ബോസ്റ്റണ്‍: ബോസ്റ്റണ്‍ മാരത്തണ്‍ മത്സരത്തിനിടയില്‍ നടന്ന സ്ഫോടനത്തില്‍ ബോംബ് വെച്ചത് പ്രഷര്‍ കുക്കറില്‍. ഇന്നലെ നടന്ന ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനുശേഷം നടന്ന അന്വേഷണത്തിലാണ് പ്രഷര്‍ കുക്കര്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബോധ്യമായത്. 2001ലെ ഇരട്ടഗോപുരങ്ങള്‍ തകര്‍ത്തശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ആക്രമണമായിരുന്നു ഇന്നലെ നടന്നത്.
ഒരു ദശാബ്ദത്തിന് ശേഷം അമേരിക്ക വീണ്ടും ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍. ബോസ്റ്റണ്‍ മാരത്തോണ്‍ ഫിനിഷിങ്ങ് പോയിന്റിന് തൊട്ടടുത്തായിനടന്ന ഇരട്ടസ്ഫോടനത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവന്. നൂറ്റിയമ്പതോളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. മാരത്തോണ്‍ കാണാനെത്തിയ എട്ടുവയസ്സുകാരനാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. സ്ഫോടനത്തില്‍ പരിക്കേറ്റ 17 പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉഗ്രസ്ഫോടനത്തില്‍ ഒട്ടേറെപ്പേര്‍ക്ക് കാലുകള്‍ നഷ്ടമായതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍സമയം തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു കാതടപ്പിക്കുന്ന ഒച്ചയോടെയുള്ള സ്ഫോടനം. സ്ഫോടനത്തിന് ശേഷം രക്തം വാര്‍ന്നൊഴുകുന്ന ശരീരവുമായി ജനങ്ങള്‍ അലമുറയിട്ടോടുകയായിരുന്നു.
ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. എഫ്ബിഐ അന്വേഷണം ഏറ്റെടുത്തു. ചിലനിര്ണ്ണായക തുമ്പുകള്‍ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. സ്ഫോടനവുമായിബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സൗദി പൗരനെ അന്വേഷണ സംഘം ചോദ്യംചെയ്തു വരികയാണ്. സ്ഫോടനത്തില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഫോടനത്തിന് ശേഷം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട പ്രസിഡന്റ് ബരാക് ഒബാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഭീകരാക്രമണം എന്ന പദം ഒബാമ ഉപയോഗിച്ചില്ല. ആര് എന്തിനായി ആക്രമണം നടത്തിയെന്ന് വ്യക്തമല്ലെന്നും വസ്തുതകള്‍ മനസ്സിലാക്കാതെ നിഗമനങ്ങളിലെത്തരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം ആസൂത്രിതമായി നടന്ന ഇരട്ടസ്ഫോടനം ഭീകരാക്രമണം തന്നെയാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത്തിയേഴായിരത്തോളം ആളുകളാണ് പ്രശസ്തമായ ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുക്കാനെത്തിയത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മാരത്തോണുകളില്‍ ഒന്നാണിത്. 26.2 മെയില്‍ നീളുന്ന മാരത്തോണ്‍ കാണാനായി റോഡിന്റെ ഇരുവശങ്ങളിലുമായി നൂറ് കണക്കിനാളുകളാണ് നിന്നിരുന്നത്. ഫിനിഷിങ്ങ്് പോയിന്റിന് തൊട്ടുത്തായാണ് പത്ത് സെക്കന്‍ഡ് ഇടവളകളില്‍ സ്ഫോടനം നടന്നത്. മാരത്തോണിലെ ആദ്യസംഘം കടന്നു പോയി രണ്ട് മണിക്കൂറിന് ശേഷമായിരുന്നു സ്ഫോടനം. മസാച്ചുസെറ്റ്സിന്റെ തലസ്ഥാനമായ ബോസ്റ്റണ്‍ പുരാതനനഗരങ്ങളിലൊന്നാണ്. ഉന്നത വിദ്യാഭ്യാസത്തിനുള്ള അന്താരാഷ്ട്രകേന്ദ്രം കൂടിയാണ് ഈ നഗരം.
ഇരട്ടസ്ഫോടനത്തെത്തുടര്ന്ന് ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. ഹോട്ടലുകളും മറ്റ് പ്രധാനസ്ഥലങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. അപ്രതീക്ഷിതമായ ബോംബ് സ്ഫോടനത്തില്‍ അന്താരാഷ്ട്രസമൂഹം നടുക്കം രേഖപ്പെടുത്തി. വിവേചനമില്ലാത്ത അക്രമം എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്ഫോടനത്തെ വിശേഷിപ്പിച്ചത്. കത്തിലൂടെ ഒബായെ ഖേദമറിയിച്ച പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഭീകരതയെ ചെറുക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: