കോര്‍പ്പറേറ്റ് തമ്പുരാക്കന്മാരുടെ ക്രൗര്യത്തിന്റെ കൊമ്പൊടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ കഴിയില്ലേ എന്ന് ചോദിച്ചാല്‍ ലാല്‍ജോസ് കഴിയുമെന്നുതന്നെ പറയും. അത് അറിയണമെങ്കില്‍ ഇമ്മാനുവല്‍ കണ്ടാല്‍ മതി. പോസ്റ്ററില്‍ ഇമ്മാനുവല്‍ എന്ന് വലിയക്ഷരത്തിലും ദൈവം നമ്മോടുകൂടെ എന്ന് ചെറിയക്ഷരത്തിലും കാണാം. ടാര്‍ജറ്റ്, ലാഭം എന്നീ കാര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി മനുഷ്യത്വം എന്താണെന്നു പോലും തിരിച്ചറിയാത്ത ആധുനിക മാനേജ്മെന്റ് സംവിധാനത്തില്‍ മാനവികതയുടെ സ്നേഹലേപനം പുരട്ടാന്‍ ഒരു സാധാരണക്കാരന് കഴിയുമെന്ന് വരുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നുമോ, അത്ഭുതം തോന്നുമോ? എന്തു തോന്നിയാലും ഒരു കാര്യം ശരിയാണ്. എന്തൊക്കെ ആദര്‍ശദാര്‍ഢ്യപ്പൊങ്ങച്ചമുണ്ടായാലും മാനവികത, മനുഷ്യത്വം ഇതൊന്നുമില്ലെങ്കില്‍ എന്തുണ്ടായിട്ടും കാര്യമില്ല.
കോര്‍പ്പറേറ്റ് തമ്പുരാക്കന്മാരുടെ കോപ്രായത്തിന്റെ കാളിമ ചെത്തിമാറ്റി അവിടെ മാനവികതയുടെ ചന്ദനം പുരട്ടിയാലേ മനുഷ്യത്വം പുഷ്ടിപ്പെടൂ. നമ്മുടെ അരികില്‍, നാമറിയാതെ പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന മാനവികതയുടെ പൂമരങ്ങള്‍ കാണിച്ചുതരാനുള്ള കലാത്മകമായ ചുവടുവെപ്പാണ്, ലാല്‍ജോസിന്റെ ഇമ്മാനുവല്‍ എന്ന ചലച്ചിത്രം.
ദൈവം ഒരുപാട് സമ്പന്നരെ സൃഷ്ടിക്കും, ഒരുപാട് സൗകര്യങ്ങള്‍ കിട്ടുന്നവരെ സൃഷ്ടിക്കും. എന്നാല്‍ ചിലരില്‍ ദൈവം തന്നെ തന്നെ ഒളിച്ചുവെക്കും. അത് ദൈവരാജ്യത്തെ പണി ഭൂമിയില്‍ ചെയ്യാനുള്ള ആളായിരിക്കും. അങ്ങനെയുള്ള ഒരാളായാണ് ഇമ്മാനുവലിനെ ലാല്‍ ജോസ് അവതരിപ്പിക്കുന്നത്.
ആര്‍ക്കും മനസ്സിലാവാത്ത ആദര്‍ശദാര്‍ഢ്യവും മതബോധവും ഉണ്ടായിട്ടും കാര്യമില്ല കോര്‍പ്പറേറ്റ് തമ്പുരാനായാല്‍ എന്നും ലാല്‍ ജോസ് സിഗ്മ കമ്പനിയുടെ മാനേജരിലൂടെ പറഞ്ഞുവെക്കുന്നു. ടിയാന്‍ സദാസമയവും ബൈബിള്‍ വായനയിലാണ്. മറ്റേതെങ്കിലും ഗ്രന്ഥമായിരുന്നെങ്കില്‍ ലാല്‍ ജോസിന് അല്‍പം വിയര്‍ക്കേണ്ടിവന്നേനെ. മീശമാധവനില്‍ കണികാണിക്കുമ്പോള്‍ ഉണ്ടായസംഭവവും പട്ടാളത്തില്‍ മൊയ്തു പിലാക്കണ്ടിയെ സ്വാധീനിക്കുന്ന തീവ്രവാദഘടകവും നമുക്കു മറക്കാം. സ്വത്വത്തിന്റെ നിതാന്തജാഗ്രതയില്‍ നിന്ന് ഏത് ലാല്‍ ജോസിനും മാറാനാവില്ല എന്നതത്രേ വസ്തുത. അതേ ജാഗ്രത തന്നെയാണ് (പ്രശ്നം ഉണ്ടാക്കേണ്ടെന്ന) ഇമ്മാനുവല്‍ സിനിമയിലെ മാനേജരെക്കൊണ്ട് ബൈബിള്‍ വായിപ്പിക്കുന്നതും. ഈ മനുഷ്യന്‍ ടാര്‍ജറ്റും ലാഭവും മാത്രം സദാസമയവും ഉരുവിട്ട് നടക്കുന്നവനാണെന്ന് ഓര്‍ക്കുകയും വേണം.
എന്തായാലും നന്മയുടെ പൂമരങ്ങളെ കാണിച്ചുതന്നുകൊണ്ട് മാനവികതയുടെ ഹരിത സമൃദ്ധി ഏത് കിരാതനിലും മാറ്റമുണ്ടാക്കുമെന്ന് നമുക്ക് ഇമ്മാനുവല്‍ അനുഭവിപ്പിച്ചുതരുന്നു. ആധുനിക സമൂഹത്തിന്റെ ജീര്‍ണതകളെ കണ്ടും കേട്ടും അനുഭവിച്ചും തളര്‍ന്നു പോവുന്നവര്‍ക്ക് പിടിവള്ളിയാവും ഇമ്മാനുവല്‍. മാനേജ്മെന്റ് സംവിധാനത്തിലുള്ളവര്‍ (സ്വകാര്യ-പൊതുമേഖല- സര്‍ക്കാര്‍) 100 രൂപ മുടക്കിയാലും വേണ്ടില്ല ഇമ്മാനുവല്‍ കാണണം. മനസ്സിന്റെ ഏതെങ്കിലും മൂലയില്‍ മനുഷ്യത്വം ചുരുണ്ടുകിടപ്പുണ്ടെങ്കില്‍ അതൊന്നു പൂത്തു തളിര്‍ക്കട്ടെ.
കൊലപ്പെടുത്തല്‍ അധാര്‍മ്മികമാണെന്ന് ബഹുഭൂരിപക്ഷവും പറയുന്നു. സമൂഹത്തിന് മൊത്തം ഭീഷണിയായ ക്രിമിനലിനെ ജീവനോടെ നിലനിര്‍ത്തുന്നതും അതേപോലെ അധാര്‍മികമാണ്. ജീവന്‍ കൊടുക്കാന്‍ കഴിയാത്ത നിയമത്തിന് ജീവനെടുക്കാന്‍ അവകാശമുണ്ടോ? ഇവിടെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എത്ര കൊടിയക്രിമിനലിനുള്ളിലും ഒരു വേള അല്‍പം കനിവൊക്കെ ഉറങ്ങിക്കിടപ്പുണ്ടാവാം. ദേഷ്യം കത്തിക്കാളുന്ന കണ്ണുകൊണ്ട് തല്‍ക്കാലം അത് കാണാനാവില്ല എന്നേയുള്ളൂ. വധശിക്ഷ സംബന്ധിച്ച് ഇപ്പോള്‍ വ്യാപകമായ ചര്‍ച്ചയാണ് നടക്കുന്നത്. ഈയടുത്ത് രാഷ്‌ട്രപതി ദയാഹര്‍ജി തള്ളിയതിലെ കാലതാമസം ചൂണ്ടിക്കാട്ടി, വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന ദേവീന്ദര്‍പാല്‍സിങ് ഭുള്ളാര്‍ എന്നയാളുടെ അപേക്ഷ നിരാകരിച്ച സുപ്രീംകോടതി കാലതാമസം വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള മാനദണ്ഡമാക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതോടെ ഈ മേഖലയില്‍ പുതിയ ചര്‍ച്ചകളും വിവാദങ്ങളും മറ്റും ഉയര്‍ന്നിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ മാതൃഭൂമിയില്‍ രണ്ട് പ്രഗല്‍ഭ അഭിഭാഷകര്‍ അവരുടെ നിലപാടുകള്‍ എഴുതുകയുണ്ടായി. വധശിക്ഷയും അസ്ഥിരവിധികളും എന്ന ലേഖനം എഴുത്തിന്റെ പൂക്കാലങ്ങളെ പ്രണയിക്കുന്ന അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടേതാണ്. വധശിക്ഷ: വിധി പുറകോട്ട് പോക്ക് എഴുതിയത് അഡ്വ. കാളീശ്വരം രാജാണ്. രണ്ടിലും തുടിക്കുന്നത് മാനവികതയുടെ മഹാസന്ദേശം. ജീവനെടുക്കാന്‍ കഴിയുന്ന നിയമത്തിന് ജീവന്‍ പകര്‍ന്നു കൊടുക്കാന്‍ കഴിയില്ല എന്നതു തന്നെ.
സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിഷ്കര്‍ഷ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീധരന്‍പിള്ള ഇങ്ങനെ കുറിക്കുന്നു: ഇന്ത്യയിലെ കോടതിമുറികളില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരേയൊരു ഫോട്ടോ ഗാന്ധിജിയുടേതാണ്. കൊടുംപാതകത്തിന്റെ പാപവും കുറ്റവും വേട്ടയാടുന്നവരെപ്പോലും മനുഷ്യാവസ്ഥയുടെ ഒടുങ്ങാത്ത വ്യഥകള്‍ പേറുന്നവരായി കാണുകയെന്നതായിരുന്നു ഗാന്ധിയന്‍ സങ്കല്‍പ്പം. അതുകൊണ്ടാണ് വധശിക്ഷ നല്‍കണമോ ജീവപര്യന്തം നല്‍കണമോ എന്ന് തീരുമാനിക്കുന്നതിനു മുമ്പ് ന്യായാധിപന്‍ കുറ്റത്തിന്റെ ആഴത്തോടൊപ്പം കുറ്റവാളിയുടെ പശ്ചാത്തലം കൂടി പരതിനോക്കി ശിക്ഷയുടെ കാഠിന്യം കുറയ്‌ക്കാവുന്ന സാഹചര്യമുണ്ടോ എന്നുകൂടി പരിശോധിക്കണമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിഷ്കര്‍ഷിച്ചത്. (മാതൃഭൂമി, ഏപ്രില്‍ 13). അത്തരം നിഷ്കര്‍ഷയെക്കാളുപരി സമൂഹത്തിന്റെ വികാരവിചാരങ്ങളില്‍ ആമഗ്നരാവുന്ന തരത്തിലുള്ള വിധികളല്ലേ വരുന്നതെന്ന സംശയം പലര്‍ക്കുമുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ മര്‍മ്മം മനുഷ്യജീവന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള അതിന്റെ പ്രതിബദ്ധതയാണ്. ഭരണഘടനാ തത്ത്വങ്ങളുടെ കല്‍പ്പനകളാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ പ്രാണവായു എന്ന് ശ്രീധരന്‍പിള്ള പറയുന്നു. അങ്ങനെയെങ്കില്‍ ആ പ്രാണവായുവില്‍ ഇപ്പോള്‍ മേറ്റ്ന്തോ കലര്‍ന്നിട്ടുണ്ടാവുമെന്ന് ന്യായമായും സംശയിക്കാം. മനുഷ്യന്‍ എന്നത് എത്ര മനോഹരമായ പദമാണെന്ന് അറിയണമെങ്കില്‍ മനുഷ്യനായിരിക്കണ്ടേ? സാധാരണ കൊലപാതകവും ഔദ്യോഗിക കൊലപാതകവും നടക്കുമ്പോള്‍ മനുഷ്യന്‍ എന്ന മനോഹരപദത്തിന്റെ അര്‍ത്ഥം തന്നെ മാറുകയല്ലേ?
വധശിക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധിയിലെ പല കാര്യങ്ങളിലും മാനവികത എന്നൊരു ഘടകമില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. അഡ്വ. കാളീശ്വരം രാജ്. ലോകത്ത് 97 രാജ്യങ്ങളില്‍ ഇതിനകം നിയമം മുഖേന വധശിക്ഷ നിര്‍ത്തലാക്കിയിരിക്കുന്നു. ഇതിനു പുറമെ 35 രാജ്യങ്ങള്‍ ഫലത്തില്‍ വധശിക്ഷയ്‌ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. നേപ്പാള്‍, ഭൂട്ടാന്‍ പോലുള്ള അവികസിതരാജ്യങ്ങള്‍ പോലും വധശിക്ഷ നിര്‍ത്തലാക്കി എന്നാണ് അദ്ദേഹം പറയുന്നത്. (മാതൃഭൂമി ഏപ്രില്‍ 17) ജീവന്റെ അവസാനത്തെ ശ്വാസവും നിലനിര്‍ത്താന്‍ കഠിനപ്രയത്നം നടത്തുമ്പോള്‍ അത് നിസ്സാരമായി തള്ളിക്കളയരുതെന്നാണ് രാജ് ജുഡീഷ്യറിയോട് അപേക്ഷിക്കുന്നത്. നമ്മുടെ ഭരണകൂടം പിറകോട്ട് നടക്കുന്നു. കോടതിയും ഒപ്പം നടക്കുമ്പോള്‍ ഒരു ജനതയുടെ ദുരന്തമാണ് പൂര്‍ണമാകുന്നതെന്ന് ഒടുവില്‍ അദ്ദേഹം അവസാനിപ്പിക്കുന്നു. ദുരന്തത്തിന്റെ മാസ്മരികതയില്‍ മതിമറന്നിരിക്കുന്ന സാഹചര്യം അനുദിനം ശക്തിപ്പെട്ടുവരുമ്പോള്‍ പുഴുക്കളെപ്പോലെ ഞെരിഞ്ഞുതീരുകയത്രേ വിധി!
കാണേണ്ടത് കാണാനും, കണ്ടതിനെ പിന്നെയും കണ്ട് പഠിച്ച് ഉറപ്പിക്കാനും, ആത്മസമര്‍പ്പണത്തിന്റെ നാള്‍വഴിയില്‍ ഒരുകൂട്ടം അക്ഷരങ്ങളെ ജീവനൂതി കരുത്തും സൗന്ദര്യവുമേറ്റി പറഞ്ഞുവിടാന്‍ ഒരു ഭാഗ്യം വേണം. അത്തരമൊരു ഭാഗ്യം കൈവന്ന കവിയാണ് (കവയിത്രി എന്നെന്തേ പറയാത്തത് എന്ന സംശയം വേണ്ട. പ്രപഞ്ചം മനസ്സില്‍ ആവാഹിക്കുന്നവര്‍ക്ക് ലിംഗഭേദം എന്തിന്?) കെ. വരദേശ്വരി. അവരുടെ പൊന്നുരുക്കുന്ന സൂര്യന്‍ എന്ന ഏറ്റവും പുതിയ കവിതാസമാഹാരത്തിന്റെ അവതാരികയില്‍ കഥയുടെ ആത്മാവ് തൊട്ടറിഞ്ഞ പി.വത്സല കുറിച്ച വരികളാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്.
രണ്ടു ദശാബ്ദത്തില്‍ കൂടുതല്‍ അധ്യാപനത്തിന്റെ വഴിയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വരദേശ്വരി കവിതയുടെ കനകസിംഹാസനത്തിലും അനായാസേന തനിക്ക് ഇരിക്കാനാവും എന്ന് തെളിയിച്ചിരിക്കുന്നു ഇതിലെ കവിതകളിലൂടെ. 32 കവിതകളാണുള്ളത്. ഓരോന്നും ആത്മാര്‍ത്ഥതയുടെ കൈയ്യൊപ്പു പതിഞ്ഞവ.
തിരക്കഥപോലുള്ള ചിത്രങ്ങളുള്ളില്‍
നര്‍ത്തനം ചെയ്തു മറഞ്ഞുപോകെ,
എഴുത്താണി തേടാന്‍ കഴിയാത്ത
കാവ്യലോലയാമൊരംഗന നീ?
എന്ന് വിടരാതെ പോയ വിസ്മയങ്ങളില്‍ സംശയിക്കുന്ന കവി
മാനവനാശിനിയിതിനെപ്പറ്റി
പ്പറയാനായില്ലെങ്കില്‍
എന്തിന് വാക്ക് പിറക്കുന്നമ്മേ?
എന്തിന് പിന്നെ നിനക്കീ
പരിവേഷത്തിന്‍ പെരുമഴകള്‍?
എന്നു കലഹിക്കുന്നുമുണ്ട്. പക്ഷേ, ആ കലഹത്തിലും കനിവിന്റെ തിരിമുറിയാത്ത സ്നേഹമഴ നമുക്കനുഭവിക്കാനാവും. എന്തിന് വാക്ക് പിറക്കുന്നമ്മേ? എന്ന കവിതയാണത്.
സമൂഹം മൊത്തം ബോണ്‍സായ് മാനസികാവസ്ഥയില്‍ സ്വാസ്ഥ്യം കൊള്ളുന്നതിന്റെ വേദനയാണ് ബോണ്‍സായ് കാഴ്ചകള്‍.
അന്യന്റെ നൊമ്പരം തൊടാന്‍
കൂട്ടാക്കാതെ, കുനിഞ്ഞുനില്‍പവര്‍
കാലത്തിന്റെ കലി നിലയത്തില്‍
കണ്ടതത്രയും ബോണ്‍സായികള്‍
എന്നാണ് പറയുന്നത്. വരദേശ്വരി സമൂഹത്തെ നോക്കിക്കാണുന്നത് ഒരു പ്രത്യേക രീതിയിലാണ്. എല്ലാ നൊമ്പരക്കാഴ്ചകളും നമുക്കു കാട്ടിത്തന്ന് സൗകര്യപൂര്‍വ്വം ഏതെങ്കിലും സ്വാസ്ഥ്യ തീരത്ത് ഒറ്റക്കിരിയ്‌ക്കുകയല്ല അവര്‍. തനിക്ക് ചെയ്യാനാവുന്നതൊക്കെ ചെയ്യാം എന്ന കരളുറപ്പോടെ, കാര്യപ്രാപ്തിയോടെ നില്‍ക്കുകയാണ്. കടന്നു കാണുന്നവനത്രേ കവി. വരദേശ്വരി കടന്നുകാണുകയും കണ്ടതിലെ നെല്ലും പതിരും തിരിച്ചുവെക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ പരിധി പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍, വില: 40 രൂപ.
കാര്‍ട്ടൂണീയം
മതേതരത്വത്തിന്റെ പുതിയ ബ്രാഞ്ച് മാനേജരായാണ് രവിശങ്കര്‍ (ഇന്‍ഡ്യന്‍ എക്സ്പ്രസ്, ഏപ്രില്‍ 16) നിതീഷ്കുമാറിനെ കാണുന്നത്. ഇരിക്കും കൊമ്പ് മുറിക്കുന്ന ഇമ്മാതിരി പാതിരാക്കോഴികള്‍ ഇന്ത്യന്‍ ജനതയുടെ എക്കാലത്തെയും ശാപമാണ്. പുറമേക്ക് തുടുത്തിരിക്കുമെങ്കിലും ഉള്ള്കെട്ട അവസ്ഥ. പ്രധാനമന്ത്രിപദം സ്വപ്നം കാണാനുള്ള അവകാശം ഓരോ ഇന്ത്യക്കാരനുമുണ്ട്. പക്ഷേ, നടക്കണമെങ്കില്‍ മേറ്റ്ന്തെന്തൊക്കെ വേണമെന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. ബീഹാര്‍ മുഖ്യന് മാത്രം അതില്ലാതെ പോവുന്നത് എന്താവാം? സ്വന്തം മുഖം മോശമായതിന് ടിയാന്‍ കണ്ണാടി തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. രവിശങ്കര്‍ അത് മനക്കണ്ണില്‍ കാണുന്നു; നമുക്കു കാണിച്ചുതരുന്നു. ഗ്രേറ്റ്!
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: