ആറന്മുള: മാഫിയകളുടെയും അധോലോക ശക്തികളുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ജില്ലാ ഭരണകൂടത്തിന് നിലനില്‍ക്കാനാവില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടറുടെ സ്ഥലംമാറ്റം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പാണെന്നും ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
ആറന്മുള വിമാനത്താവള കമ്പനിയായ കെ ജി എസ് ഗ്രൂപ്പിന്റെയും ഭൂമാഫിയയുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പത്തനംതിട്ട ജില്ലാ കളക്ടറെ സ്ഥലംമാറ്റിയത്. നിയമസഭയുടെ ഉദ്യോഗസ്ഥ ഗാലറിയില്‍ ആരുടെയും അനുവാദം ഇല്ലാതെ കെ ജി എസ് ഗ്രൂപ്പ് എംഡിയും എക്സിക്യൂട്ടീവ് ഡയറക്ടറും കയറിയിരുന്ന നടപടി നിയമനിര്‍മാണ സഭയോടുള്ള വെല്ലുവിളിയായിരുന്നു. സാധാരണപൗരന് വിവിധതരം പരിശോധനകളിലൂടെ പ്രവേശിക്കാവുന്ന നിയമസഭയ്ക്കുള്ളില്‍ സ്വകാര്യകമ്പനിയുടെ പ്രതിനിധികള്‍ വിഹരിച്ചു എന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. നിയമസഭാ സ്പീക്കര്‍ പരാതി പരിശോധിച്ച് ശക്തമായ നടപടി സ്വീകരിച്ച് പരമോന്നതമായ നിയമ നിര്‍മാണ സഭയുടെ അന്തസ് കാത്തു സൂക്ഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
പമ്പാനദിയും നെല്‍വയലുകളും നീര്‍ത്തടങ്ങളും കുളങ്ങളും കുന്നുകളും സംരക്ഷിച്ച് പത്തനംതിട്ടയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒട്ടേറെ ക്രിയാത്മകമായ നടപടികള്‍ ജില്ലാ കളക്ടര്‍ കൈക്കൊണ്ടുവന്ന സന്ദര്‍ഭത്തിലാണ് പൊടുന്നനെ സര്‍ക്കാര്‍ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃത പാറമടകള്‍ക്കും ഖാനനത്തിനുമെതിരെ കളക്ടര്‍ സ്വീകരിച്ച നടപടികള്‍ പല രാഷ്ട്രീയനേതാക്കളെയും അലോസരപ്പെടുത്തി. പരിസ്ഥിതിപ്രേമികളുടെ ധനസ്രോതസ്സിനെപ്പറ്റി അന്വേഷിക്കണമെന്ന പ്രസ്താവന ഭൂമാഫിയകള്‍ക്ക് ശക്തിപകരുകയും സര്‍ക്കാരില്‍ അവരുടെ സ്വാധീനം തെളിയിച്ച് കളക്ടറെ സ്ഥലം മാറ്റുകയും ചെയ്തിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ തയ്യാറാകണം.
ആറന്മുള എംഎല്‍എ, പത്തനംതിട്ട എംപി, റവന്യൂമന്ത്രി തുടങ്ങിയവരാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. അവര്‍ക്ക് അഹിതകരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കസേരയില്‍ ഇരിക്കാനാകില്ല എന്ന സന്ദേശമാണ് കളക്ടറുടെ സ്ഥലം മാറ്റത്തിലൂടെ നല്‍കുന്നതെന്ന് കുമ്മനം രാജശേഖരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: