ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ലോകം മുഴുവനും അറിയുന്ന കാര്യമാണ്. പോരാത്തതിന് ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗും ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നു. ‘പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമാകു’മെന്നൊക്കെ പറയുന്നതുപോലെ വളരെ നിസ്സാരമായി
ഇക്കാര്യം പ്രധാനമന്ത്രി വരെ അംഗീകരിക്കുകയാണെന്ന് തോന്നും. രാജ്യതലസ്ഥാനത്തെ മാനഭംഗശ്രമങ്ങളുടെ കണക്കു കൂടി പ്രധാനമന്ത്രി പറഞ്ഞിരുന്നെങ്കില്‍ ജര്‍മ്മന്‍കാര്‍ നമ്മെ തലകുലുക്കി സമ്മതിച്ചേനെ.
കണക്കുകള്‍ ദാ ഇങ്ങനെയാണ്- കഴിഞ്ഞ ഒറ്റവര്‍ഷത്തിനിടയില്‍ മാനഭംഗത്തിന് ഇരകളായത് 79 % പേര്. 18 മുതല്‍ 25 വരെ വയസ്സുള്ള ദല്‍ഹിയിലെ നൂറ് യുവകോമളന്മാരെയെടുത്താല് 92 പേരും പൊതുവഴിയില്‍ പെണ്‍കുട്ടികളെ കമന്റടിക്കുന്നതില്‍ വിരുതന്മാരാണെന്ന് എം.എ.ആര്.എസ് എന്ന സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലെന്താ ഇത്ര കാര്യം ശരീരത്തില്‍ തൊടാതെയുള്ള എന്റര്‍ടൈന്‍മെന്റല്ലേ ഈ കമന്റടിയെന്നായിരുന്നു 52 ശതമാനം പേര് കമന്റടിയെ കുറിച്ച് കമന്റ ചെയ്തത്.
146 പുരുഷന്മാരെയും 356 സ്ത്രീകളെയും കേന്ദ്രീകരിച്ചായിരുന്നു ഏജന്‍സിയുടെ അന്വേഷണം. പുരുഷന്മാരുടെ ചിന്താഗതി മെച്ചപ്പെടുത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന അഭിപ്രായമാണ് സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാര് മുന്നോട്ട് വച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാരുടെ മനോഭാവം മാറുമെന്ന പ്രതീക്ഷ തങ്ങള്ക്കില്ലേയില്ലെന്ന് സ്ത്രീകള്‍ പ്രതികരിച്ചു.
ക്രൂരമായ മാനഭംഗങ്ങളെക്കുറിച്ച് പക്ഷേ ശക്തമായ അഭിപ്രായങ്ങളാണ് സര്‍വ്വേയില്‍ ഉയര്‍ന്നത്. അതിവേഗ കോടതി സ്ഥാപിച്ച് മാനഭംഗക്കേസുകളില്‍ ഉടന്‍ തീര്‍പ്പു കല്‍പ്പിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഭൂരിഭാഗം പറഞ്ഞപ്പോള്‍ മാനഭംഗത്തിനു ഇടംകൊടുക്കാത്ത കടുത്ത നിയമങ്ങള്‍ ആവിഷ്കരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. 661 മാനഭംഗക്കേസുകളാണ് 2012 ഡിസംബര്‍ 15ന് മുമ്പു വരെ ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പീഡനക്കാര്യങ്ങളില് സര്‍വ്വേയും ചര്‍ച്ചയും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഇത് തടയാനുള്ള ശ്രമങ്ങള്‍ മാത്രം വിജയിക്കുന്നില്ല എന്നാണ് പൊതുവേയുള്ള പരാതി. നിയമങ്ങളെയും ശിക്ഷയേയും പേടിയില്ലാതെ മാനഭംഗശ്രമങ്ങളുടെ എണ്ണം കുത്തനെ ഉയരുമ്പോള്‍ അധികൃതരും ഇപ്പോള്‍ നിശബ്ദരാകുകയാണ്. ഇതിനിടെ ‘പെണ്‍കുട്ടികള്‍ കറങ്ങി നടക്കാതെ നേരിട്ട് വീട്ടിലെത്തണ’മെന്ന പൊലീസിന്റെ ഉപദേശം വിവാദമായതോടെ ആഭ്യന്തരമന്ത്രാലയം അത് പിന്‍വലിച്ചു.
ഡിസംബര്‍ 16നുണ്ടായ കൂട്ടമാനഭംഗക്കേസിന് ശേഷം ദല്‍ഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലും മതിലുകളിലും ഹെല്പ്പ്ലൈന് നമ്പര്‍ പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ വിളിച്ചാലും ഈ നമ്പര്‍ തിരിക്കിലായിരിക്കുമെന്നാണ് വ്യാപകമായി ഉയരുന്ന പരാതി. മുഴുവന്‍ സമയവും ഒരു ഫോണ്‍ തിരക്കിലാകാന്‍ മാത്രം പരാതിക്കാര്‍ ദല്ഹിയിലുണ്ടെന്നാണോ ഇതിന് അര്‍ത്ഥം എന്നു സംശയിക്കുകയാണ് ഡല്ഹിക്കാര് പലരും.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: