കോട്ടയം: പഞ്ചവര്ണമൊരു ക്കാന്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് തിരുനക്കര ക്ഷേത്രമൈതാനത്ത് എത്തി. കോട്ടയം നഗരത്തെ ചുവര്‍ചിത്രങ്ങളിലൂടെ ചിത്രനഗരമാക്കാനുള്ള കേരള ലളിതകലാ അക്കാദമിയുടെ ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചവര്ണ്ണമൊരുക്കല് ചടങ്ങിലാണ് കാനായി കുഞ്ഞിരാമനും സഹധര്‍മ്മിണി നളിനിയും പങ്കുചേര്‍ന്നത്. ഇന്നലെ നിര്‍മ്മിച്ച കാവിചുവപ്പു നിറത്തിനുള്ള കല്ല് അരച്ച് നിര്‍മ്മാണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അനുഷ്ഠാനകലകള്‍ എന്നും തന്നെ ആകര്‍ഷിക്കുന്നതായും പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കാനായി കുഞ്ഞിരാമന് പറഞ്ഞു. കലയ്ക്ക് കാലമില്ല എന്ന സത്യം തിരിച്ചറിയണം. മറക്കപ്പെട്ടുപോകുന്ന കലകളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കണം. അജന്ത ചുമര് ചിത്രങ്ങളുടെ രചനയില്‍ അക്കാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന ചിത്രകാരന്മാര് പങ്കെടുത്തിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും കാനായി ഓര്‍മ്മിപ്പിച്ചു.
തിരുനക്കര ക്ഷേത്രമൈതാനത്ത് നടക്കുന്ന പഞ്ചവര്ണ്ണമൊരുക്കല് ചടങ്ങില്‍ ഇന്നലെ കാവി ചുവപ്പാണ് നിര്‍മ്മിച്ചത്. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ചുവന്ന കല്ല് ചുണ്ണാമ്പുപരുവത്തില് അരച്ച് ശുദ്ധജലത്തില്‍ കഴുകി ചെളി കളഞ്ഞാണ് കാവി ചുമപ്പുനിറം നിര്‍മ്മിക്കുന്നത്. ഇതിനോട് ആര്യവേപ്പിന് പശ വെള്ളത്തില്‍ ചാലിച്ച് ചേര്‍ത്താണ് ചിത്രരചനയ്ക്കുള്ള കാവി ചുവപ്പുനിറം തയ്യാറാക്കുന്നത്.
ഇന്ന് പച്ചനിറമാണ് നിര്‍മ്മിക്കുന്നത്. നീലഅമരിയുടെ ഇലച്ചാറില് എരുവിക്കറ ചേര്‍ത്താണ് പച്ചനിറം നിര്‍മ്മിക്കുന്നത്. ആദ്യദിവസം കറുപ്പു നിറവും രണ്ടാം ദിവസം മഞ്ഞനിറവും തയ്യാറാക്കിയിരുന്നു. നാളെ വെള്ളനിറം നിര്‍മ്മിക്കും. കുമ്മായത്തില് കരിക്കിന്‍വെള്ളം ചേര്‍ത്താണ് വെള്ളനിറം നിര്‍മ്മിക്കുന്നത്. മെയ് 13 മുതലാണ് നഗരത്തിലെ ആരാധനാലയങ്ങളും പൊതുസ്ഥലങ്ങളുമടക്കം 21 സ്ഥലങ്ങളില്‍ 350ഓളം കലാകാരന്മാര് ചേര്‍ന്നാണ് ചുവര്‍ചിത്രങ്ങള്‍ രചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: