന്‍ഡിലെ പ്രധാനഗായകനും ഇന്ത്യന്‍ വംശജനുമായ ഫ്രെഡി മെര്‍ക്കുറി എന്നിവരുമായി ബന്ധപ്പെടുത്തിയ പേരുകളാണ് പുതിയ ജാനസുകള്ക്കിട്ടത്.
പശ്ചിമഘട്ടത്തിലെ ഉഭയജീവി വൈവിധ്യത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ബാഹ്യലോകത്തെ അറിയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കേണല്‍ ബെഡോം. പശ്ചിമഘട്ട മലനിരയിലെ പഞ്ചാഗ്നിയിലായിരുന്നു ഫ്രെഡി മെര്‍ക്കുറിയുടെ ബാല്യകാലം. റോക്ക് ബാന്‍ഡില്‍ മെര്‍ക്കുറി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
മരത്തവളകളില്‍ ‘ബഡോംഇക്സലസ് ബിജൂയി’ എന്ന ജാനസിനെ പശ്ചിമഘട്ടത്തിലെ ആനമലയിലുള്ള ചതുപ്പുകളിലും ‘മെര്ക്കുറാന മെരിസ്റ്റികാപലുസ്ട്രിസ്’നെ അഗസ്ത്യമലയടിവാരത്തെ ‘മെരിസ്റ്റിക’ചതുപ്പിലുമാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു. പുതുതായി കണ്ടെത്തിയ രണ്ട് ജാനസ് മരത്തവളകളും ചതുപ്പിലാണ് മുട്ടയിടുന്നത്. പശ്ചിമഘട്ടത്തില്‍ അഞ്ച് ജാനസുകളില്പ്പെട്ട മരത്തവളകളുടെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
പശ്ചിമഘട്ടത്തിലെ വനവും ചതുപ്പുകളും എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ടെന്ന് ദീര്‍ഘകാലമായി തവള ഗവേഷണ രംഗത്തുള്ള ഡോ. അനില്‍ സക്കറിയയും റോബിന് കുര്യന് അബ്രഹാമും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: