പാലക്കാട്: മലബാര്‍ദേവസ്വം ബോര്‍ഡിലെ അഴിമതിക്കെതിരെ നിരന്തരപരാതികള് ഉയര്‍ന്നിട്ടും ചില ഉദ്യോഗസ്ഥരെ രക്ഷിക്കുവാന്‍ വേണ്ടി ഉന്നതര്‍ കണ്ണടയ്ക്കുന്നതായി ആരോപണം.
അസി. കമ്മീഷണര്‍മാര്‍, ജൂണിയര്‍ സൂപ്രണ്ടുമാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേടും വിജിലന്‍സ് അന്വേഷണവും ഉണ്ടായിട്ടും ചില മേലുദ്യോഗസ്ഥരുടെ ഒത്താശയുള്ളതിനാലാണ് ഇവര്‍ ഇന്നും തല്‍സ്ഥാനങ്ങളില്‍ തുടരുന്നത്.
94-ല്‍ കാച്ചാംകുറിശി ക്ഷേത്രത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥന്റെ കസ്റ്റയിലാണ് ഇന്നും തിരുവാഭരണം സംബന്ധിച്ച കണക്കുള്ളത്. ഇവിടെ 15 വര്‍ഷത്തോളമായി ഫിറ്റ്പേഴ്സണന് ആയിരുന്ന ആളും ഈ ഉദ്യോഗസ്ഥനും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളാണ് ക്ഷേത്രത്തിലെ അഴിമതിക്ക് തുടക്കം കുറിച്ചത്. ക്ഷേത്രത്തിന് കീഴിലുള്ള സ്കൂളിലെ നിയമനത്തെ സംബന്ധിച്ച് ഇന്നും വ്യക്തമായ രേഖകളില്ലെന്നാണ് സൂചന. ഇതിനിടെ 125 കിലോമീറ്റര്‍ അകലെയുള്ള ഒരു ഉദ്യോഗസ്ഥനെ എക്സിക്യൂട്ടീവ് ഓഫീസറാക്കുവാനാണ് ജൂണിയര്‍ സൂപ്രണ്ടിന്റെ ശ്രമം.
ഫിറ്റ് പേഴ്സണെതിരെ പരാതിയുയര്‍ന്നപ്പോള്‍ അന്നത്തെ കമ്മീഷണറായ കെ. രവികുമാര്‍ ഇടപെടുകയും വിശദമായ അന്വേഷണം നടത്തുകയും അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് പുതുതായി നിയമിച്ച ഫിറ്റ് പേഴ്സണെതിരെ പലതരത്തിലുള്ള കഥകള്‍ ചമയ്ക്കുകയും അദ്ദേഹത്തെ രാജിവയ്പ്പിക്കുകയും ചെയ്തു.
പിന്നീട് ഈ സ്ഥാനം നേടിയെടുക്കാനാണ് ജൂണിയര്‍ സൂപ്രണ്ട് ശ്രമിച്ചത്. പിന്നില്‍നിന്ന് ഭരണ യന്ത്രം തിരിക്കുവാനാണ് ഇദ്ദേഹത്തിന്റെ തീവ്രശ്രമം.
ചെര്‍പ്പുളശ്ശേരിയിലെ ഒരു പ്രധാന ക്ഷേത്രത്തില്‍ അഭിഷേകം ചെയ്യുന്നവെള്ളം അശുദ്ധിയുണ്ടെന്ന് ദൈവജ്ഞര്‍ പറഞ്ഞിട്ടുപോലും ബദല്‍ സംവിധാനം കണ്ടെത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല ഊട്ടുപുര, ധ്വജപ്രതിഷ്ഠ എന്നിവ ജീര്‍ണാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടും നടപടിയും ഉണ്ടായിട്ടില്ല.
ദേവസ്വംബോര്‍ഡിന് ഒരു രൂപപോലും ചെലവില്ലാതെ നടത്തുന്ന അഞ്ചുകോടിരൂപയുടെ ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ശോചനീയാവസ്ഥ ഇപ്പോഴത്തെ കമ്മീഷണര്‍ നേരിട്ടു കണ്ടിട്ടും കമ്മിറ്റിക്കുപോലും അംഗീകാരം നല്‍കിയിട്ടില്ല.
മുളയങ്കാവ് ഭഗവതീക്ഷേത്രത്തിലെ കല്യാണമണ്ഡപം, ക്ഷേത്രക്കുളം, കൗണ്ടര്‍, മുഖമണ്ഡപം എന്നിവയുടെ ജീര്‍ണാവസ്ഥയും ഇദ്ദേഹത്തിന് നേരില്‍ ബോധ്യപ്പെട്ടതാണ്. ഇവയുടെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുന്നു.
പാലക്കാട്ടുശേരി രാജവംശത്തിന്റെ കീഴിലായിരുന്ന കല്ലേക്കുളങ്ങര ഏമൂര്‍ഭഗവതി ക്ഷേത്രത്തിലെ അഴിമതിക്കഥകള്‍ തുടര്‍ച്ചയായിട്ടും യാതൊരുനടപടിയും ഇതുവരെ എടുത്തിട്ടില്ല.
നിലവില്‍ ഒരുലക്ഷം രൂപയാണ് ഇവിടുത്തെ ജീവനക്കാര്‍ക്ക് മാസശമ്പളമായി നല്‍കേണ്ടത്. അതിനു തന്നെ കഴിയാതിരിക്കെ ഇടതുഭരണകാലത്ത് ബോര്‍ഡിനെ സ്വാധീനിച്ച് മൂന്നുകോടിരൂപ ചെലവില്‍ കല്യാണമണ്ഡപം നിര്‍മ്മിക്കുവാനുള്ള നീക്കത്തിനു പിന്നിലും ദുരൂഹതയുണ്ട്.
ഇതിനു പിന്നില്‍ ഇടതു സംഘടനാനേതാക്കളാണ് ചരടുവലിക്കുന്നതെന്നും ആക്ഷേപമുണ്ട്.
അസി.കമ്മീഷണര്‍ ഓഫീസര്‍ അടക്കമുള്ളവരുടെ നേരെ അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വടക്കന്തറയിലെ കെട്ടിടസമുച്ചയത്തിന്റെ പണി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം നടക്കുമ്പോള്‍ ഇടതുസംഘടനാ നേതാക്കളുടെ പങ്കും അന്വേഷണ വിധേയമാക്കമെന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു.
കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും സജീവഇടതുപക്ഷപ്രവര്ത്തകരാണ്. ഗ്രീന്‍ചാനല്‍വഴി പഴയ കമ്മീഷണര്‍ ഇതിന് അനുവാദം നല്‍കുകയുമായിരുന്നു.
ബോര്‍ഡിലെ അഴിമതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും നിരവധിപേരെ സസ്പെന്റു ചെയ്യുകയും ചെയ്ത ഇടതുപക്ഷക്കാരനായ കെ.രവികുമാറിനെ യുഡിഎഫില്‍ സ്വാധീനം ചെലുത്തി തസ്തികമാറ്റുകയായിരുന്നു.
അഴിമതിയുടെ കൂമ്പാരം ഇത്തരത്തില്‍ നീളുകയാണെങ്കില്‍ ക്ഷേത്രഭരണം പഴയട്രസ്റ്റിമാരെ എല്പിക്കയായിരിക്കും ഉത്തമമെന്നും അല്ലെങ്കില്‍ മലബാര്ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ അന്യംനിന്നുപോകുമെന്നും ഭക്തജനങ്ങള്‍ ഭയപ്പെടുന്നു.
മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ അയച്ചിട്ടും ഫലമുണ്ടായിട്ടില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: