കൊട്ടാരക്കര: കേരള തിയോളജിക്കല്‍ സെമിനാരിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര പുലമണിലെ അനാഥാലയത്തില്‍ താമസിപ്പിച്ചിരുന്ന ഒമ്പത് അന്യസംസ്ഥാന കുട്ടികളെ പോലീസ് എത്തി രക്ഷപെടുത്തി. ഇവരെ കൊല്ലത്തെ ചെയില്‍ഡ് വെല്‍ഫെയര്‍ റെസ്ക്യൂഹോമിലേക്ക് മാറ്റി. സിഐ വിജയകുമാറിന് ലഭിച്ച ഇ-മെയില്‍ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസ് റെയ്ഡ്. ഇന്നലെ വൈകിട്ട് 3.15ന് പുലമണ്‍ പെന്തക്കോസ്ത് ആസ്ഥാനത്തിനു സമീപമുള്ള അഗാപ് കീയര്‍ സെന്റര്‍ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തില്‍ പോലീസ് എത്തുമ്പോള്‍ ഒമ്പത് കുട്ടികളും ഒരു മുറിയില്‍ ഇരിക്കുകയായിരുന്നു. ഇവരെ സംരക്ഷിക്കുവാന്‍ ആളുണ്ടായിരുന്നില്ല.
കുട്ടികളോട് തിരക്കിയപ്പോള്‍ ഒറീസ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തങ്ങളെന്നും ഇവിടെയെത്തിയിട്ട് അഞ്ചുവര്‍ഷം വരെയായവര്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു. ആഹാരമോ മറ്റ് സൗകര്യമോ ഇവര്‍ക്ക് ഇവിടെ ലഭ്യമായിരുന്നില്ല. ആറുവയസ് മുതല്‍ 16 വരെ പ്രായമുള്ളവരാണ് ഇവരില്‍ പലരും. തങ്ങളുടെ കൂടെ 25 പേര് മൊത്തം ഉണ്ടായിരുന്നതായും ബാക്കിയുള്ളവരെ വെക്കേഷനു ശേഷം കാണാനില്ലെന്നും ഇവര്‍ പറഞ്ഞു. വിദ്യാഭ്യാസം ചെയ്യിക്കാനെന്ന പേരില്‍ തങ്ങളെ ഇവിടെയെത്തിക്കുകയായിരുന്നുവെന്നും സ്കൂളുകളില്‍ പോകുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
നെടുവത്തൂര്‍ കിള്ളൂര്‍ ആനയം പ്ലാവിള വീട്ടില്‍ കുഞ്ഞപ്പന് ഗീവര്‍ഗീസ് എന്ന അമേരിക്കയില്‍ ഉള്ള പാസ്റ്ററാണ് ഇവരെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. കുട്ടികള്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നും മറ്റുള്ള കുട്ടികളെ എവിടേക്കാണ് കടത്തിയത്, മനുഷ്യക്കടത്താണോ മതപരിവര്‍ത്തനം ആണോ ഉദ്ദേശ്യമെന്നും തുടങ്ങി നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. അംഗീകാരമില്ലാതെ അനാഥാലയം നടത്തിയതിനാലാണ് പോലീസ് ഇപ്പോള്‍ റെയ്ഡ് നടത്തിയിരിക്കുന്നത്. ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുന്‍പാകെ കുട്ടികളെ ഹാജരാക്കുമ്പോള്‍ നല്കുന്ന മൊഴികൂടി കണക്കിലെടുത്ത് മാത്രമേ ഏത് വകുപ്പ്പ്രകാരം കേസെടുക്കണം എന്ന് തീരുമാനിക്കു എന്ന് സിഐ വിജയകുമാര്‍, അഡീഷണല്‍ എസ്ഐ വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: