വാഷിംഗ്ടണ്‍: നിക്ഷേപങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ധനകാര്യ മന്ത്രി പി.ചിദംബരം വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗത്ത് നിന്നും അത്തരത്തിലൊരു നീക്കമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമാനുഗതമായ രീതിയില്‍ നിക്ഷേപത്തിനുള്ള അവസരം തുറന്ന് കൊടുക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും ചിദംബരം പറഞ്ഞു.
1991 ല്‍ നിക്ഷേപത്തിന് അവസരം ഒരുക്കി കൊടുത്തത് മുതല്‍ 2013 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ 22 വര്‍ഷത്തിനിടയില്‍ 90 ശതമാനം മേഖലയിലും നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്. പ്രശസ്തമായ ചാര്‍ളി റോസ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില മേഖലകളില്‍ മാത്രമാണ് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാത്തതെന്നും എന്നാല്‍ ഈ മേഖലകളിലും നിക്ഷേപത്തിനുള്ള അനുമതി ഉടന്‍ നല്‍കുമെന്നും ചിദംബരം വ്യക്തമാക്കി. നിര്‍മാണ മേഖലകളായ ഉരുക്ക്, വൈദ്യുതി, റോഡ്, വിമാനത്താവളം, സീപോര്‍ട്സ് തുടങ്ങിയ മേഖലകളെല്ലാം നിക്ഷേപത്തിനായി തുറന്ന് നല്‍കിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ഇത് വന്‍ സാധ്യതയാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായി ഏഴോ എട്ടോ വര്‍ഷം എട്ട് ശതമാനമായി നിലനിര്‍ത്താന്‍ സാധിക്കുകയാണെങ്കില്‍ സുസ്ഥിര സമ്പദ്ഘടനയായി ഇന്ത്യയ്ക്ക് മാറാന്‍ സാധിക്കുമെന്നും ചിദംബരം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നാണ്യ നിധിയുടേയും ലോക ബാങ്കിന്റേയും വാര്‍ഷിക വസന്തകാല യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചിദംബരം ഇപ്പോള്‍ വാഷിംഗ്ടണ്ണിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: