കൊച്ചി: സ്റ്റാര്‍ട്ടപ് കമ്പനിയായ അമിഡ് റേ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ബ്ലോക്കൗട്ട് ട്രാഫിക് എന്ന പേരില്‍ ഇന്ത്യയിലെതന്നെ ആദ്യത്തെ കമ്യൂണിറ്റി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. യാത്ര ചെയ്യുന്നവര്‍ക്ക് എളുപ്പത്തിലും സൗജന്യമായും ഉപയോഗിക്കാവുന്ന ട്രാഫിക് മൊബെയില്‍ ആപ്ലിക്കേഷനാണിത്. ഉപയോഗിക്കുന്ന ആളിന്റെ സമീപപ്രദേശത്തെ റോഡുകളും ലൊക്കേഷനുകളിലും ഡിസ്പ്ലേ ചെയ്യുന്ന ആപ്സില്നിന്നും 25 – 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള ട്രാഫിക് ബ്ലോക്കുകള്‍ കൃത്യമായി അറിയാനാകും.
ബ്ലോക്കൗട്ട് ട്രാഫിക് ഉപയോഗിക്കുന്നതുവഴി സമയവും പണവും ഇന്ധനവും ലാഭിക്കാന്‍ കഴിയും. എവിടെയൊക്കെയാണ് ബ്ലോക്കുള്ളതെന്ന് കൃത്യമായി അറിയാന്‍ സാധിക്കുകവഴി മറ്റ് റൂട്ടുകളിലൂടെ യാത്ര തുടരാം. ഓരോ ദിവസത്തെയും യാത്രകള്‍ ട്രാഫിക് അപ്ഡേറ്റിന് അനുസരിച്ച് പ്ലാന്‍ ചെയ്യാനും സാധിക്കും.
ഫോണിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് ബ്ലോക്കൗട്ട് ട്രാഫിക് കൃത്യമായ സ്ഥലം കണ്ടെത്തുന്നത്. ബ്ലോക്കുകള്‍ പോസ്റ്റ് ചെയ്യുന്നതിനും അപ്ഡേറ്റുകള് ലഭിക്കുന്നതിനും ഫോണില്‍ ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരിക്കണം. ഒരു കെട്ടിടത്തിനുള്ളിലായിരിക്കുമ്പോള് ബ്ലോക്ക് പോസ്റ്റ് ചെയ്യാനാവില്ല.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബ്ലോക്കൗട്ട് ട്രാഫിക് ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലാണ് ഇപ്പോള്‍ ബ്ലോക്കൗട്ട് ലഭ്യമാകുന്നത്. വേ്:ഽംംം.മാശറൃമ്യ.രീാ/ എന്ന വെബ്സൈറ്റില്‍നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഐആം സ്റ്റക്ക് എന്ന ബട്ടണ്‍ ഉപയോഗിച്ചാണ് ട്രാഫിക് ബ്ലോക്ക് പോസ്റ്റ് ചെയ്യേണ്ടത്. ബ്ലോക്കിന്റെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്തി ആപ് ലഭ്യമാക്കും. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 50 ശതമാനവും ആന്‍ഡ്രോയ്ഡ് ആയതിനാലാണ് ഈ പ്ലാറ്റ്ഫോമില്‍ ബ്ലോക്കൗട്ട് രൂപപ്പെടുത്തിയതെന്ന് അമിഡ് റേ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ നിഥിന് ബോസ് പറഞ്ഞു. മറ്റ് പ്ലാറ്റ്ഫോമുകളിലും ബ്ലോക്കൗട്ട് പുറത്തിറക്കും. പൊതുജനങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും, രണ്ടാം പതിപ്പില്‍ ഓട്ടോമാറ്റിക്കായി ട്രാഫിക് അപ്ഡേറ്റുകള് ലഭ്യമാക്കുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നും നിഥിന് പറഞ്ഞു.
എ.കെ. പ്രതീക്ഷ (സിഇഒ, ഫൗണ്ടര്‍), ആര്.കെ. റോഹിത് (സിഒഒ, കോ-ഫൗണ്ടര്‍), നിഥിന് ബോസ് (സിടിഒ, കോ-ഫൗണ്ടര്‍), മഹേഷ് മോഹന്‍ (വിപി-എന്‍ജിനീയറിംഗ്) എന്നിവര്‍ ചേര്‍ന്ന് ടെക്നോപാര്‍ക്കിലും സ്റ്റാര്‍ട്ടപ് വില്ലേജിലുമായി രണ്ടുവര്‍ഷം മുമ്പ് രൂപം നല്കിയ കമ്പനിയാണ് അമിഡ് റേ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. സമൂഹത്തിന് പ്രയോജനപ്രദമായ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. അമിഡ് റേയ്ക്ക് ഇപ്പോള്‍ കൊച്ചി, തിരുവനന്തപുരം, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: