ഇസ്ലാമാബാദ്: അറസ്റ്റിലായ പക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി മേയ് നാലു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മുഷാറഫിനെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ എതിര്‍ത്തു.
ഇന്നു രാവിലെയാണ് മുഷാറഫിനെ കോടതിയില്‍ ഹാജരാക്കിയത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുഷാറഫിന്റെ വക്താവ് അംജദ് അറിയിച്ചു. അധികാരത്തിലിരുന്നപ്പോള്‍ സുപ്രീം കോടതി ജഡ്ജിമാരെ അന്യായമായി തടങ്കലിലാക്കിയ കേസിലാണ് മുഷാറഫിനെ ഹാജരാക്കിയത്. ഇത്തരം ആരോപണങ്ങള്‍ തികച്ചും അസബന്ധമാണെന്ന് അംജദ് അറിയിച്ചു.
മുഷാഷാറഫ് കോടതിയിലേക്കു പ്രവേശിക്കുന്നതിന്റെ ചിത്രങ്ങള്‍ പാകിസ്താന് മാധ്യമങ്ങള്‍ പുറത്തുവിട്ടു. കോടതി പരിസരത്ത് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കോടതിയിലെത്തിച്ച മുഷറഫിനെതിരെ അഭിഭാഷകര്‍ മുദ്രാവാക്യം മുഴക്കി. വെള്ളിയാഴ്ചയാണ് മുന്‍ പാക് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭയന്ന് രക്ഷപ്പെട്ട മുഷാറഫ് അഭയം തേടിയ ഫാം ഹൗസ് സബ് ജയിലായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ഇസ്ലാമാബാദിലെ പോലീസ് ആസ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു.
നാലുവര്‍ഷത്തെ സ്വയം പ്രഖ്യാപിക വിദേശവാസത്തിനു ശേഷം കഴിഞ്ഞ മാസമാണ് മുഷാറഫ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് മുഷാറഫ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: