മലപ്പുറം: വല്ലാര്‍പ്പാടം കോഴിക്കോട് തീരദേശപാത തീരപ്രദേശത്തിന്റെ സമഗ്രപുരോഗതിക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരൂര്‍ പറവണണ്ണയില് തീരദേശ പാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി-കോഴിക്കോട് യാത്രാ സമയം കുറയ്ക്കുന്നതോടൊപ്പം ടൂറിസം രംഗത്തെ വികസനത്തിനും പാതയുടെ നിര്‍മാണം വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രയത്നം ആവശ്യമാണ്. തീരദേശപാതയ്ക്ക് സ്ഥലം നല്കുന്നവര് നാടിന് വേണ്ടി ത്യാഗം ചെയ്യുകയാണ്. അവരുടെ ത്യാഗത്തിനനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നഷ്ടപരിഹാരം ലഭിക്കുന്നതിന് ആരും മുദ്രാവാക്യം വിളിക്കേണ്ട സ്ഥിതിയുണ്ടാവില്ല മുഖ്യമന്ത്രി പറഞ്ഞു.
2000 കോടി ചെലവുളള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണത്തിന് 117 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നിലവിലുളള ടിപ്പു സുല്‍ത്താന്‍ റോഡ് ഘട്ടം ഘട്ടമായി നവീകരിച്ച് വല്ലാര്‍പ്പാടം മുതല്‍ കോഴിക്കോട് വരെയുളള തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിനുളള സമഗ്ര പദ്ധതിക്കാണ് ഇതോടെ തുടക്കമായത്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ തീരപ്രദേശങ്ങളിലെ വ്യവസായ, വാണിജ്യ, ടൂറിസം വികസനത്തിനും മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കും പദ്ധതി ആക്കം കൂട്ടും.
ഉദ്ഘാടനത്തോടനുബന്ധിച്ച പൊതുസമ്മേളനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനായി. ഗതാഗത വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്, ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി., എം.എല്‍.എ. മാരായ സി.മമ്മൂട്ടി, അബ്ദു റഹ്മാന് രണ്ടത്താണി, കെ.റ്റി. ജലീല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പൊലീസ് സൂപ്രണ്ട് കെ.സേതുരാമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: