തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ആറു മണിക്കൂറെങ്കിലും പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. ജനങ്ങളോടുള്ള പ്രതിബദ്ധത പരിഗണിച്ച് ഇപ്പോള്‍ അത്തരമൊരു നടപടിയിലേക്കു പോകുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ അധികകാലം തുടരാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ടയില്‍ വൈദ്യുതി ഭവന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത് 59.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ കേരളത്തിലെ ജലവൈദ്യുതി ഉത്പാദനം 12 ദശലക്ഷം യൂണിറ്റ് മാത്രമാണ്.
12.40 രൂപയ്ക്കു വാങ്ങുന്ന വൈദ്യുതി 4.65 രൂപയ്ക്കാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വില്‍ക്കുന്നത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതു കാരണം പ്രതിമാസം 200 കോടിയുടെ നഷ്ടമാണുണ്ടാകുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ അര മണിക്കൂര്‍ മാത്രമാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും അതിനും പരാതിയാണെന്നും ആര്യാടന് പറഞ്ഞു. തമിഴ്നാട്ടില്‍ 8 മുതല്‍ 12 വരെ മണിക്കൂറാണ് ലോഡ് ഷെഡ്ഡിങ്.
കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ ഉണ്ടായ കുറവ് നിമിത്തം ഇപ്പോള്‍ കേരളത്തില്‍ പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. താല്‍ച്ചര്‍ നിലയത്തില്‍ നിന്ന് 428 മെഗാവാട്ട് ദിവസേന കിട്ടിയിരുന്നത് ഇപ്പോള്‍ 200 മെഗാവാട്ടായി കുറഞ്ഞു. എന്‍.ടി.പി.സിയുമായുള്ള ഭിന്നത നിമിത്തം കോള്‍ ഇന്ത്യ കല്‍ക്കരി നല്‍കാത്തതാണ് താല്‍ച്ചര്‍ നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്.
വൈദ്യുതി വ്യാപാരികള്‍ മുഖേന 350 മുതല്‍ 400 മെഗാവാട്ട് വരെ കെ.എസ്.ഇ.ബി. ശേഖരിക്കുന്നു. കായംകുളത്തു നിന്ന് 350 മെഗാവാട്ട് കൂടി എടുത്താണ് കെ.എസ്.ഇ.ബി. ആവശ്യകത നിറവേറ്റുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: