ന്യൂദല്‍ഹി: ഒടുവില്‍ ദല്‍ഹി വിജയവഴിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്കുശേഷം കളിക്കാനിറങ്ങിയ ദല്‍ഹി മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. 73 റണ്‍സ് നേടിയ രോഹിത്ശര്‍മ്മയും 54 റണ്‍സ് നേടിയ സച്ചിനുമാണ് മുംബൈയെ മികച്ച സ്കോറില്‍ എത്തിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹിയുടെ തീര്‍ത്തും വേറിട്ടൊരു മുഖമാണ് ഫിറോസ് ഷാ കോട്ലയില് കണ്ടത്. ഏറെക്കാലമായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്ന വീരേണ്ടര്‍ സേവാഗ് ഉണര്‍ന്നതോടെ ദല്‍ഹിയുടെ ജയം അനായാസമായി. 57 പന്തില്‍ 13 ഫോറും രണ്ട് കൂറ്റന്‍ സിക്സും അടക്കം 95 റണ്‍സ് നേടിയാണ് സെവാഗ് താണ്ഡവം നടത്തിയത്. ഡേവിഡ് വാര്‍ണര്‍ക്ക് പകരമായി ഓപ്പണിംഗിനെത്തിയ ക്യാപ്റ്റന്‍ മഹേള ജയവര്‍ധന കൂടി താളം കണ്ടെത്തിയതോടെ മുംബൈ ബൗളര്‍മാര്‍ ശരിക്കും വിഷമിച്ചു. 43 പന്തില്‍ 59 റണ്‍സ് നേടിയ ജയവര്‍ധന എട്ട് ഫോറും ഒരു സിക്സും നേടി. വിജയലക്ഷ്യമായ 162 റണ്‍സ് മൂന്ന് ഓവര്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. സേവാഗാണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഓപ്പണിംഗിനിറങ്ങിയത് സച്ചിനൊപ്പം ഡ്വെയ്ന്‍ സ്മിത്തായിരുന്നു. എന്നാല്‍ ടീമിന് മികച്ച തുടക്കം നല്കുന്നതില് ഇത്തവണയും ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ സ്മിത്തിനെ മുംബൈക്ക് നഷ്ടമായി. 12 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയുള്‍പ്പെടെ 8 റണ്‍സെടുത്ത സ്മിത്തിനെ വാന്‍ ഡര് മെര്‍വിന്റെ പന്തില്‍ ഉമേഷ് യാദവ് പിടികൂടി. സ്കോര്‍ 22-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും മുംബൈക്ക് നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മുംബൈക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ ദിനേശ് കാര്‍ത്തിക്കാണ് മടങ്ങിയത്. രണ്ട് റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക് റണ്ണൗട്ടായാണ് മടങ്ങിയത്. പിന്നീട് ടെണ്ടുല്‍ക്കര്‍ക്ക് കൂട്ടായി രോഹിത് ശര്‍മ്മ ക്രീസിലെത്തിയതോടെ മുംബൈ മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരുവരും മികച്ച ഷോട്ടുകളുതിര്‍ത്ത് സ്കോര്‍ മുന്നോട്ടു നീക്കിയതോടെ 8.5 ഓവറില്‍ മുംബൈ സ്കോര്‍ 50-ല്‍ എത്തി. 14.2 ഓവറില്‍ മുംബൈ സ്കോര്‍ 100 കടന്നു. അധികം വൈകാതെ രോഹിത് ശര്‍മ്മ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 31 പന്തില്‍ നിന്ന് 5 ബൗണ്ടറിയും രണ്ട് സിക്സറുമടക്കമാണ് രോഹിത് 50ലെത്തിയത്. തൊട്ടുപിന്നാലെ സച്ചിനും ഈ സീസണിലെ ആദ്യ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി. 43 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കാണ് സച്ചിന് 50 തികച്ചത്. എന്നാല്‍ 16.2 ഓവറില്‍ സ്കോര്‍ 118-ല്‍ എത്തിയപ്പോള്‍ സച്ചിന് മടങ്ങി. 47 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 54 റണ്‍സെടുത്ത സച്ചിനെ ഉമേഷ് യാദവിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പിടികൂടി. പിന്നീട് രോഹിത് ശര്‍മ്മയും കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് 19 ഓവറില്‍ സ്കോര്‍ 149-ല്‍ എത്തിച്ചു. ഉമേഷ് യാദവിന്റെ ഈ ഓവറിലെ അവസാന പന്തില്‍ റസ്സലിന് ക്യാച്ച് നല്കി രോഹിത്ശര്‍മ്മയും മടങ്ങി. 43 പന്തുകള്‍ നേരിട്ട് അഞ്ച് വീതം ബൗണ്ടറികളും സിക്സറുമടക്കമാണ് രോഹിത് 73 റണ്‍സെടുത്തത്. അവസാന ഓവറില്‍ പൊള്ളാര്‍ഡും റായിഡുവും ചേര്‍ന്ന് 12 റണ്‍സ് നേടിയതോടെയാണ് മുംബൈ സ്കോര്‍ 161-ല്‍ എത്തിയത്. പൊള്ളാര്‍ഡ് 10 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയും സിക്സറുമടക്കം 19 റണ്‍സെടുത്തും റായിഡു 2 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ദല്‍ഹിക്ക് വേണ്ടി ഉമേഷ് യാദവ് 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
162 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ വീരുവും ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സെവാഗ് കത്തിക്കയറിയതോടെ ഫിറോസ് ഷാ കോട്ലയില് തടിച്ചുകൂടിയ കാണികള്‍ ആവേശത്തിലാറാടി. ഏറെക്കാലമായി റണ്ണൊഴുകാതിരുന്ന സെവാഗിന്റെ ബാറ്റില്‍ നിന്ന് അനര്‍ഗളമായി ബൗണ്ടറികളും സിക്സറുകളും ഒഴുകിയതോടെ ദല്‍ഹിയുടെ സ്കോറിംഗിന് റോക്കറ്റ് വേഗം നല്കി. ഒപ്പം ജയവര്‍ദ്ധനെയും താണ്ഡവനൃത്തം ആരംഭിച്ചതോടെ മുംബൈ ക്യാപ്റ്റന്‍ പോണ്ടിംഗും ഇതിഹാസതാരം സച്ചിനും തലയില്‍ കൈവച്ചുനില്‍ക്കുകയായിരുന്നു. 4.5 ഓവറില്‍ സ്കോര്‍ 50 കടന്ന ദല്‍ഹി സ്കോര്‍ 10 ഓവര്‍ തികയും മുന്നേ 100 പിന്നിട്ടു.
ഇതിനിടെ സെവാഗ് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 31 പന്തുകളില്‍ നിന്ന് 6 ബൗണ്ടറിയും രണ്ട് സിക്സറുമടക്കമാണ് സെവാഗ് 50 എത്തിയത്. ഏറെ വൈകാതെ ജയവര്‍ദ്ധനെയും അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 34 പന്തില്‍ നിന്നാണ് ജയവര്‍ദ്ധനെ 50ലെത്തിയത്. അര്‍ദ്ധസെഞ്ച്വറി പിന്നിട്ടതോടെയാണ് സെവാഗ് കൂടുതല്‍ ആക്രമണകാരിയായത്. ഒടുവില്‍ ജയത്തിന് 11 റണ്‍സ് അകലെവച്ചാണ് ഒരു വിക്കറ്റ് വീഴ്ത്താന്‍ മുംബൈക്ക് കഴിഞ്ഞത്. 43 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും ഒരു സിക്സറുമടക്കം 59 റണ്‍സെടുത്ത ജയവര്‍ദ്ധനയെ മലിംഗ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് 7 റണ്‍സെടുത്ത വാര്‍ണറെ ഒപ്പം നിര്‍ത്തി 17-ാം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച് സെവാഗ് ഡെയര്‍ ഡെവിള്‍സിന്റെ കന്നി വിജയം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: