തൃശൂര്‍: സാംസ്ക്കാരിക നഗരിയായ തൃശൂര്‍ ഇന്ന് പൂരത്തിന്റെ നിറവില്‍. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെയും ഇലഞ്ഞിത്തറ മേളത്തിന്റെയും നാദവിസ്മയങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ശക്തന്റെ തട്ടകം ഒരുങ്ങി.
ദേശങ്ങള്‍ താണ്ടി പൂരനഗരിയിലെത്തിയ അതിഥികളെ സ്വീകരിക്കാന്‍ തൃശൂര്‍ നഗരവും ഒരുങ്ങി.
തട്ടകത്തിലെ ദേശപെരുമയുമായി ഘടക പൂരങ്ങള്‍ വടക്കുംനാഥ സന്നിധിയില്‍ എത്തുന്നതോടെയാണ് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്. ഘടക പൂരങ്ങള്‍ അവസാനിക്കുനനതിന് മുമ്പു തന്നെ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ചടങ്ങുകള്‍ക്കും തുടക്കമാവും.
പ്രസിദ്ധമായ മഠത്തില്‍വരവിനും ഇലഞ്ഞിത്തറ മേളത്തിനും സാക്ഷിയാവാന്‍ പതിനായിരങ്ങളാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുക.
മഠത്തില്‍വരവിലെ പഞ്ചവാദ്യത്തിന് അന്നനട പരമേശ്വരന് നായരാണ് നേതൃത്വം നല്‍കുക. ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന് മാരാര്‍ മേളപ്രമാണിയാവും. അഞ്ചരയോടെയാണ് വര്‍ണങ്ങള്‍ വാരിവിതറി കുടമാറ്റം നടക്കുക. നാല്പതോളം സെറ്റ് കുടകളാണ് കുടമാറ്റത്തിനായി ഇരുവിഭാഗവും തയ്യാറാക്കിയിരിക്കുന്നത്. തിങ്കള്‍ പുലര്‍ച്ചെ നാലിനാണ് പ്രസിദ്ധമായ വെടിക്കെട്ട്.
തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന പകല്‍പ്പൂരത്തിന് ശേഷം ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: