കാരക്കാസ്: വെനിസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ നിക്കൊളാസ് 50.66 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. നേരിയ ഭൂരിപക്ഷത്തിനാണ് മദുരോയുടെ വിജയം. എതിരാളിയായ കാപ്രിലസ് 49.07 ശതമാനം വോട്ടുകള്‍ നേടി. അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ചികിത്സയിലായ നാള് മുതല്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായിരുന്നു മഡുറോ.
ഷാവേസ് ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കായി ക്യൂബയിലേക്ക് പോകുന്നതിനു മുന്‍പ് രാഷ്ട്രീയ ജീവിതത്തിലെ സഹയാത്രികനായ നിക്കോളാസ് മഡുറോയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. ഷാവേസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മഡുറോ ആദ്യകാലത്ത് ബസ് ഡ്രൈവറായിരുന്നു. കാരക്കാസിലെ ബസ്െ്രെഡവര്മാരുടെ യൂണിയന് നേതാവായാണ് മഡുറോ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
പലസ്തീന് പ്രശ്നം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിലെ വെനിസ്വലേയുടെ നിലപാട് വ്യക്തമായി ലോകത്തിനു മുന്പില് അവതരിപ്പിക്കാന്‍ കഴിഞ്ഞ മദുരോ ഇതിനകം ഒരു നേതാവെന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഷാവേസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു നേതൃത്വം നല്‍കിയും സര്‍ക്കാരിന്റെ വക്താവായും മഡുറോ ആത്മാര്‍ത്ഥതയും വിശ്വസ്തതയും തെളിയിച്ചിട്ടുണ്ട്.
ഷാവേസിന്റെ സോഷ്യലിസ്റ്റ് നയങ്ങള്‍ തുടരുമന്ന വാഗ്ദാനമാണ് മഡുറോ ജനങ്ങള്‍ക്കു നല്‍കിയത്. ഷാവേസ് തരംഗം പ്രതിഫലിക്കുമെന്ന് പ്രവചിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ കാപ്രിലസ് മഡുറോയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി.
ഞായറാഴ്ചയാണ് വെനിസ്വേലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 19 ദശലക്ഷം പേര് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു. തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനു വിവിധ രാജ്യങ്ങളില്‍ നിന്നും ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നുമായി നൂറു കണക്കിനു തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എത്തിയിരുന്നു.
കാരക്കാസിലെ കാഷിയയിലെ പോളിങ് ബൂത്തിലാണ് മദുരോ വോട്ടു ചെയ്തത്. കാപ്രിലസ് ലാസ് മെസിഡസില് വോട്ടു രേഖപ്പെടുത്തി. കനത്ത സുരക്ഷ സന്നാഹത്തിനു നടുവിലായിരുന്നു തെരഞ്ഞെടുപ്പ്.
1992ല്‍ അട്ടിമറിശ്രമത്തിനിടെ ഷാവേസ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന മഡുറോ 2005ല്‍ സ്പീക്കറായും 2006ല്‍ വിദേശകാര്യമന്ത്രിയായും 2012ല്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ആ കാലഘട്ടത്തില്‍ ചൈനയും റഷ്യയുമടക്കമുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം അമേരിക്കന്‍ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: