മമത ബാനര്‍ജി
യുപിഎ സര്‍ക്കാരിനെ എന്നും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള വനിതാനേതാവാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. സ്വന്തം മന്ത്രിസഭയില്‍ ഒരാളെ പരസ്യമായി ആക്രമിച്ചതിനെതിരെ ശക്തമായി പ്രതികരിച്ചാണ് മമത ഈയാഴ്ച മാധ്യമശ്രദ്ധ നേടിയ വനിതയായത്.
ബംഗാള്‍ ധനമന്ത്രി അമിത് മിത്രയെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തിയ മമത ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും നിശിതമായി വിമര്‍ശിച്ചു. പശ്ചിമബംഗാളിന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ മമതയുടെ കോപത്തിന് ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ ഉള്‍പ്പെടെയുള്ളവര്‍ പാത്രീഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുമായും ആലുവാലിയുമായും മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി ദല്‍ഹി സുരക്ഷിതമല്ലെന്ന് യുപിഎ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് മമത കൊല്‍ക്കത്തക്ക് മടങ്ങുകയും ചെയ്തു. ഒടുവില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുകയും മമതയോട് ക്ഷമ പറയുകയും ചെയ്യുകയായിരുന്നു. ആരെയും കൂസാത്ത നിലപാടുകളുമായി വാര്‍ത്ത സൃഷ്ടിക്കുന്ന മമത ഇക്കുറിയും അത് ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: