നമ്മുടെ ബുദ്ധിപരമായ സമ്മതത്തെയോ വിസമ്മതത്തെയോ ആശ്രയിക്കുന്നതല്ല മതം. ആത്മാവുണ്ടെന്ന് നിങ്ങള്‍ പറയുന്നു, നിങ്ങള്‍ കണ്ടിട്ടുണ്ടോ ആത്മാവിനെ? നമുക്കെല്ലാം ആത്മാവുണ്ടായിരുന്നിട്ടും നാം ആത്മാവിനെ കാണാത്തതെന്ത്? ഈ ചോദ്യത്തിന് നിങ്ങള്‍ സമാധാനം പറയുകയും ആത്മാവിനെ കാണാനുള്ള വഴി കണ്ടുപിടിക്കുകയും വേണം. അല്ലെങ്കില്‍ മതത്തെപ്പറ്റി പറയുന്നത് നിഷ്പ്രയോജനം. ഏതെങ്കിലും മതം സത്യമാണെങ്കില്‍, നമുക്ക് ആത്മാവിനെയും ഈശ്വരനെയും നമ്മില്‍ത്തന്നെയുള്ള യാഥാര്‍ത്ഥ്യത്തെയും കാണിച്ചുതരാന്‍ അതിന് കഴിവുണ്ടായിരിക്കണം. നിങ്ങളും ഞാനും ഇവയിലേതെങ്കിലും സിദ്ധാന്തത്തെയോ പ്രമാണപത്രത്തെയോ അധികരിച്ച് അനന്തകാലം യുദ്ധം ചെയ്താലും ഒരിക്കലും നാം ഒരു തീര്പ്പിലെത്തുകയില്ല. ആളുകള്‍ യുഗങ്ങളായി യുദ്ധം ചെയ്യുകയായിരുന്നു. എന്നിട്ടെന്തുണ്ടായി? ബുദ്ധിക്ക് അവിടെയെത്താനേ കഴിവില്ല. നാം ബുദ്ധിയേയും അതിക്രമിക്കേണ്ടിയിരിക്കുന്നു. മതത്തിന്റെ തെളിവ് സാക്ഷാല്‍ പ്രത്യക്ഷത്തിലാണ്. ഈ ഭിത്തിയുണ്ടെന്നുള്ളതിന്റെ തെളിവ് നാം അത് കാണുന്നു എന്നതാണ്. നിങ്ങള്‍ ഒരിടത്തിരുന്ന് അതിന്റെ അസ്തിത്വത്തെയോ നാസ്തകത്വത്തെയോ കുറിച്ചു യുഗങ്ങളായി വാദിച്ചാലും വല്ല തീര്‍പ്പിലുമെത്താനാവില്ല. എന്നാല്‍ നേരില്‍ കാണുക, അതു മതി. ലോകത്തുള്ളവരെല്ലാം ചേര്‍ന്ന് അതവിടെയില്ലെന്ന് പറഞ്ഞാലും, നിങ്ങളവരെ വിശ്വസിക്കില്ല. എന്തെന്നാല്‍ നിങ്ങളുടെ സ്വന്തം കണ്ണുകളുടെ സാക്ഷ്യം ലോകത്തുള്ള സകല സിദ്ധാന്തങ്ങള്‍ക്കും പ്രമാണപത്രങ്ങള്ക്കും മീതെയാണെന്ന് നിങ്ങള്‍ക്കറിയാം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: