ബാംഗ്ലൂര്‍: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ വിപ്രോയുടെ വരുമാനം ഉയര്‍ന്നു. 2013 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ അറ്റലാഭം 16.73 ശതമാനം ഉയര്‍ന്ന് 1,728.7 കോടി രൂപയിലെത്തി. തൊട്ട് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അറ്റലാഭം 1,480.9 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം 13 ശതമാനം ഉയര്‍ന്ന് 9,613.1 കോടി രൂപയിലെത്തി. 2011-12 കാലയളവിലിത് 8,506.1 കോടി രൂപയായിരുന്നു.
മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷം അറ്റലാഭം 19.07 ശതമാനം ഉയര്‍ന്ന് 6,635.9 കോടി രൂപയായി. തൊട്ടുമുന്‍ വര്‍ഷം ഇത് 5,573 കോടിയായിരുന്നുവെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. വരുമാനം 17 ശതമാനം ഉയര്‍ന്ന് 37,685.1 കോടി രൂപയിലെത്തി. 2011-12 സാമ്പത്തിക വര്‍ഷം ഇത് 32,205.5 കോടി രൂപയായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉപഭോക്തൃ സംരക്ഷണ ബിസിനസ് വേര്‍പ്പെടുത്തി വിപ്രോ എന്റര്‍പ്രൈസസ് എന്ന കമ്പനി രൂപീകരിച്ചിരുന്നു. ഉപഭോക്തൃ സംരക്ഷണം, ലൈറ്റനിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍, എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഡയഗ്നോസ്റ്റിക് ബിസിനസുകള്‍ വേര്‍പ്പെടുത്തി വിപ്രോ എന്റര്‍പ്രൈസസിന് കീഴിലാക്കിയിരുന്നു. എന്നാല്‍ ഈ കമ്പനി സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടില്ല.
ഐടി ബിസിനസ്, ഉപഭോക്തൃ സംരക്ഷണ, ലൈറ്റനിംഗ് ഉള്‍പ്പെടെയുള്ള ബിസിനസുകളില്‍ നിന്നുള്ള മൊത്ത വരുമാനം 11.72 ശതമാനം ഉയര്‍ന്ന് 11,026.4 കോടി രൂപയായി. തൊട്ടു മുന്‍ വര്‍ഷം അവസാന പാദത്തിലിത് 9,869.1 കോടി രൂപയായിരുന്നു. വിപ്രോയുടെ ഐടി സേവനത്തില്‍ നിന്നുള്ള വരുമാനം 13 ശതമാനം വര്‍ധിച്ച് 8,554 കോടി രൂപയിലെത്തി.
നാലാം പാദത്തില്‍ ഐടി സേവന മേഖലയില്‍ നിന്നുള്ള വരുമാനം 1.585 ബില്യണ്‍ ഡോളറിനും 1.625 ബില്യണ്‍ ഡോളറിനും ഇടയിലായിരിക്കുമെന്നാണ് ജനുവരിയില്‍ മൂന്നാം പാദ ഫലം പ്രഖ്യാപിച്ചപ്പോള്‍ കമ്പനി പ്രതീക്ഷിച്ചിരുന്നത്. വിവിധ കറന്‍സികളുടെ മൂല്യത്തിലുണ്ടായ അസ്ഥിരത കഴിഞ്ഞ പാദത്തിലെ സാമ്പത്തിക പ്രകടനത്തെ ബാധിച്ചതായി വിപ്രോ സിഎഫ്ഒ സുരേഷ് സേനാപതി പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഐടി സേവന ബിസിനസില്‍ നിന്നും 1.575-1.610 ബില്യണ്‍ ഡോളറിനും ഇടയില്‍ വരുമാനം നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഐടി സര്‍വീസ് വിഭാഗത്തില്‍ 1,45,812 ജീവനക്കാരാണുള്ളത്. കഴിഞ്ഞ പാദത്തില്‍ 2,907 പേരെയാണ് പുതുതായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: