തൃശൂര്‍: ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് വനം-വന്യജീവി വകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച് തൃശൂര്‍ പൂരം സംഘാടകര്‍ ആശങ്കയില്‍. നിലവിലെ നിയമം അനുസരിച്ച് പൂരം നടത്താനാകാത്ത സ്ഥിതിവിശേഷമാണ്. ലോകമറിയുന്ന പൂരം പ്രതിസന്ധിയിലാകാതെ പരിഹരിക്കണമെന്ന് ദേവസ്വം ഭാരവാഹികള്‍ ഇതിനോടകം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എഴുന്നെള്ളിപ്പ് സംബന്ധിച്ച ചില നിബന്ധനകള്‍ നിലവിലുണ്ടെങ്കിലും അസാധ്യമായ പുതിയ നിബന്ധനകള്‍ ചേര്‍ത്താണ് പുതിയ ഉത്തരവ്. നേരത്തെ ഉണ്ടായ ഉത്തരവിന്മേല് നാലു വര്‍ഷം മുമ്പ് ഹൈക്കോടതിയില്‍നിന്നും അനുകൂല ഉത്തരവ് പൂരം സംഘാടകര്‍ സംഘടിപ്പിച്ചിരുന്നു. ഹൈക്കോടതിയുടെ കൂടി നിര്‍ദ്ദേശങ്ങള്‍ അതനുസരിച്ചുള്ള ക്രമീകരണങ്ങളോടെയാണ് നാലുവര്‍ഷമായി പൂരം നടത്തുന്നത്. പുതിയ നിബന്ധന അനുസരിച്ച് ഉച്ചയ്ക്ക് 11 മുതല്‍ 3.30 വരെ ആനകളെ എഴുന്നെള്ളിക്കാനായില്ല. നിലവിലുള്ള സമ്പ്രദായമനുസരിച്ച് ഇത് അസാധ്യമാണ്. തിരുവമ്പാടിയുടെ മഠത്തില്‍നിന്നുള്ള വരവും പാറമേക്കാവ് നടയിലെ പൂരം നിരക്കലും നട്ടുച്ചയ്ക്കാണ് തുടങ്ങുന്നത്.
ഒരു ദിവസം ആറ് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നെള്ളിപ്പിക്കാന്‍ പാടില്ല, ആവശ്യമെങ്കില്‍ നാലുമണിക്കൂര്‍ വീതം രണ്ട് തവണയായി എഴുന്നെള്ളിക്കാം. രാത്രി എഴുന്നള്ളിച്ച ആനയെ പകല്‍ എഴുന്നെള്ളിക്കരുത്. മൂന്ന് ആനകളില്‍ കൂടുതല്‍ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കരുത് തുടങ്ങിയവയാണ് പുതിയ ഉത്തരവിലെ നിബന്ധനകള്‍. ഇതില്‍ മൂന്ന് ആനകളില്‍ കൂടുതല്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന നിബന്ധന പുതിയതാണ്. ഇതൊന്നുംതന്നെ പാലിച്ച് പൂരം നടത്താനാകില്ല. ഉച്ചയ്ക്കെഴുന്നെള്ളിക്കുന്ന ആനകളെ രാത്രി കുടമാറ്റത്തിനുശേഷമാണ് തിരിച്ചുകൊണ്ടുപോകുക. വേണ്ടത്ര ആനകളെ ഇരുദേവസ്വങ്ങളും ഏര്പ്പാടാക്കുന്നുണ്ടെങ്കിലും പൂരത്തിനിടയില്‍ ആനകളെ മാറ്റുക പ്രായോഗികമല്ലെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാനകളില്‍ കൂടുതല്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന നിബന്ധന ഒട്ടും സ്വീകാര്യമല്ല. തൃശൂര്‍പൂരത്തിന് മുഴുവന്‍ ആനകളും വടക്കുംനാഥന് ക്ഷേത്രത്തില്‍ കയറിയാണ് പോകുക. ഉത്തരവനുസരിച്ചാല് എലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും നടത്താനാകില്ല.
പൂരങ്ങള്‍ക്ക് എതിരെ ചില ഗൂഢാലോചനകള്‍ നടക്കുന്നതിന്റെ ഭാഗമാണ് പൂരം നടത്തിപ്പ് തന്നെ അസാധ്യമാക്കുന്ന ഇത്തരം ഉത്തരവുകളെന്നാണ് പൂരം സംഘാടകരുടെ ആക്ഷേപം. ഉത്തരവ് ഒഴിവാക്കി പൂരം നടത്തിപ്പിന് സൗകര്യമൊരുക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. എഴുന്നെള്ളിപ്പിന് മുമ്പും പിമ്പും തീറ്റയും വെള്ളവും നല്‍കണം, ആനകളില്‍നിന്ന് മൂന്നുമീറ്റര്‍ അകലത്തിലേ ജനങ്ങളെ നിറുത്താവൂ, പാപ്പാന്മാര് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം തുടങ്ങി നിര്‍ദ്ദേശങ്ങളും വനം, വന്യജീവി വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവിലുണ്ട്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: