കൊട്ടാരക്കര: മഹാത്മാ അയ്യങ്കാളിയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മറ്റൊരു പെരിനാട് വിപ്ലവം ഒരുങ്ങുന്നു. സമരവീര്യം തുളുമ്പുന്ന ചിത്രത്തിന് ജില്ലയിലൊട്ടാകെ പ്രദര്‍ശനമൊരുക്കി ഭാരതീയ ജനതാ യുവമോര്‍ച്ചയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. തീയറ്റര്‍ ഉടമകളും സര്‍ക്കാരും സിനിമയ്ക്ക് അയിത്തം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യുവമോര്‍ച്ചയുടെ നീക്കം.
അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു സമൂഹത്തെ സമരസജ്ജരാക്കി അണിനിരത്തി പെരിനാട് വിപ്ലവത്തിലൂടെ ആ സ്വാതന്ത്ര്യം നേടിയെടുത്ത ധീരവിപ്ലവകാരിയായിരുന്നു മഹാനായ അയ്യന്‍കാളി. കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ വച്ചായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയുടെ സാന്നിധ്യത്തില്‍ അയ്യന്‍കാളി ഇതിനുള്ള സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്. ഈ ജീവിത കഥകള്‍ ഒപ്പിയെടുത്ത് അയ്യന്‍കാളിയുടെ പോരാട്ടവഴികള്‍ പുതുതലമുറയെ ഓര്‍മ്മിപ്പിക്കാന്‍ മാവേലിക്കര സ്വദേശി സൂര്യദേവന് ഒരു സിനിമ എടുത്തു. അതും ഒന്നരക്കോടി രൂപ മുതല്‍മുടക്കി. അയ്യന്‍കാളിയുടെ 150-ാം ജന്മവര്ഷത്തില് തന്നെ ആ സിനിമ പ്രദര്‍ശനത്തിനായി തയാറെടുത്തു. സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കി തിയറ്ററുകളിലേക്ക് സിനിമ എത്താന്‍ തുടങ്ങിയപ്പോള്‍ സര്‍ക്കാരിന്റെ ഉത്തരവ് എത്തി. ഈ സിനിമ കാണാന്‍ ആളില്ലാത്തതുകൊണ്ട് പ്രദര്‍ശനം നടത്തിയിട്ട് കാര്യമില്ല. സര്‍ക്കാരിന്റെ നയത്തിന് മുന്നില്‍ തിയറ്ററുടമകള്‍ മുട്ടുമടക്കി. സിനിമ പെട്ടിയിലും ആയി. സൂര്യദേവന് കടക്കെണിയിലും. പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനമെടുത്ത് പണിമതിയാക്കി വീട്ടിലെത്തേണ്ടിവന്നു എന്നത് മറ്റൊരു വിരോധാഭാസം.
നൂറുകണക്കിന് മസാലചിത്രങ്ങളും നാലാംകിട സിനിമകളും വരെ തിയറ്റുകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഈ സിനിമ വിലക്ക് നേരിടുന്നത് വിചിത്രമാണെന്ന് നിലയിരുത്തപ്പെടുന്നു.. സിനിമ നല്കുന്ന സന്ദേശം ആണ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്. കേരളത്തിലെ ഭരണാധികാരികള്‍ അടിമകളായി കണ്ടിരുന്ന പട്ടികജാതി- പട്ടികവര്‍ഗ സമൂഹത്തോട് പുനര്‍വിചിന്തനത്തിന് സിനിമ പറയാതെ പറയുന്നു.
“ഉണരു നിങ്ങള്‍ ഉയരത്തിലേക്ക് അറിവിന്റെ വെളിച്ചത്തിലേക്ക്” ഈ സന്ദേശം ആണ് അധികാരികളെ സിനിമ വിലക്കാന്‍ പ്രേരിപ്പിച്ചത്. തങ്ങള്‍ വോട്ട് ബാങ്കായി കണ്ടിരുന്ന സമൂഹം സത്യം തിരിച്ചറിയുമ്പോള്‍ എങ്ങനെ ചിന്തിക്കും എന്ന് ഭരണപക്ഷം ഭയപ്പെടുമ്പോള്‍, മറുപക്ഷം തങ്ങളാണ് പല സ്വാതന്ത്ര്യങ്ങളും നേടിത്തന്നതെന്ന് പറഞ്ഞ് പഠിപ്പിച്ച സമൂഹത്തോട് ഇതൊന്നും തങ്ങളല്ല അയ്യന്‍കാളിയാണ് നേടിയതെന്ന് അറിയുമ്പോള്‍ ഇവര്‍ എങ്ങനെ പ്രതികരിക്കും എന്നും ഭയപ്പെടുന്നു.
വിദ്യാഭ്യാസ അവകാശം, ജോലിക്ക് കൂലി, ഉച്ചക്കഞ്ഞി, ജോലിക്ക് നിജസമയം തുടങ്ങി അവകാശങ്ങള്‍ ആരാണ് പോരാടി നേടിയതെന്ന് സിനിമ പറയുമ്പോള്‍ അഴിഞ്ഞുവീഴുന്നത് പലരുടേയും മൂടുപടമാണ്. മാത്രമല്ല നമ്മുടെ രക്ഷയ്ക്ക് രാഷ്ട്രീയം തുണയ്ക്കെത്തില്ലെന്നും മേലാളന്മാര് എന്ന് പറയുന്നവരെ അടിച്ചമര്‍ത്താനുള്ള ചങ്കൂറ്റം നമ്മള് സ്വയം ആര്‍ജിക്കണം എന്നും സിനിമ ഉദ്ബോധിപ്പിക്കുന്നു. ഈ സിനിമകണ്ട് ഭയന്ന് ചിലര്‍ നല്കിയ ഉപദേശം ആണ് ഈ സിനിമയ്ക്ക് തിയറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
കേരളത്തിലെ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ പ്രധാനിയായിരുന്ന അചാര്യന്റെ ചരിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററില്ലെന്നത് സാംസ്കാരിക കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് യുവമോര്‍ച്ച സിനിമാ പ്രദര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളീയ സമൂഹം കണ്ടിരിക്കേണ്ട സിനിമ പ്രദര്‍ശിപ്പിക്കും എന്ന യുവമോര്‍ച്ച പ്രഖ്യാപനത്തിന് വന്‍ സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. സഹായ വാഗ്ദാനവുമായി വിവിധ സംഘടനകളും എത്തിത്തുടങ്ങി. 29ന് കഥകളിക്ക് കളിവിളക്ക് തെളിയിച്ച കൊട്ടാരക്കര മഹാഗണപതിയുടെ തിരുനടയില്‍ നിന്ന് ആദ്യപ്രദര്‍ശനം തുടങ്ങി സിനിമ ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് യുവമോര്‍ച്ച ഒരുക്കങ്ങള്‍ തുടങ്ങിയത്. സിനിമ പ്രദര്‍ശനത്തെ ചരിത്രസംഭവമാക്കി മാറ്റാനാണ് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന് പറഞ്ഞു.
ജി. സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: