ഉച്ചയൂണിന്റെ തിരക്ക്, ഇഷ്ടഭോജ്യങ്ങള്‍ മേശപ്പുറത്ത്. ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത്രയും സ്വന്തം കൈകൊണ്ട് വിളമ്പിയെടുക്കാം. ഊണും കഴിഞ്ഞ് കൈകഴുകി കീശയില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നല്‍കാം. ഇല്ലെങ്കില്‍ വേണ്ട. പണം വാങ്ങാനും കണക്കു നോക്കാനും ആളില്ല. നിറഞ്ഞ വയറിന്റെ സംതൃപ്തി കാണുമ്പോഴുള്ള സന്തോഷം. അതുമാത്രമാണ് യശോദാമ്മയുടെ സമ്പാദ്യം. രണ്ടുപെണ്മക്കളെയാണ് ദൈവം യശോദാമ്മയ്ക്കു നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ തേവള്ളിയിലുള്ള യശോദാമ്മയുടെ കാഞ്ഞിരംവിള വീട്ടില്‍ ആണ്മക്കളുടെ പ്രവാഹമാണ്. അമ്മയുടെ കൈപ്പുണ്യം പകര്‍ന്ന ഭക്ഷണത്തിന്റെ രുചിയറിഞ്ഞ ആണ്മക്കള്.
അഞ്ചുവര്‍ഷമായി യശോദാമ്മ സ്വന്തം വീട്ടില്‍ ഉച്ചഭക്ഷണം തയാറാക്കി നല്കുന്നു. തേവള്ളിയിലെ ബാങ്ക് കോച്ചിംഗ് സെന്ററുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നതില്‍ ഭൂരിഭാഗവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കുട്ടികള്‍ക്ക് യശോദാമ്മ തയാറാക്കി നല്കുന്ന ഉച്ചയൂണ് പ്രിയങ്കരമാണ്. എത്ര വൈകിയാലും പതിവുകാരായ മക്കള്‍ക്കുള്ള ഭക്ഷണം യശോദാമ്മ മാറ്റിവയ്ക്കും. വീട്ടിലുണ്ടാക്കുന്നപോലെ സ്വാദിഷ്ടമായ ഊണ് ലഭിക്കുമ്പോള്‍ കുട്ടികള്‍ക്കിടയില്‍ ഹോട്ടലിന് പ്രസക്തിയില്ല. ഇവിടത്തെ ഊണിന് ചോദിച്ചു കാശുവാങ്ങുന്ന രീതിയില്ല. മക്കള്‍ ആവശ്യമുള്ളത് സ്വയം വിളമ്പിക്കഴിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത. ചോറിനൊപ്പം സാമ്പാര്‍, മീന്‍കറി, മീന്‍വറുത്തത്, അച്ചാര്‍, പുളിശേരി, തോരന്‍, അവിയല്‍, രസം, ചമ്മന്തി തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളുണ്ട്.
രാവിലെ അഞ്ചുമണി മുതല്‍ പാചകത്തിന്റെ തിരക്കിലായിരിക്കും യശോദ. അരി കഴുകാനും പാത്രം കഴുകാനും പച്ചക്കറികള്‍ അരിയാനും എണ്ണ ചൂടാക്കാനും വിറക് കീറാനും വെള്ളം കോരാനും എന്നുവേണ്ട സകലതും നിറമനസോടെ ഒറ്റയ്ക്ക് ചെയ്യുന്നു 62 പിന്നിട്ട ഈ അമ്മ. വയറുനിറയെ ഭക്ഷണം കഴിക്കുക, മനസ് നിറയെ നന്മ കാത്തുസൂക്ഷിക്കുക യശോദാമ്മയുടെ ഉപദേശമാണിത്. ഭക്ഷണം കഴിച്ചിറങ്ങുന്നവര്‍ 25 രൂപ വീതം പ്ലാസ്റ്റിക് പാത്രത്തില്‍ ഇടും. അതിന് യശോദ നിര്ബന്ധിക്കാറില്ലെങ്കില് കൂടി. നാളെയും ഭക്ഷണമൊരുക്കാന്‍ പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങുവാന്‍ കൂടിയാണിത്. ഒരിക്കല്‍ കാശിടുന്ന പാത്രം പണത്തോടുകൂടി അജ്ഞാതനായ ഒരാള്‍ മോഷ്ടിച്ചു. ഇത് മറക്കാനാവാത്ത അനുഭവമായി യശോദയുടെ മനസ്സിലുണ്ടെങ്കിലും ആതിഥ്യമര്യാദയില്‍ ഇന്നും വിട്ടുവീഴ്ച വരുത്തിയിട്ടില്ല.
അഞ്ചുവര്‍ഷം മുന്‍പ് ബാങ്കിംഗ് പരിശീലനം നേടുന്ന പതിനാലുകുട്ടികള് വിശന്നുവലഞ്ഞെത്തിയപ്പോള് വീട്ടിലിരുത്തി ആഹാരം കൊടുത്തു. അവര്‍ സ്ഥിരമായി ഭക്ഷണം തന്നുകൂടെ എന്ന് ആരാഞ്ഞത് ജീവിതത്തിലെ വഴിത്തിരിവായി. പെണ്മക്കളായ സംഗീതയെയും സരിതയെയും കെട്ടിച്ചയച്ച ശേഷം ഭര്‍ത്താവ് ചന്ദ്രാംഗദന്റെ വിയോഗം തീര്‍ത്ത ഏകാന്തതയും ദുഃഖവും മറികടക്കാന്‍ ഈശ്വരനിയോഗമായാണ് ഉച്ചയൂണ് നല്കുന്ന ഈ സംരംഭം യശോദക്ക് അനുഭവപ്പെട്ടത്. എല്ലാ ചിലവും കഴിച്ച് ജീവിക്കാനുള്ള വക ഇതില്‍ നിന്നും ലഭിക്കുന്നുണ്ടെന്നതും ഇവര്‍ക്ക് ആശ്വാസമാണ്.
ഉച്ചയൂണിന് സ്ഥിരമായി അമ്പതുമുതല്‍ അറുപതു വരെ പേര് ഇപ്പോള്‍ എത്തുന്നുണ്ട്. ഭക്ഷണം ഇഷ്ടപ്പെട്ട് വരുന്നവരാണ് അധികവും. ബാങ്കിംഗ് പഠനം പൂര്‍ത്തിയാക്കി ജോലികിട്ടി പോകുന്നവര്‍ യശോദയെ പിന്നീട് ഫോണില്‍ വിളിക്കാറുണ്ട്. സ്ഥിരമായി ഭക്ഷണം തന്ന അമ്മയ്ക്ക് പിരിയുമ്പോള്‍ ചെറിയ തുകകള്‍ സമ്മാനിച്ചാണ് ചിലര്‍ യാത്രപറയുന്നത്. ഊണിനു പുറമേ രാത്രി ഏഴുമുതല്‍ കഞ്ഞിയും പയറും ചമ്മന്തിയും അച്ചാറും തയാറാക്കി നല്‍കുന്നുണ്ട്. ആരോഗ്യമുള്ള കാലത്തോളം ഈ സംരംഭത്തിന് മുടക്കം വരരുത് എന്നാണ് ഇപ്പോള്‍ യശോദയുടെ പ്രാര്‍ത്ഥന.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: