കല്‍പ്പറ്റ: പട്ടികവര്‍ഗ വിഭാഗത്തിനുവേണ്ടി വയനാട്ടില്‍ നടപ്പിലാക്കിയ ജലസംഭരണികളിലെ മത്സ്യകൃഷി വന്‍ വിജയമെന്ന്. സംസ്ഥാനത്താദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയുടെ ചുവട് പിടിച്ച് സംസ്ഥാനത്തൊട്ടാകെ അണക്കെട്ടുകളില്‍ മത്സ്യം വളര്‍ത്തലും വിളവെടുപ്പും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്.
കാരാപ്പുഴ അണക്കെട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ മത്സ്യകൃഷി വിജയകരമാണെന്ന് കേന്ദ്ര ഉള് നാടന്‍ മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഫിറോസ് ഖാന് പറഞ്ഞു. . കാരാപ്പുഴയില്‍ നെല്ലാറച്ചാല്‍ കേന്ദ്രമായുള്ള പട്ടികവര്‍ഗ ഫിഷറീസ് സഹകരണസംഘമാണ് മത്സ്യബന്ധനം നടത്തുന്നത്. 2011ല്‍ രൂപവത്കരിച്ച ഈ സംഘത്തില്‍ 24 അംഗങ്ങളുണ്ട്.
2010ല്‍ കാരാപ്പുഴയില്‍ ആറുലക്ഷവും ബാണാസുരസാഗറില്‍ ഒമ്പതുലക്ഷവും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇവ വളര്‍ന്നാണ് ഇവിടങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ധിച്ചത്. കട്ല, രോഹു, മൃഗാല്‍ എന്നീ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ബാണാസുരസാഗറില്‍ 1660ഉം കാരാപ്പുഴയില്‍ 1250ഉം ഹെക്ടര്‍ മത്സ്യകൃഷിക്ക് ഉപയുക്തമാക്കാവുന്നതാണ്. മത്സ്യകൃഷി ജലസംഭരണിക്ക് യാതൊരുവിധത്തിലും ദോഷകരമല്ലെന്ന് കേന്ദ്ര ഉള്‍നാടന്‍ മത്സ്യഗവേഷണസ്ഥാപനത്തിന്റെ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തെ മറ്റു ജലസംഭരണികളിലും മത്സ്യകൃഷി ആരംഭിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.
സഹകരണസംഘാംഗങ്ങളെ ബാംഗ്ലൂരിലെ ഉള്‍നാടന്‍ മത്സ്യഗവേഷണസ്ഥാപനത്തില് കൊണ്ടുപോയി കൃത്രിമ മത്സ്യ പ്രജനനത്തില്‍ പരിശീലനം നല്‍കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ദേശീയ മത്സ്യ വികസനബോര്‍ഡ്, കേന്ദ്ര ഉള്‍നാടന്‍ മത്സ്യ വികസനപഠനകേന്ദ്രം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റിസര്‍വോയര്‍ ഫിഷറീസ് സഹകരണസംഘങ്ങള്‍ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: