ചെങ്ങന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എയുടെ ഓഫീസിലേക്ക് ഐ ഗ്രൂപ്പ് മാര്‍ച്ചും ധര്‍ണയും നടത്തി. കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ പോലീസിന്റെ സഹായത്തോടെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ച എംഎല്‍എയുടെ നടപടിയെക്കെതിരെയായിരുന്നു സമരം.
ഐ ഗ്രൂപ്പിലെ പ്രമോദ് ചെന്നിത്തല, ശ്രീകുമാര്‍ ആല, അജു തിരുവന്‍വണ്ടൂര്‍, പ്രശാന്ത് ആല, ദിനേഷ് ചെറിയനാട്, മിഥുന് പുലിയൂര്, രാജേഷ് ചെന്നിത്തല, ബിനു ചെന്നിത്തല, ഷെറിന് ആല, രതീഷ് തുടങ്ങി പന്ത്രണ്ടോളംപേര്‍ക്ക് സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിലെ തീയതി പതിനേഴാണെന്നാണ് കാട്ടിയിരിക്കുന്നതെന്നും സംഭവം നടന്നത് പത്തൊന്പതിനാണെന്നും ഇത് എംഎല്‍എ മുന്‍കൂട്ടി തയ്യാറാക്കിയ നാടകമായിരുന്നുവെന്നും ഐ ഗ്രൂപ്പുകാര്‍ ആരോപിക്കുന്നു.
ഇന്നലെ വൈകിട്ട് ആറോടെ താലൂക്ക് ആശുപത്രി ജങ്ങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.വി.ജോണ്‍, ഡിസിസി അംഗങ്ങളായ രാജേഷ്, അഡ്വ സുരേഷ്കുമാര്‍, ഐഎന്റ്റിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ദേവദാസ്, ഇന്ദ്രജിത്ത്, സുജന്‍ ഐക്കര, ഹരിപാണ്ടനാട്, മോഹന്‍ മുളക്കുഴ, പി.സി.രാജു, പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു. എംഎല്‍എയുടെ തരംതാഴ്ന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: