ലണ്ടന്‍: ഉരുക്കുവനിത എന്ന വിശേഷണവുമായി ലോക ചരിത്രത്തില്‍ ഇടംനേടിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ക്ക് ജന്മനാട് വിടനല്‍കി.
ബ്രിട്ടന്റെ ഏക വനിതാ പ്രധാനമന്ത്രി, ആധുനിക ബ്രിട്ടന്റെ ഭരണചക്രം ഏറ്റവും കൂടുതല്‍കാലം തിരിച്ച വ്യക്തിത്വം തുടങ്ങിയ പെരുമകള്‍ പേറുന്ന താച്ചര്‍ ഇനി സെന്റ്പോള്‍ കത്രീഡലില്‍ അന്ത്യവിശ്രമം കൊള്ളും. ബ്രിട്ടന് സമീപകാലത്തു ദര്‍ശിച്ച ഏറ്റവും വലിയ ജനസാഗരത്തെ സാക്ഷിയാക്കി താച്ചറുടെ ഭൗതിക ശരീരം ഇന്നലെ സംസ്കരിച്ചു. ഏപ്രില്‍ എട്ടിനായിരുന്നു താച്ചര്‍ അന്തരിച്ചത്.
ഒരുദശകത്തിനിടയിലെ ഏറ്റവും ബൃഹത്തായ സംസ്കാര ചടങ്ങുകള്‍ക്കാണ് ബ്രിട്ടന് ഇന്നലെ സാക്ഷ്യം വഹിച്ചത്. രാവിലെ പാലസ് ഓഫ് വെസ്റ്റ് മിനിസ്റ്ററിലെ സെന്റ് മേരി അണ്ടര്ക്രോഫ്റ്റില് നിന്നും താച്ചറുടെ ഭൗതീകശരീരം സ്ട്രാന്‍ഡിലെ സെന്റ് ക്ലെമന്റ് ഡാനെസിലേക്ക് കൊണ്ടുപോയപ്പോള്‍ ചടങ്ങുകള്‍ക്കു തുടക്കം.
അവിടെ ബ്രിട്ടനിലെ മൂന്നു സൈനിക വിഭാഗങ്ങളും താച്ചര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്ന് വിലാപയാത്ര, ബ്രിട്ടീഷ് റോയല്‍ ആര്‍ട്ടിലറി ഒരുക്കിയ ഗണ്‍ കാരിയേജിലായിരുന്നു പിറന്നമണ്ണിലെ താച്ചറിന്റെ അന്ത്യ പ്രയാണം.
തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ പാതയോരത്തിന് ഇരുവശവും വിതുമ്പുന്ന ഹൃദയങ്ങളുമായി പതിനായിരങ്ങള്‍ കാത്തു നിന്നു.
അവരെ നിയന്ത്രിക്കാന്‍ മധ്യ ലണ്ടനില്‍മാത്രം നിയോഗിക്കപ്പെട്ടത് 4000 പോലീസുകാര്‍. ഒടുവില്‍ ലണ്ടന്‍ ബിഷപ്പ് താച്ചര്‍ക്ക് അന്ത്യകൂദാശ നല്കുമ്പോള് സെന്റ്പോള്‍ കത്രീഡലിനുള്ളില് ഗദ്ഗദങ്ങള്‍ അലിഞ്ഞു ചേര്‍ന്നു.
ലോകത്തെമ്പാടുമുള്ള 2000 അതിവിശിഷ്ടവ്യക്തികള്‍ താച്ചര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വസ്ഥാനീയയായി എലിസബത്ത് രാജ്ഞിയുമുണ്ടായിരുന്നു.ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയര്‍, ജോണ്‍ മേജര്‍, ഗോര്‍ഡന്‍ ബ്രൗണ്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: