തൊടുപുഴ: മാധവ് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശ അട്ടിമറിച്ചതായി കമ്മറ്റി ചെയര്മാന് പ്രൊഫ. മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യവേദി തൊടുപുഴയില്‍ ഇന്നലെ സംഘടിപ്പിച്ച ‘മാധവ് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശ സമഗ്ര അവലോകനം’ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കാതെ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അന്തിമമല്ല. പഞ്ചായത്ത് തലത്തിലും ഗ്രാമസഭയിലും ചര്‍ച്ച ചെയ്ത് പൂര്‍ണമായും ജനപങ്കാളിത്തത്തോടെ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് കമ്മറ്റിയുടെ അഭിപ്രായം. പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനായി ആവശ്യമായ വസ്തുതകള്‍ നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല. ജനാധിപത്യ വിരുദ്ധമായാണ് കമ്മറ്റിയോട് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തിന് തദ്ദേശീയമായ അറിവ് സ്വീകരിക്കണം. തദ്ദേശീയ അറിവ് സ്വീകരിക്കാതെയുള്ള വികസനം നിയമവിരുദ്ധമാണ്. 2002-ല്‍ പാസ്സാക്കിയ ജൈവവൈവിദ്ധ്യ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പരമ്പരാഗത കൃഷിരീതി സംരക്ഷിക്കാന്‍ 11 വര്‍ഷം മുമ്പ് നിയമം നടപ്പാക്കിയ സര്‍ക്കാരുകള്‍ അത് പാലിക്കാനും നിയമം ജനങ്ങളില്‍ എത്തിക്കാനും ശ്രമിച്ചില്ല. ഇവിടെ ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കേണ്ടത്. എന്നാലിത് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി ജനങ്ങളില്‍ ഭീതിപടര്‍ത്താനാണ് അധികാര കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. വിപുലമായ ചര്‍ച്ചകള്‍ നടക്കട്ടെ, അതിലൂടെ തെറ്റുംശരിയും കണ്ടെത്താം. സുതാര്യമായ നടപടികളാണ് ആവശ്യം. കസ്തൂരിരംഗന്‍ കമ്മീഷന് ജനാധിപത്യ സ്വഭാവമില്ല. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കസ്തൂരിരംഗന്‍ തയ്യാറാകുന്നില്ല. ഇവിടെ നിയമവും നീതിയും സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നതായും മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.
പ്രൊഫ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വികസന വിരുദ്ധമാണെന്ന് ആരോപിക്കുന്നവര്‍ വികസനം എന്തെന്ന് വിശദീകരിക്കണമെന്ന് ചര്‍ച്ചാപരിപാടി ഉദ്ഘാടനം ചെയ്ത കണ്ടനാട് ഭദ്രാസനം മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് ആവശ്യപ്പെട്ടു. വികസനത്തെക്കുറിച്ച് പഠിക്കാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കാര്യങ്ങള്‍ ഗ്രഹിക്കാതെ മതനേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടരുത്. മതങ്ങള്‍ ഭൂമിയെ ആരാധനാ മനോഭാവത്തോടെയാണ് കാണുന്നത്. അതിനെ ചൂഷണം ചെയ്യുന്നതിനെതിരെ മതനേതാക്കള്‍ നിലപാട് വ്യക്തമാക്കണം. ചൂഷണം അവസാനിപ്പിച്ച് ബദല്‍ സാദ്ധ്യതകള്‍ ആരായണം. സമൂഹത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്ന കാര്യം മതനേതാക്കള്‍ വിസ്മരിക്കരുത്. രാഷ്ട്രീയ നേതാക്കളുടെ ചൂഷണത്തിന് മതനേതാക്കള്‍ വിധേയരാകാന്‍ പാടില്ല. ഇന്നത്തെ സാഹചര്യത്തില്‍ പുതിയ ചിന്തയ്ക്ക് വഴിയൊരുക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സഹായകമായിത്തീരുമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓരോരുത്തരും സ്വയം തയ്യാറെടുക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച തപസ്യ സംസ്ഥാനപ്രസിഡന്റും കവിയുമായ എസ്. രമേശന് നായര്‍ ആഹ്വാനം ചെയ്തു. സ്വന്തം മക്കളാല്‍ തെരുവിലേക്ക് മാതാപിതാക്കളെ വലിച്ചെറിയുന്ന സാഹചര്യമാണ് സമൂഹത്തില്‍ നിലവിലുള്ളത്. വികസനം അവനവനെത്തന്നെ സംഹരിച്ചുകൊണ്ടാകരുത്. പ്രകൃതിയെ കൊന്നൊടുക്കിക്കൊണ്ടുള്ള വികസനം അപകടകരമാണ്. പ്രകൃതി നിയമങ്ങള്‍ക്ക് മേലേ പറന്ന് നടക്കുന്ന പൊങ്ങച്ച സംസ്കാരത്തിന് പിന്നാലെയാണ് ഇന്നെല്ലാവരും. സത്യത്തെ തിരിച്ചറിയാനുള്ള ആര്‍ജ്ജവമാണ് ജനങ്ങള്‍ക്ക് ഉണ്ടാകേണ്ടതെന്ന് രമേശന്‍നായര്‍ ഓര്‍മ്മിപ്പിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഷാജു തോമസ്, ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന് പ്രസിഡന്റ് എം.വി. ബേബി, കെ.എസ്. അജി എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. പി.ജി. ഹരിദാസ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: