കാസര്‍കോട്: കുമ്പള ആരിക്കാടി അഴീമുഖത്ത് വന്‍തോതില്‍ മണല്‍ക്കടത്ത്. നേരത്തെ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് അനധികൃത മണലെടുപ്പ് നടക്കുന്നതായി സ്ഥിരീകരിച്ച ആരിക്കാടി അഴീമുഖത്താണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ പിന്തുണയോടെ വീണ്ടും മണല്‍ക്കൊള്ള നടക്കുന്നത്. ലോഡ് കണക്കിന് കരമണലാണ് ദിവസവും ഇടിച്ചു കടത്തുന്നത്. അനധികൃത കടവുകളെന്ന് പഞ്ചായത്ത് അന്വേഷണത്തില്‍ വ്യക്തമായ ആരിക്കാടി, ഷിറിയ കടവുകള്ക്കെതിരെയും നടപടിയെടുത്തില്ല. കാസര്‍കോട് ഡിവിഷന് ഹോളോബ്രിക്സ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയാണ് ഡ്രഡ്ജിംഗിണ്റ്റെ മറവില്‍ മണല്‍ക്കൊള്ള നടത്തുന്നത്. കായലിന് ആഴം കൂട്ടുന്നതിനായി മണലെടുക്കുന്നതിനാണ് അനുമതിയെങ്കിലും പട്ടാപ്പകല്‍ അനധികൃതമായി കരമണല്‍ കൊത്തിയെടുക്കുകയാണ്. നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നപ്പോള്‍ സൊസൈറ്റിയുടെ ലൈസന്‍സ് രണ്ടുതവണ റദ്ദാക്കിയിരുന്നു. ഡ്രഡ്ജിംഗ് ഏരിയയുടെ പരിധി ലംഘിച്ചെന്ന് റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സൊസൈറ്റിയുടെ ലൈസന്‍സ് പുനസ്ഥാപിക്കുകയാണുണ്ടായത്. പോലീസ് അസിസ്റ്റണ്റ്റ് സൂപ്രണ്ടായിരുന്ന ടി.കെ.ഷിബു അഴിമുഖത്തെ മണല്‍ക്കൊള്ളയെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുമ്പളയിലും ഷിറിയയിലും പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ കടവുകള്‍ അനധികൃതമാണെന്ന് പഞ്ചായത്തും വ്യക്തമാക്കിയിരുന്നു. സൊസൈറ്റി പുഴ പുറമ്പോക്ക് സ്ഥലം അനധികൃതമായി കയ്യേറി ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും നടപടിയെടുക്കാന്‍ പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ പഞ്ചായത്ത് മറുപടി നല്‍കിയിരുന്നു. കടവ് നടത്തുന്നതിനുള്ള ലൈസന്‍സും സൊസൈറ്റിക്കില്ല. പ്രാദേശിക മുസ്ളിംലീഗ് നേതാക്കളുടേയും പഞ്ചായത്ത് ഭരണസമിതിയിലെ ലീഗ് അംഗങ്ങളുടേയും ഒത്താശയോടെയാണ് ആരിക്കാടിയിലെ മണല്‍ക്കൊള്ള അരങ്ങേറുന്നത്. ഇതിന് ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്. പ്രദേശത്തെ ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി തവണ ജില്ലാ കലക്ടര്‍ക്കും എഡിഎമ്മിനും പോലീസിനും പഞ്ചായത്ത് അധികൃതര്‍ക്കും തെളിവ് സഹിതം പരാതി നല്‍കിയിരുന്നു. പരാതിപ്പെട്ടവരെ മണല്‍മാഫിയ അക്രമിച്ചപ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. കണ്മുന്നില് നടക്കുന്ന കൊള്ളയ്ക്ക് മൗനാനുവാദം നല്‍കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. അതുകൊണ്ടുതന്നെയാണ് ഇതുവരെയായി പോലീസിണ്റ്റേയൊ റവന്യു വകുപ്പിണ്റ്റേയൊ പരിശോധന ഇവിടെ നടക്കാത്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: