കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ഇന്ന് രണ്ടുപേര്‍ കൂടി കൂറുമാറി. 67, 65 സാക്ഷികളാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 36 ആയി.
നേരത്തെ ടിപി വധക്കേസില്‍ പകുതിയിലേറെ പേര് കൂറു മാറിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 67ാം സാക്ഷി എം നവീന്‍, 65ാം സാക്ഷി വിജിത്ത് എന്നിവരാണ് ഇന്ന് കൂറുമാറിയത്.
ഇതിനിടെ കൂറുമാറ്റ സാധ്യത കണക്കിലെടുത്ത് നാല് സാക്ഷികളുടെ വിസ്താരം ഒഴിവാക്കി. ഒളിവില്‍ കഴിയുന്ന സമയത്ത് പി. കെ. കുഞ്ഞനന്തന് എസ്എഫ്ഐ നേതാവ് സരിന് ശശിയോടൊപ്പം മാടായി ഏരിയ കമ്മിറ്റി ഓഫിസില്‍ വന്നുവെന്നായിരുന്നു നവീന്‍ നേരത്തെ മൊഴി നല്‍കിയത്.
ഈ മൊഴിയാണ് കോടതിയില്‍ ഇന്ന് നവീന്‍ തിരുത്തിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ നവീന്‍ കൂറുമാറിയതോടെ കേസില്‍ സരിന് ശശിക്കെതിരെയുള്ള തെളിവുകളാണ് ഇല്ലാതായത്.
സാക്ഷികള്‍ കൂറുമാറുന്നത് പോലീസിന്റെ പിടിപ്പുകേടാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് പോലീസ് ട്രെയിനിയുടെ കറുമാറ്റം. ഇത് പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
സംസ്ഥാന പൊലീസിന്റെ പിടിപ്പുകേട് കൊണ്ടാണ് ടി.പി.ചന്ദ്രശേഖരന് വധകേസില്‍ സാക്ഷികള്‍ കൂറുമാറുന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചിരുന്നു.
എന്നാല്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മുല്ലപ്പള്ളി കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് അഭിപ്രായം പറയുന്നതെന്നായിരുന്നു ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: