കൊച്ചി : രാജ്യത്തെ മാനേജ്മെന്റ് പ്രൊഫഷണലുകള്‍ക്കുള്ള ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ മാനേജിങ് ഇന്ത്യ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ന്യൂദല്‍ഹി താജ് പാലസില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
രാഷ്ട്രനിര്‍മാണത്തില്‍ ആദരണീയമായ സംഭാവനകള്‍ ചെയ്ത കമ്പനികള്‍, വ്യവസായ സംരംഭകര്‍, മാനേജര്‍മാര്‍ എന്നിവരുടെ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ഈ ദശകത്തിലെ വ്യവസായ സംരംഭകനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയെതെരഞ്ഞെടുത്തു.
ബിസിനസ് ലീഡര്‍ക്കുള്ള അവാര്‍ഡ് ഹീറോ മോട്ടോര്‍കോര്‍പ്പ് സി എം ഡി പവന് മുഞ്ജാള്‍ കരസ്ഥമാക്കി. ഈ വര്‍ഷത്തെ സംരംഭകനുള്ള അവാര്‍ഡ് രണ്ടുപേരാണ് പങ്കിട്ടത്. ജുബിലന്റ് ഭാരതിയ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശ്യാം എസ് ഭാരതിയ, അദ്ദേഹത്തിന്റെ സഹോദരനും ഇതേ ഗ്രൂപ്പിന്റെ സഹസ്ഥാപകനും കോ ചെയര്‍മാനുമായ ഹരി എസ് ഭാരതിയയുമാണ് ഈ അവാര്‍ഡുകള്‍ വാങ്ങിയത്.
ടാറ്റാ മോട്ടോഴ്സാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച മള്‍ട്ടിനാഷണല്‍ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടത്. മാനേജിങ് ഡയറക്ടര്‍ കാള്‍ സ്ലിം അവാര്‍ഡ് ഏറ്റുവാങ്ങി. ഈ വര്‍ഷത്തെ ട്രാന്‍സ്ഫോര്‍മേഷനല്‍ ബിസിനസ് ലീഡറായി ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ഭാസ്കര്‍ ഭട്ടിനെ തെരഞ്ഞെടുത്തു.
വര്‍ഷത്തെ ഏറ്റവും മികച്ച പൊതുമേഖല സ്ഥാപനം ഭാരത് ഹെവി ഇലക്ട്രിക്കല്‍സാണ്. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബി പി റാവു അവാര്‍ഡ് ഏറ്റുവാങ്ങി. മാധ്യമമേഖലയില്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് എന്‍ ഡി ടി വി എക്സിക്യൂട്ടീവ് കോ ചെയര്‍പേഴ്സണ്‍ ഡോ. പ്രണോയ് റോയ് ആണ്.
ഈ വര്‍ഷത്തെ എമേര്‍ജിങ് ബിസിനസ് ലീഡര്‍ ഗുജറാത്ത് ഫ്ലൂറോ കെമിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ വിവേക് കുമാര്‍ ജെയിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: