തിരുവനന്തപുരം: പിഎസ്സി നടത്തുന്ന പരീക്ഷകളിലെ ചോദ്യങ്ങളിലും ഉത്തരസൂചികകളിലും വരുന്ന തെറ്റുകളുടെ ഉത്തരവാദിത്വം പബ്ലിക് സര്‍വീസ് കമ്മിഷനല്ലെന്ന് ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന്. ഇതു സംബന്ധച്ച് പരീക്ഷാര്‍ത്ഥികളിലും പൊതുജനങ്ങളിലും തെറ്റിദ്ധാരണയുണ്ട്. ചോദ്യക്കടലാസുകള്‍ തയാറാക്കുന്ന വിദഗ്ധപാനല്‍ രൂപീകരിക്കുക മാത്രമാണ് ചെയര്മാന് ചെയ്യുന്നത്.
ചോദ്യകര്‍ത്താവ് തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ആദ്യം കാണുന്നത് പരീക്ഷാര്‍ഥിയാണ്. പരീക്ഷ കഴിയാതെ പിഎസ്സിയിലെ ആരും തന്നെ ചോദ്യം കാണുന്നില്ല. അതിനാല്‍ ചോദ്യങ്ങളിലും ഉത്തരസൂചികകളിലും തെറ്റുപറ്റുന്നെങ്കില് അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ചോദ്യക്കടലാസ് തയ്യാറാക്കുന്ന വിദഗ്ധര്ക്കാണെന്നും ചെയര്മാന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ മേഖലയിലുള്ള കോളേജുകളിലും സ്കൂളുകളിലും വര്‍ഷങ്ങളുടെ അനുവഭജ്ഞാനമുള്ള അധ്യാപകരെയാണ് പാനലില്‍ ഉള്‍പ്പെടുത്തുന്നത്. ഇവരുടെ അഭാവത്തില്‍ മാത്രമാണ് എയ്ഡഡ് മേഖലയിലെ അധ്യാപകരെ ഉള്‍പ്പെടുത്തുന്നത്. തയ്യാറാക്കുന്ന ചോദ്യങ്ങള്‍ അധ്യാപകര്‍ തന്നെ മുദ്രവച്ച് കവറിലാക്കി പരീക്ഷാ കണ്‍ട്രോളര്‍ക്ക് അയയക്കുകയാണ് ചെയ്യുക. ഇത്തരത്തിലുള്ള മുദ്രവച്ച കവറുകളിലൊന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത് പിഎസ്സി സെക്രട്ടറിയാണ്. തെരഞ്ഞെടുക്കുന്ന കവര്‍ മറ്റൊരു കവറിലാക്കി മുദ്രവച്ചു സെക്യൂരിറ്റി പ്രസിലേക്ക് അയക്കുന്നു. അവിടെ അച്ചടി പൂര്‍ത്തിയായ ബുക്ക്ലെറ്റുകള് പിഎസ്സിയിലേക്ക് അയച്ചുതരുന്നു. ഇതു പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. പരീക്ഷയ്ക്കുശേഷം തൊട്ടടുത്ത ദിവസം തന്നെ വിദഗ്ധര്‍ നല്കിയ ഉത്തര സൂചിക പ്രസിദ്ധീകരിക്കുന്നു. ഇതിന്മേലുള്ള ആക്ഷേപം സൂക്ഷമ പരിശോധന നടത്തി തെറ്റുള്ളവ നീക്കി മൂല്യനിര്‍ണയം നടത്തുകയാണ് ചെയ്യുന്നതെന്നും ചെയര്മാന് പറഞ്ഞു.
അസിസ്റ്റന്റ് ഗ്രേഡ് റാങ്ക് പട്ടികയുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ ചെയര്മാന് തള്ളി. പട്ടിക പ്രസിദ്ധീകരിക്കുന്നതിനു അനാവശ്യ തിടുക്കം കാട്ടിയിട്ടില്ല. പരീക്ഷ നടത്തി സമയബന്ധിതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. 99.94 ശതമാനം ഉദ്യോഗാര്‍ഥികളും നിശ്ചിത സമയത്ത് തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി. ക്രിമിലെയര്‍ സര്‍ട്ടിഫിക്കെറ്റ് വാങ്ങാന്‍ സമയം അനുവദിച്ചില്ലെന്ന പരാതിയും ശരിയല്ല. ക്രീമിലെയര്‍ സര്ട്ടിഫിക്കെറ്റിന് ആറുമാസം കാലാവധി ഉണ്ടെന്നിരിക്കെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഘട്ടത്തില്‍ തന്നെ ഇവര്‍ക്ക് സര്‍ട്ടിഫിക്കെറ്റ് വാങ്ങാമായിരുന്നു.
വെറും 0.06സതമാനത്തിനു വേണ്ടി മാത്രം നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് നീതിയല്ലെന്നും ചെയര്മാന് പറഞ്ഞു. കഴിഞ്ഞ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 30 ലക്ഷം പേരാണ് പിഎസ്സി പരീക്ഷ എഴുതിയത്. 214 ദിവസവും പരീക്ഷകള്‍ നടന്നു. ആകെയുള്ള 1600 ജീവനക്കാരെ ഉപയോഗിച്ചാണ് ഇവയെല്ലാം ഭംഗിയായി നടത്തിയതെന്നും ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് വ്യക്തമാക്കി. കമ്മിഷന് സെക്രട്ടറി പി.സി.ബിനോയ്, പരീക്ഷാ കണ്ട്രോളര് മേരിക്കുട്ടി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: