കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഈഡന് ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയത്. നാല് വിക്കറ്റിനാണ് ചെന്നൈ കൊല്‍ക്കത്തയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ 124 റണ്‍സെടുത്താണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിംഗ് നടത്തി പുറത്താകാതെ 36 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെയും 40 റണ്‍സെടുത്ത മൈക്ക് ഹസ്സിയുടെയും മികച്ച പ്രകടനമാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. കൊല്‍ക്കത്തക്ക് വേണ്ടി ഒാപ്പണര്‍മാരായ ഗംഭീറും യൂസഫ് പഠാനും 25 റണ്‍സ് വീതമെടുത്തു.
ടോസ് നേടിയ കൊല്‍ക്കത്ത നായകന് ഗംഭീര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഗംഭീറും യൂസഫ് പഠാനും ചേര്‍ന്ന് മികച്ച തുടക്കം നല്‍കുകയും ചെയ്തു. 5.5 ഓവറില്‍ 46 റണ്‍സാണ് ഓപ്പണര്‍മാര്‍ നേടിയത്. 19 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 25 റണ്‍സെടുത്ത ഗംഭീറിനെ മോറിസിന്റെ പന്തില്‍ ഹസ്സി പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ കല്ലിസ് ഒരു പന്തുപോലും നേരിടുന്നതിന് മുമ്പ് റണ്ണൗട്ടായി മടങ്ങി. പിന്നീട് വന്ന മോര്‍ഗനും പരാജയപ്പെട്ടു. 7 പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രമെടുത്ത മോര്‍ഗനെ ബ്രാവോയുടെ പന്തില്‍ ജഡേജ പിടികൂടി. സ്കോര്‍ 3ന് 50.
സ്കോര്‍ 55-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും കൊല്‍ക്കത്തക്ക് നഷ്ടമായി. 22 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയോടെ 25 റണ്‍സെടുത്ത യൂസഫ് പഠാന് റണ്ണൗട്ടായാണ് മടങ്ങിയത്. തുടര്‍ന്ന് ഒത്തുചേര്‍ന്ന മനോജ് തിവാരിയും ദേബബ്രതദാസും ചേര്‍ന്ന് സ്കോര്‍ 82-ല്‍ എത്തിച്ചു. 15 പന്തില്‍ നിന്ന് രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 19 റണ്‍സെടുത്ത ദാസിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത മനോജ് തിവാരിയെയും അശ്വിന് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. പിന്നീട് രജത് ഭാട്ടിയ (1), ലക്ഷ്മിരത്തന്‍ ശുക്ല (1) എന്നിവര്‍ വന്നതും പോയതും ഒരുമിച്ചായിരുന്നു. സ്കോര്‍ 8ന് 91. ഒടുവില്‍ 6 പന്തില്‍ നിന്ന് രണ്ട് സിക്സറുകളുടെ സഹായത്തോടെ 13 റണ്‍സെടുത്ത സുനില്‍ നരേയ്നാണ് കൊല്‍ക്കത്ത സ്കോര്‍ 100 കടത്തിയത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 7 റണ്‍സുമായി സേനാനായകെയും 9 റണ്‍സുമായി ബാലാജിയും ക്രീസിലുണ്ടായിരുന്നു. നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനും ചേര്‍ന്നാണ് കൊല്‍ക്കത്തയെ ചെറിയ സ്കോറില്‍ ഒതുക്കിയത്.
120 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തെ പിന്തുടര്‍ന്ന ചെന്നൈക്കായി ഇന്നിംഗ്സ് ഒാപ്പണ്‍ ചെയ്തത് മൈക്ക് ഹസ്സിയും അശ്വിനും ചേര്‍ന്നാണ്. എന്നാല്‍ സ്കോര്‍ 24-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത അശ്വിനെ നഷ്ടമായി. നരേയ്ന്റെ പന്തില്‍ സേനാനായകെക്ക് ക്യാച്ച് നല്‍കിയാണ് അശ്വിന് മടങ്ങിയത്. പിന്നീട് വിക്കറ്റുകളുടെ കൂട്ടവീഴ്ചയായിരുന്നു. സ്കോര്‍ 31-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത മുരളി വിജയിനെ സേനാനായകെ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് സ്കോര്‍ 40-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത സുരേഷ് റെയ്നയും മടങ്ങി. യൂസഫ് പഠാന്റെ പന്തില്‍ നരേയ്ന് ക്യാച്ച് നല്‍കിയാണ് റെയ്ന മടങ്ങിയത്.
സ്കോര്‍ 54-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത ധോണിയെയും നഷ്ടപ്പെട്ടതോടെ ചെന്നൈ പരാജയത്തിലേക്ക് വഴുതുകയാണെന്ന് തോന്നിച്ചു. സ്കോര്‍ 71-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത ബദരിനാഥിനെ കല്ലിസ് ബൗള്‍ഡാക്കി 5ന് 79. സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും ചെന്നൈക്ക് നഷ്ടമായി. 51 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത് ചെന്നൈ ഇന്നിംഗ്സിലെ ടോപ്സ്കോറര്‍ മൈക്ക് ഹസ്സിയെ ബാലാജി യൂസഫ് പഠാന്റെ കൈകളിലെത്തിച്ചു. ഇതോടെ തോല്‍വിയെ നേരിട്ട ചെന്നൈക്ക് വേണ്ടി രക്ഷകന്റെ രൂപത്തില്‍ രവീന്ദ്ര ജഡേജ അവതരിച്ചു.
കൊല്‍ക്കത്ത ബൗളര്‍മാരെ അടിച്ചുപറത്തി വെറും 14 പന്തില്‍ നിന്ന് മൂന്ന് വീതം ബൗണ്ടറികളും സിക്സറുമടക്കം 36 റണ്‍സ് നേടി പുറത്താകാതെ നിന്ന ജഡേജ 7 റണ്‍സെടുത്ത ബ്രാവോയെ കൂട്ടുപിടിച്ച് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ടീമിനെ വിജയത്തിലേക്ക് നയിച്ചു. രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്.
ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നാം സ്ഥാനത്താണ്. 6 മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത രണ്ട് വിജയവും നാല് പരാജയവുമടക്കം ഏഴാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: